നേപ്പാളിലേക്ക് ഒരു സ്വപ്ന യാത്ര; അതും അഞ്ച് ദിവസത്തേക്ക്..പാക്കേജുമായി ഐആർസിടിസി
ബാംഗ്ലൂർ: ചെലവ് കുറഞ്ഞൊരു വിദേശ യാത്രയാണോ നിങ്ങളുടെ ലക്ഷ്യം? എങ്കിൽ ഏറ്റവും ഉചിതം ഇന്ത്യയുടെ തൊട്ടടുത്ത് കിടക്കുന്ന നേപ്പാൾ തന്നെയാണ്. ചെലവ് കുറഞ്ഞത് കൊണ്ട് മാത്രമല്ല നേപ്പാൾ മികച്ചതാകുന്നത്. അവിടുത്തെ അതിമനോഹരമായ കാഴ്ചകളും സഞ്ചാരികളെ ത്രില്ലടിപ്പിക്കും. എവറെസ്റ്റ് കൊടുമുടി, ഹിമാലയ പർവ്വത നിരകൾ, പുരാതന ആശ്രമങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങി കണ്ടുമടുക്കാത്ത കാഴ്ചകൾ നേപ്പാൾ നിങ്ങൾക്കായി കരുതിവെച്ചിട്ടുണ്ട്. ഇനി നേപ്പാളിലേക്ക് എങ്ങനെ പോകും എന്നാണെങ്കിൽ ഐ ആർ സി ടി സിയുടെ പാക്കേജ് തിരഞ്ഞെടുക്കാം. അറിയാം പാക്കേജിനെ കുറിച്ച്.
ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് രണ്ടരയോടെ സഞ്ചാരികൾ ബാംഗ്ലൂർ എയർപോർട്ടിൽ എത്തിച്ചേരണം. വൈകീട്ട് ആറോടെയാണ് ഫ്ലൈറ്റ് 9 .15 ഓടെ കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിച്ചേരും. രണ്ടാം ദിവസം മുതലാണ് കാഠ്മണ്ഠു യാത്ര ആരംഭിക്കുന്നത്. പ്രഭാത ഭക്ഷണത്തിന് ശേഷം നേരെ പൊഖാറയിലേക്കാണ് ആദ്യ യാത്ര. മനകമന ക്ഷേത്രമാണ് അന്നത്തെ ദിവസത്തെ പ്രധാന കാഴ്ച.പാര്‍വ്വതി ദേവിയുടെ അവതാരമായ ഭഗവതിയെ ആരാധിക്കുന്നതാണ് ഈ ക്ഷേത്രം.ആഗ്രഹം നിറവേറ്റുന്ന ക്ഷേത്രം എന്നാണ് ഇവിടം വിശ്വസിക്കപ്പെടുന്നത്. ക്ഷേത്ര സന്ദർശനം പൂർത്തിയാക്കിയാൽ അന്ന് രാത്രി പൊഖാറയിൽ തന്നെയായിരിക്കും താമസം.

പിറ്റേന്ന് അതിരാവിലെ സൂര്യോയം കാണാനായി സാരങ്കോട്ട് ഹിൽടോപ്പിലേക്ക് പോകും. അതിമനോഹരമായ ആ കാഴ്ച കണ്ട് കഴിഞ്ഞാൽ വീണ്ടും റൂമിലേക്ക് മടക്കം. പ്രഭാത ഭക്ഷണത്തിന് ശേഷം ബിന്ധ്യാബസിനി ക്ഷേത്രം, ഡെവിൾസ് ഫാൾ, ഗുപ്തേശ്വര് മഹാദേവ് ഗുഹ എന്നിവ സന്ദർശിക്കും. പൊഖാറയിൽ തന്നെയാണ് അന്ന് രാത്രിയും താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. യാത്രയുടെ നാലം ദിവസം പ്രഭാത ഭക്ഷണം കഴിഞ്ഞ് ഹോട്ടല് വെക്കേറ്റ് ചെയ്ത് നേരെ കാഠ്മണ്ഡുവിലേക്ക് തിരിക്കും. ഹോട്ടലിലെത്തിയ ശേഷം അന്നേ ദിവസം മുഴുവനും ഇഷ്ടപ്പെട്ട രീതിയിൽ ചെലവഴിക്കാം.
അഞ്ചാം ദിനത്തിൽ രാവിലെ പ്രാതൽ കഴിച്ച് പശുപതിനാഥ ക്ഷേത്രത്തിലേക്കാണ് ആദ്യ യാത്ര. അതുകഴിഞ്ഞാൽ ബുദ്ധനാഥ സ്തൂപം സന്ദർശിക്കും. ദർബാർ സ്ക്വയർ & ടിബറ്റൻ അഭയാർത്ഥി കേന്ദ്രം എന്നിവയും കാണും.സ്വയംഭൂനാഥ് സ്തൂപം സന്ദർശിച്ച് അന്നത്തെ യാത്ര അവസാനിപ്പിക്കും. ആറാം ദിനം ഉച്ചയ്ക്ക് രണ്ടേ കാലോടെ കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് മടങ്ങും.
സിംഗിൾ ഒക്യൂപൻസിയിൽ 51,150 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 43,960- രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയിൽ ഒരാൾക്ക് 43,240-രൂപ എന്നിങ്ങനെയാണ് ചിലവ് വരുന്നത്. 5-11 പ്രായത്തിൽ ബെഡ് വേണ്ട കുട്ടികൾക്ക് 41,800/- രൂപ, ബെഡ് വേണ്ടെങ്കിൽ 39,640/-രൂപ, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 29,560/- രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications