കൊവിഡ് ഭീതിക്കിടെ മാർബർഗ് വൈറസ് ഭീഷണി: വൈറസിനെക്കുറിച്ച് നിങ്ങളറിയേണ്ടതെല്ലാം, 88 % മരണസാധ്യത
ലോകത്ത് കോവിഡ് ഭീതിക്കിടെ പശ്ചിമാഫ്രിക്കയിൽ ചൊവ്വാഴ്ചയാണ് എബോളയ്ക്ക് സമാനമായ മാർബർഗ്ഗ് വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ലോകത്ത് കോവിഡ് ഭീതിക്കിടെ ഗെയ്ക്കഡോ പ്രവിശ്യയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച രണ്ട് സാമ്പിളുകളിൽ നിന്നാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണ് മാർബർഗ്ഗ് വൈറസ്. വവ്വാലുകളാണ് 88 ശതമാനത്തോളം മരണ സാധ്യതയുള്ള ഈ വൈറസിന്റെ വാഹകർ. എന്നാൽ വൈറസിനെതിരെ ഫലപ്രദമായ മരുന്നോ വാക്സിനോ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് രോഗത്തെ സംബന്ധിച്ച് ഭീഷണിയുയർത്തുന്നത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ച് കഴിഞ്ഞാൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് എന്ന തോതിലാണ് മാർബർഗ്ഗ് വൈറസിന്റെ വ്യാപനമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ നൽകുന്ന വിവരം. രോഗം ബാധിച്ച വ്യക്തിയുടെ ശരീര ദ്രവങ്ങൾ, രോഗം ബാധിച്ച കോശങ്ങൾ, രക്തം എന്നിവയിൽ നിന്നും രോഗം സ്ഥിരീകരിക്കും. ഗുഹകളിലും ഖനികളിലും കഴിയുന്ന റൌസറ്റസ് വവ്വാലുകളിൽ നിന്നാണ് തുടക്കത്തിൽ ഈ രോഗം മനുഷ്യരിലേക്ക് എത്തുന്നത്.
വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം റൌസറ്റസ് വവ്വാലുകൾ കഴിയുന്ന ഗുഹകളിൽ നിന്നോ ഖനികളിൽ നിന്നോ ആണ് പടരാനുള്ള സാധ്യതയുള്ളത്. വൈറസ് ബാധിച്ചിട്ടുള്ള മനുഷ്യരുടെ ശരീര സ്രവത്തിൽ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പടരുകയും ചെയ്യും.

രോഗലക്ഷണങ്ങൾ ആരംഭിച്ച് 5-10 ദിവസത്തിനുള്ളിൽ തന്നെ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കാൻ തുടങ്ങും. വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന എന്നീ രോഗലക്ഷണങ്ങൾ അനുഭവപ്പെടും. ഉറക്കക്കുറവ്, ഛർദ്ദി, നെഞ്ചുവേദന, തൊണ്ടവേദന, അടിവയറ്റിൽ വേദന, വയറിളക്കം എന്നീ രോഗലക്ഷണങ്ങൾ രോഗം തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ആരംഭിക്കും. മഞ്ഞപ്പിത്തം, പാൻക്രിയാസിൽ നീർക്കെട്ട്, ഭാരക്കുറവ്, കരളിന് പ്രശ്നം, വിവിധ ശരീരാവയവങ്ങൾക്ക് തകരാർ എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് മാർബർഗ് വൈറസ് തീവ്രമാകുന്നതോടെയുണ്ടാകുക. പല രോഗികൾക്കും ഏഴ് ദിവസത്തിനുള്ളിൽ തലച്ചോറിലെ ധമനികൾ പൊട്ടുന്നതടക്കമുള്ള അസുഖങ്ങൾ കണ്ടേക്കാം. പലരിലും ശരീരത്തിൽ രക്തസ്രാവത്തിനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ആദ്യ രോഗലക്ഷണങ്ങൾ പ്രകടമായി എട്ടോ ഒമ്പതോ ദിവസത്തിനുള്ളിൽ മരണം സംഭവിക്കാനും സാധ്യതയുണ്ട്.

പല ആളുകളിലെയും രോഗലക്ഷണങ്ങൾ മലേറിയയ്ക്കും ടൈഫോയിഡിനും സമാനമായിരിക്കാം. അതുകൊണ്ട് തന്നെ രോഗനിർണ്ണയും ബുദ്ധിമുട്ടായാരിക്കും. പിസിആർ ടെസ്റ്റും എലിസ ടെസ്റ്റും ഐജിഎം എലിസ ടെസ്റ്റും രോഗം നിർണ്ണയത്തിന് സഹായിക്കും.

