കേരളത്തില്‍ പ്രതീക്ഷ രണ്ട്; ഹൊസൂര്‍, ബെംഗളൂരു വേറെ... 50 പുതിയ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് കേന്ദ്രം
രാജ്യത്ത് 50 വിമാനത്താവളങ്ങള്‍ കൂടി വരുന്നു. സമീപ കാലത്തായി വിമാന യാത്ര ഇഷ്ടപ്പെടുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂടിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലെയും യാത്രക്കാര്‍ ഇരട്ടിയായ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം 50 വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. അതായത്, 157 ആയി ഉയര്‍ന്നു. വരുന്ന അഞ്ച് വര്‍ഷത്തിനകം 50 എണ്ണം കൂടി നിര്‍മിക്കും. 20 വര്‍ഷത്തിനകം 200 എണ്ണം അധികമായി വരും. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കവെയാണ് മന്ത്രി ഭാവി പദ്ധതികള്‍ സംബന്ധിച്ച് വിശദീകരിച്ചത്. യാത്രാ സൗകര്യങ്ങള്‍ കൂടുന്നു എന്നത് മാത്രമല്ല ഇതിന്റെ നേട്ടം, ജോലി സാധ്യത വര്‍ധിക്കുന്നു എന്നത് കൂടിയാണ്.

വാഹനങ്ങള്‍ ദിനേന പെരുകുകയാണ്. റോഡ് ഗതാഗതം 'സമയം കൊല്ലി'യാണ് എന്ന ആക്ഷേപം ശക്തവുമാണ്. മാത്രമല്ല, ജോലി ആവശ്യാര്‍ഥവും മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എളുപ്പ മാര്‍ഗം എന്ന നിലയില്‍ വിമാനത്തെ ആശ്രയിക്കുന്നവര്‍ ഇരട്ടിയായി. കൂടുതല്‍ വിമാനത്താവളങ്ങള്‍ കേന്ദ്രം ആലോചിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
വിവിധ സംസ്ഥാനങ്ങളില്‍ വിമാനത്താവളങ്ങള്‍ നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കലും മറ്റു നടപടികളും പുരോഗമിക്കുകയാണ്. കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളാണ് സാധ്യത കല്‍പ്പിക്കുന്നത്. ഒന്ന് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാകുമിത്. മാത്രമല്ല, ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്കും നേട്ടമാകും.
കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ വിമാനത്താവളമാണ് കേരളത്തില്‍ സാധ്യതയുള്ള മറ്റൊരു എയര്‍പോര്‍ട്ട്. ഇനിയും ഏറെ കടമ്പകള്‍ മറികടക്കേണ്ടതുണ്ട് എന്നത് മറ്റൊരു കാര്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കേരളത്തിലുള്ളത്. ഇതിന് പുറമെ രണ്ട് വിമാനത്താവളങ്ങള്‍ കൂടി വരുന്നതോടെ മലയാളിയുടെ യാത്രാ ശീലത്തില്‍ വലിയ മാറ്റം വരും.
കഴിഞ്ഞ ജൂണില്‍ ഹൊസൂറില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റലിന്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ 2000 ഏക്കറിലാകും വിമാനത്താവളം വരിക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ വ്യവസായങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്നതാകും ഹൊസൂര്‍ വിമാനത്താവളം. മാത്രമല്ല, ബെംഗളൂരുവിലേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാക്കും.
അതേസമയം, ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. നാല് സ്ഥലങ്ങള്‍ ഇതിന് വേണ്ടി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വൈകാതെ സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തും. സംസ്ഥാനങ്ങള്‍ പദ്ധതിയിടുന്ന ഈ വിമാനത്താവളങ്ങളെല്ലാം കേന്ദ്രമന്ത്രി പറഞ്ഞ 50 വിമാനത്താവളങ്ങളുടെ പട്ടികയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications