4 സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തി; ഒരു ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടി, തിരഞ്ഞെടുപ്പ് സമ്മാനം
കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് സന്തോഷ വാര്‍ത്ത. നാല് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരപ്പെടുത്താന്‍ റെയില്‍വെ ബോര്‍ഡ് തീരുമാനിച്ചു. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടാനും തീരുമാനം. ദിനേന ആയിരക്കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. എല്ലാം അണ്‍ റിസര്‍വ്ഡ് ട്രെയിനുകളാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം.
തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് മംഗളൂരു ജങ്ഷന്‍ വരെ സര്‍വീസ് നടത്തുന്ന പ്രതിവാര അന്ത്യോദയ എക്‌സ്പ്രസ് സ്ഥിരപ്പെടുത്തി. ആധുനിക സൗകര്യങ്ങളില്‍, സാധാരണ ടിക്കറ്റ് നിരക്കില്‍ കേരളത്തില്‍ ഉടനീളം യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത. 16313 നമ്പറിലുള്ള ട്രെയിന്‍ മാര്‍ച്ച് 16 മുതല്‍ പതിവാക്കി ഉത്തരവിറങ്ങി.

തിങ്കളാഴ്ച തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് വൈകീട്ട് 5.15നാണ് അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുക. ചൊവ്വാഴ്ച രാവിലെ 6.50ന് മംഗളൂരുവിലെത്തും. 16314 എന്ന നമ്പറിലുള്ള മംഗളൂരു ജങ്ഷന്‍-തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് പുറപ്പെടും. ബുധനാഴ്ച രാവിലെ 7.15ന് തിരുവനന്തപുരത്തെത്തും. 16 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളുണ്ട് എന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത.
പാലക്കാട്-കണ്ണൂര്‍ എക്‌സ്പ്രസ് ഇനി മുതല്‍ സ്ഥിരമായി സര്‍വീസ് നടത്തും. നിലവില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ എന്ന നിലയിലാണ് ഓടിയിരുന്നത്. 16611 നമ്പറിലുള്ള ട്രെയിന്‍ പാലക്കാട് ജങ്ഷനില്‍ നിന്ന് കണ്ണൂരിലേക്കാണ് ദിനേന സര്‍വീസ് നടത്തുന്നത്. പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.50ന് പുറപ്പെട്ട് കണ്ണൂരില്‍ വൈകീട്ട് 7.25ന് എത്തിച്ചേരും.
മംഗളൂരു എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടി
മംഗളൂരു സെന്‍ട്രലില്‍ നിനന്് കോഴിക്കോട് വരെ ദിനേന സര്‍വീസ് നടത്തിയിരുന്ന 16610 നമ്പറിലുള്ള എക്‌സ്പ്രസും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കോഴിക്കോട് വരെ മാത്രം സര്‍വീസ് നടത്തിയിരുന്ന ഈ ട്രെയിന്‍ ഇനി പാലക്കാട് വരെ സര്‍വീസ് നടത്തും. 5.15ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടും. 10.10ന് കോഴിക്കോട് എത്തുന്ന ട്രെയിന്‍ 1.05ന് പാലക്കാടെത്തും.
കണ്ണൂരില്‍ നിന്ന് കോഴിക്കോട് വരെ ദിനേന സര്‍വീസ് നടത്തുന്ന 56632 നമ്പറിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എറണാകുളം-കോട്ടയം റൂട്ടിലുള്ള പാസഞ്ചര്‍ ട്രെയിനും സ്ഥിരപ്പെടുത്തി. ഈ ട്രെയിന്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴികെ അഞ്ച് ദിവസമാണ് സര്‍വീസ്. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബിസിനസുകാര്‍ എന്നിവര്‍ക്കെല്ലാം ഇത് നേട്ടമാകും.
മേല്‍പ്പറഞ്ഞ ട്രെയിനുകളെല്ലാം സര്‍വീസ് തുടങ്ങിയിട്ട് മാസങ്ങളായി എങ്കിലും സ്ഥിരപ്പെടുത്തുന്നത് ഇപ്പോഴാണ്. സ്ഥിരപ്പെടുത്തണം എന്ന ആവശ്യം ഏറെ നാളായി എംപിമാരുടെ ഭാഗത്ത് നിന്ന് ശക്തമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ റെയില്‍വെ എടുത്ത തീരുമാനം ഏറെ ആശ്വാസകരമാണ്.












Click it and Unblock the Notifications