മാർബർഗ് വൈറസിന് ചികിത്സയുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ നൽകുന്ന വിവരം അനുസരിച്ച് ഓക്സിജൻ നിലയും ബ്ലഡ് പ്രഷറും നിലനിർത്തുന്ന ആശുപത്രി തെറാപ്പിയാണ് ഇതിന് ഫലപ്രദമായിട്ടുള്ളത്. രക്തം കട്ടപിടിക്കുന്ന സാഹചര്യങ്ങൾ തടയുന്നതിനുള്ള നടപടികളും ഇതോടൊപ്പം ചെയ്യേണ്ടതുണ്ട്. അതോടൊപ്പം രോഗം ബാധിച്ചയാളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ചികിത്സയും അനിവാര്യമാണ്.

ലോകത്ത് ആദ്യം വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ഗ്വിനിയയിൽ രോഗഭീഷണി നിലനിൽക്കുന്നുണ്ട്. അതേ സമയം ആഗോള തലത്തിൽ മാർബർഗ് വൈറസ് വലിയ തോതിൽ ഭീഷണി ഉയർത്തുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനും കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമായി നടന്നുവരുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്.സിയറലിയോൺ, ലൈബീരിയ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള വനപ്രദേശത്താണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പോസ്റ്റ് മോർട്ടത്തിന് ശേഷം നടത്തിയിട്ടുള്ള പരിശോധനയിൽ എബോള നെഗറ്റീവ് ആയിരുന്നു. എന്നാൽ മാർബർഗ് വൈറസ് സ്ഥിരീകരിക്കുകയായിരുന്നു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേർ നിരീക്ഷണത്തിൽ കഴിഞ്ഞ് വരികയാണ്.

രോഗം ബാധിച്ച പച്ച കുരങ്ങുകളെ ഇറക്കുമതി ചെയ്തതോടെയാണ് ജർമ്മനിയിലും യുഗോസ്ലാവിയയിലും ആദ്യത്തെ മാർബർഗ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 31 രോഗികളിൽ 23% മരണനിരക്കാണ് റിപ്പോർട്ട് ചെയ്തത്. 2005 ൽ അംഗോളയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 252 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 90% പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പീഡിയാട്രിക് വാർഡിലെ മലിനമായ ട്രാൻസ്ഫ്യൂഷൻ ഉപകരണങ്ങളുടെ പുനരുപയോഗത്തിലൂടെയാണ് അന്ന് രോഗം പടർന്നത്. എബോളയെപ്പോലെ, ശവസംസ്കാര ചടങ്ങുകളിലും മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെയും രോഗവ്യാപനം സംഭവിക്കാം.
Recommended Video

2009 ൽ ഉഗാണ്ടയിലെ ഒരു ഗുഹ സന്ദർശിച്ച് മടങ്ങിയെത്തിയ വിനോദസഞ്ചാരികൾക്കിടയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ഫോർബ്സ് റിപ്പോർട്ട് ചെയ്തിരുന്നു. രോഗം ബാധിച്ചവരിൽ ആദ്യത്തേത് ഒരു ഡച്ച് വനിതയായിരുന്നു. വവ്വാലുകളുമായുണ്ടായ സമ്പർക്കത്തിലൂടെയാണ് മരണമടഞ്ഞത്. രണ്ടാമത്തേത് ഉഗാണ്ടയിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം പനി ബാധിച്ച യുവതിയാണ് അസുഖം പിടിപെട്ട് ഗുരുതരാവസ്ഥയിലായത്. തുടക്കത്തിൽ രോഗനിർണയം നടത്തിയിട്ടില്ലെങ്കിലും, ഡച്ച് വനിതയുടെ അസുഖത്തെക്കുറിച്ച് പഠിച്ചതിന് ശേഷം അവരുടെ സാമ്പിളുകൾ ശേഖരിച്ച് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ നിർദേശിക്കുകയായിരുന്നു. ഇരുവരും ഒരേ ഗുഹയിലായിരുന്നു സന്ദർശനം നടത്തിയതെന്ന് തെളിഞ്ഞതോടെയാണ് ഇവർക്കും മാർബർഗ് രോഗം സ്ഥിരീകരിക്കുന്നത്.

ഗിനിയയിൽ എബോളയുടെ രണ്ടാം തരംഗം അവസാനിച്ചെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് രണ്ട് മാസങ്ങൾക്ക് ശേഷമാണ് മാർബർഗ്ഗ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. അംഗോള, കെനിയ, ഉഗാണ്ട, കോംഗോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നേരത്തെ മാർബർഗ് സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്.ഗിനിയയിൽ 2014-2016 കാലഘട്ടത്തിൽ എബോള വൈറസ് ബാധിച്ച് 11,325 പേർ മരിച്ചിരുന്നു.

അപകടകാരിയായ മാർബർഗ് വൈറസിൻ്റെ സാന്നിധ്യം വ്യാപകമായി തടയാനായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഡയറക്ടർ ഡോ. മത്ഷിദിസോ മൊയ്തി നിർദേശിച്ചിട്ടുണ്ട്. ഇപ്പോൾ മാർബർഗ് ബാധയെത്തുടർന്ന് മരിച്ചയാൾ 146 പേരുമായി സമ്പർക്കത്തിലുണ്ടായിരുന്നുവെന്നാണ് ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications