ആഹാ, എന്തൊരു സമാധാനമാണിവിടെ ! ഒക്ടോബറിലാണ് ഈ 9 സ്ഥലങ്ങൾ സന്ദർശിക്കേണ്ടത്..
വലിയ തിരക്കുകളോ ബഹളമോ ഓഫീസുകളിൽ പൊതുവേ വലിയ മീറ്റിങ്ങുകളൊന്നും ഇല്ലാത്ത ശാന്തമായ ഒരു മാസമാണ് ഒക്ടോബർ. ഇങ്ങനെ റിലാക്സ് ചെയ്ത് ഇരിക്കുന്ന സമയത്ത് ഒരു യാത്ര പോകണമെന്ന് തോന്നിയാൽ എന്ത് ചെയ്യും ? അതിനുള്ള പ്ലാൻ വേണ്ടേ ? ഈ ഒക്ടോബർ മാസത്തെ കാലാവസ്ഥയിൽ പോകാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെയാണ് ?
ഒക്ടോബർ മാസത്തിൽ സൗത്ത് ഇന്ത്യയിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ?
വയനാട്
വയനാട് ജില്ലയിലെ സ്ഥലങ്ങൾ കാണാൻ ഏറ്റവും നല്ല സമയമാണിപ്പോൾ. താമരശ്ശേരി ചുരം കേറിപ്പോകുമ്പോൾ തന്നെ ഈ കാലാവസ്ഥയിൽ നല്ല ഉന്മേഷം ലഭിക്കും. പാൽചുരം വഴി പോയാലും നാടുകാണി ചുരമായാലും ഇങ്ങനെ തന്നെ. വയനാട്ടിൽ സൂചിപ്പാറ വെള്ളച്ചാട്ടം, കുറുവാദ്വീപ്, എടക്കൽ ഗുഹ, ബാണാസുരസാഗർ എന്നിവ പരിഗണിയ്ക്കാം.

ഗവി
ഓർഡിനറി എന്ന സിനിമയിലൂടെ കേരളക്കരയിൽ പ്രസിദ്ധമായ സ്ഥലം. പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. പശ്ചിമഘട്ടത്തിലെ പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ ഇവിടെ വനം വികസന കോർപ്പറേഷൻ ഒരുക്കുന്ന നിയന്ത്രിത വിനോദസഞ്ചാര സൗകര്യങ്ങൾ നിലവിലുണ്ട്. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികൾ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഈ പ്രദേശത്തുള്ളതായി കണക്കാക്കപ്പെടുന്നു.
അതിരപ്പിള്ളി
കേരളത്തിലെ പ്രസിദ്ധമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ അതിരപ്പിള്ളി ഒരുപാട് സിനിമളുടെ ലൊക്കേഷൻ കൂടിയാണ്. ഏതാണ്ട് 24 മീ. ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന വെള്ളക്കെട്ട് ചാലക്കുടിപ്പുഴയുടേതാണ്. വനത്താൽ ചുറ്റപ്പെട്ടതും, ധാരാളം പക്ഷികളുടെ വാസസ്ഥലവുമാണ് ഇവിടം. ചാലക്കുടി - വാൽപ്പാറ റോഡിനരികിലാണ് അതിരപ്പിള്ളി സ്ഥിതി ചെയ്യുന്നത്. വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.
ചിക്കമംഗളൂർ
കർണാടകയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷൻ ആണിത്. പശ്ചിമഘട്ട മല നിരകളുടെ ഭാഗമാണ് ഇവിടം. കണ്ണെത്താ ദൂരത്തോളം പ്രകൃതി ഭംഗി ആസ്വദിക്കാനാവുമെന്നതാണ് ഇവിടത്തെ പ്രത്യേകത. ഈ സ്ഥലം കാണാത്തവർക്കും കണ്ടവർക്കും ഒക്ടോബർ മാസം ഇവിടം സന്ദർശിക്കുന്നത് പുതിയ അനുഭവമാകും.
