ന്യൂയർ @900 കണ്ടി; ബുഫേയും സിനി മ്യൂസിക്കുമെല്ലാമായി ഒരു തകർപ്പൻ പാക്കേജ്, കെഎസ്ആർടിസി വക
കോഴിക്കോട്: പുതുവർഷമാകുമ്പോൾ ആദ്യം വരുന്ന ആലോചനകളിലൊന്ന് എവിടെ വേണം ആഘോഷമെന്നതാണ്. തണുപ്പും കോടമഞ്ഞും നിറഞ്ഞ, പച്ചപ്പിനു നടുവിൽ അത്ര പെട്ടന്നൊന്നും എത്തിപ്പെടാൻ പറ്റാത്ത ഒരിടത്തുവെച്ച് ഇത്തവണ പുതുവർഷത്തെ സ്വാഗതം ചെയ്താലോ? ഇതൊക്കെ വലിയ ചെലവല്ലേ എന്നോർത്ത് ആഗ്രഹം മാറ്റിവയ്ക്കാൻ വരട്ടെ, കിടിലൻ പാക്കേജുമായി വിളിക്കുന്നത് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ.
കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വയനാട് ജില്ലയിലെ തൊള്ളായിരം കണ്ടിയിൽ പുതുവര്‍ഷം ആഘോഷിക്കാനുള്ള അസുലഭാവസരം ഒഴുക്കുന്നത്. ഒപ്പം ബുഫേ ഡിന്നറും സിനി മ്യൂസികും മാത്രമല്ല, രണ്ടു ദിവസത്തെ യാത്രയിൽ ഇഷ്ടംപോലെ വയനാടൻ കാഴ്ചകളും കാണാനുള്ള അവസരമുണ്ട്.വിശദമായി ഇറിയാം

ഡിസംബർ 31 നാണ് യാത്ര തുടങ്ങുന്നത്. ആദ്യ സ്ഥലം വയനാട്ടിലെ എൻ ഊര് ഈണ്. കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമാണ് ഇത്. ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് എന്‍ ഊര് വിഭാവനം ചെയ്തത്. വൈത്തിരിയിലെ 25 ഏക്കറിലാണ് ഗോത്ര പൈതൃഗ്രാമം സ്ഥിതി ചെയ്യുന്നത്. എൻ ഊര് കണ്ട് കഴിഞ്ഞാൽ സൂചിപ്പാറയിലേക്ക് അടുത്ത യാത്ര.
വയനാട്ടിൽ എത്തിയാൽ യാത്രികർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്ന് കൂടിയാണ് സൂചിപ്പാറ വെള്ളച്ചാട്ടം. മേപ്പാടിക്ക് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളിലായി 300 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. സൂചിപ്പാറയിൽ നിന്നും 900 കണ്ടിയാണ് അടുത്ത ലക്ഷ്യസ്ഥാനം.
വയനാട്ടിൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് 900 കണ്ടി. ഒരുപക്ഷേ ഈ ശൈത്യകാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വയനാട്ടിലെ ഒരു സ്ഥലം കൂടിയാണ് ഇത്. മേപ്പടിയിൽ നിന്നും സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിൽ 10 കിമി സഞ്ചാരിച്ചാൽ ഇവിടെയെത്താം. വനത്തിന് നടുവിലൂടെയുള്ള ഓഫ് റോഡ് യാത്രയാണ് പ്രധാന ആകർഷണം. കോടമഞ്ഞ് മൂടിയ വഴിയും ചെറിയ വെള്ളച്ചാട്ടങ്ങളും ഏലം കാപ്പി തോട്ടങ്ങളും നീർച്ചാലുകളും കാട്ടുചോലകളുമെല്ലാം ഇവിടെ കാണാം.
രാത്രിയിൽ അടിപൊളി ബുഫേയും സിനിമ മ്യൂസിക്കുമെല്ലാം ആസ്വദിച്ച് കഴിഞ്ഞാൽ അന്നത്തെ യാത്ര അവസാനിക്കും. രണ്ടാം ദിനത്തിലെ കാഴ്ചകൾ ജൈന ക്ഷേത്രവും കുറുവ ദ്വീപും ബാണാസുര സാഗർ ഡാമുമാണ്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ഈ യാത്രയ്ക്ക് 3100 രൂപയാണ് ചെലവ്. കൂടതൽ വിവരങ്ങൾക്ക് 9961761708, 9846100728












Click it and Unblock the Notifications