2000 രൂപയ്ക്ക് ക്രൂയിസ് യാത്രയോ? അതും കൊച്ചിയിൽ..ഭക്ഷണവും ഡിജെയും; ഓണം കളറാക്കാം
ഓണം തിമിർത്ത് കൊണ്ടാടുന്ന തിരക്കിലായിരിക്കും പലരും. സ്കൂൾ അടച്ചതോടെ ഓണം എങ്ങനെയൊക്കെ ആഘോഷമാക്കാം എന്ന ആലോചനയിലായിരിക്കും ആളുകൾ. ഓണം പൂക്കളമൊരുക്കിയും സദ്യ ഉണ്ടും സിനിമ കണ്ടും മാത്രം ആഘോഷിച്ച് തീർക്കേണ്ട, ഇത്തവണ ഓണത്തിന് കിടിലൻ യാത്രകൾ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തിക്കോളൂ.
അങ്ങനെയെങ്കിൽ ചിലവ് കുറഞ്ഞൊരു ക്രൂയിസ് യാത്ര ആയാലോ? കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ എസ് ഐ എൻ സി (ലി)) ആഡംബര സീ ക്രൂയിസ് കപ്പലായ നെഫർറ്റിറ്റിയിലും മിനി സീ ക്രൂയിസ് ബോട്ടായ സാഗരറാണിയിലും കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കാം. ഓണസീസൺ പ്രമാണിച്ച് ഈ യാത്രകൾക്ക് കുറഞ്ഞ നിരക്കെ ഈടാക്കുന്നുള്ളൂ. അപ്പോൾ വിശദമായി നോക്കിയാലോ?

സെപ്റ്റംബർ ഒന്നു മുതൽ പുതുക്കിയ നിരക്കുകളിൽ സർവീസുകൾ പുനരാരംഭിക്കും. 2018-ൽ ലോഞ്ച് ചെയ്ത നെഫർറ്റിറ്റി, ഏകദേശം 200 യാത്രക്കാരെ ഉൾക്കൊള്ളുന്ന സീ ക്രൂയിസ് കപ്പലാണ്. ഈ സീസണിൽ യാത്രാ നിരക്ക് 2,000 രൂപ മുതൽ ആണ് ആരംഭിക്കുന്നത്. വെറുതെ യാത്ര ചെയ്ത് മടങ്ങലല്ല, മറിച്ച് കിടിലൻ ഭക്ഷണവും ആസ്വദിക്കാം. ബുഫേ ഭക്ഷണമായിരിക്കും സജ്ജമാക്കിയിരിക്കുക. ഇതുകൂടാതെ മിനി തിയേറ്റർ, കുട്ടികളുടെ കളിസ്ഥലം, ലൈവ് മ്യൂസിക്, കലാപരിപാടികൾ, ഡിജെ നൈറ്റ് തുടങ്ങിയ വൈവിധ്യമാർന്ന സൗകര്യങ്ങളോടുകൂടിയ കടൽ യാത്രാനുഭവമാണ് നെഫർറ്റിറ്റി ഒരുക്കുന്നത്. കേരളത്തിലെ ഏക ഡിജെ അപ്പർ ഡെക്ക് സംവിധാനവും ബാർ സൗകര്യവും നെഫർറ്റിറ്റിയുടെ പ്രത്യേകതയാണ്.
സാഗരറാണി മിനി സീ ക്രൂയിസ് ബോട്ട്, മറൈൻ ഡ്രൈവിൽ നിന്ന് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പാക്കേജുകളും പ്രത്യേക ഗ്രൂപ്പ് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. യാത്രാ നിരക്ക് മുതിർന്നവർക്ക് 600 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ്. വിനോദ പരിപാടികൾ ഉൾക്കൊള്ളുന്ന യാത്രക്കൊപ്പം, പിഴല, കടമക്കുടി, പാലയ്ക്കരി എന്നിവിടങ്ങളിലേക്ക് 999 രൂപ നിരക്കിൽ കായൽ ഭംഗി ആസ്വദിച്ചുള്ള യാത്രയും മറ്റ് വിനോദ പരിപാടികളുമുണ്ടാകും. സുര്യാംശു ഉൾപ്പെടെയുള്ള മറ്റു ബോട്ടുകളും ഓണക്കാലത്ത് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ കെ എസ് ആർ ടി സി ബജറ്റ് സെല്ലുകളും ഈ യാത്ര പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. അപ്പോൾ സമയവും സന്ദർഭവും നോക്കി എത്രയും പെട്ടെന്ന് തന്നെ യാത്ര പോയിക്കോളൂ.












Click it and Unblock the Notifications