കൊടൈക്കനാൽ
പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കൊടൈക്കനാൽ പ്രശസ്തമായ ഒരു മലയോര വിനോദസഞ്ചാര കേന്ദ്രമാണ്. നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം സ്ഥലങ്ങളിൽ ഒന്നാണ് കൊടൈക്കനാൽ. എപ്പോഴും കോടമഞ്ഞിനാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ കോടൈ കാണൽ എന്ന തമിഴ് വാക്കുകൾ ചേർന്നാണ് കൊടൈക്കനാൽ ഉണ്ടായത് എന്ന് പറയപ്പെടുന്നു.
ലേപാക്ഷി
കർണാടകയുടെയും ആന്ധ്രാപ്രദേശിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ലേപാക്ഷി ക്ഷേത്രം പ്രസിദ്ധമാണ്. രാമായണ കഥയുമായി ഈ ക്ഷേത്രത്തിന് ബന്ധനുണ്ടെന്നാണ് പറയപ്പെടുന്നത്. വെട്ടേറ്റ് നിലത്തു കിടന്ന ജഡായുവിനോട് രാമൻ ലെ പക്ഷി എന്ന് പറഞ്ഞുവെന്നാണ് വിശ്വാസം. ലേ പക്ഷി എന്നാൽ എഴുന്നേൽക്കൂ പക്ഷി എന്നാണ് അർത്ഥം. ഇതാണ് ലേപാക്ഷി ക്ഷേത്രമായതെന്നാണ് പറയപ്പെടുന്നത്. ബംഗളൂരു നഗര കേന്ദ്രത്തിൽ നിന്ന് 122 കിലോമീറ്ററും ബാംഗ്ലൂർ വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട് 100 കിലോമീറ്ററിൽ താഴെയുമാണ് ഇവിടേക്ക് എത്താനുള്ള ദൂരം.
പോണ്ടിച്ചേരി
കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരി ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് രൂപവത്ക്കരിച്ചത്. വടക്കൻ കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ എന്നിങ്ങനെ 3 പ്രദേശങ്ങൾ ചിതറിക്കിടക്കുന്നതാണ് പോണ്ടിച്ചേരി. 200 വർഷത്തിലേറെ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിക്ക് ഇപ്പോഴും ഇതിന്റെ സ്വാധീനമുണ്ട്.
ഹലേബീഡും ബേലൂരും
കർണാടകയിലെ ഹാസൻ ജില്ലയിലെ രണ്ട് ചെറിയ ക്ഷേത്ര നഗരങ്ങളാണ് ബേലൂരും ഹലേബീഡും. 1026 മുതൽ 1343 വരെ ഈ പ്രദേശം ഭരിച്ചിരുന്നത് ഹൊയ്‌സാല രാജവംശത്തിലെ രാജാക്കന്മാരായിരുന്നു. അക്കാലത്ത് അവിടെ സ്ഥാപിച്ച ക്ഷേത്രങ്ങൾ ഇപ്പോഴും പ്രഭ മങ്ങാതെ തലയുയർത്തി നിൽക്കുന്നു. ബേലവാഡി, ജവഗൽ തുടങ്ങിയ അവ്യക്തമായ ഗ്രാമങ്ങളിൽ നൂറിലധികം ഹൊയ്‌സാല ക്ഷേത്രങ്ങൾ ചിതറിക്കിടക്കുന്നു, എന്നാൽ ഏറ്റവും പ്രശസ്തവും പ്രമുഖവുമായവ ബേലൂരിലും ഹലേബീഡുവിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഹംപി
ഉത്തരകർണാടകത്തിലെ വിജയനഗര സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന സ്ഥലമായതിനാൽത്തന്നെ ഇത് ചരിത്ര പ്രസിദ്ധവുമാണ്. പുരാതനനഗരത്തിലെ നിരവധി ചരിത്രസ്മാരകങ്ങൾ ഹംപിയിലുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഹംപി ഉൾപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications