കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് പറക്കാം; ബെംഗളൂരു വഴി, ടിക്കറ്റ് നിരക്ക് അറിയാമോ? പ്രവാസികള്‍ക്കും ഗുണം
ബെംഗളൂരു: യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് നേപ്പാളിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസുണ്ടാകും. അതിരാവിലെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക.
ജൂണ്‍ ഒന്ന് മുതല്‍ ബെംഗളൂരു-കാഠ്മണ്ഡു വിമാനം സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിങ് വ്യക്തമാക്കി. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങളുണ്ട്. മാത്രമല്ല, രാജ്യത്തെ 20 വിമാനത്താവളങ്ങളില്‍ നിന്ന് ബെംഗളൂരുവിനെ ബന്ധിപ്പിച്ച് നേപ്പാളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയാം...

ദക്ഷിണേന്ത്യയെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസുകളാണ് എയര്‍ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വേഗത്തില്‍ എത്താന്‍ സാധിക്കുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ വിപുലീകരിക്കാന്‍ എയര്‍ ഇന്ത്യ അടുത്തിടെ തീരുമാനിച്ചിരുന്നു. തായ്‌ലാന്റിലെ ബാങ്കോക്ക്, ഫുകേത് തുടങ്ങിയ നഗരങ്ങളിലേക്കും സര്‍വീസ് വിപുലീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് നേപ്പാള്‍ തലസ്ഥാനത്തേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 8000 രൂപയാണ് എയര്‍ ഇന്ത്യ ഈടാക്കുന്നത്. എക്‌സ്പ്രസ് ലൈറ്റില്‍ 8000 രൂപയും എക്‌സ്പ്രസ് വാല്യുവില്‍ 8500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബെംഗളൂരുവില്‍ നിന്ന് രാവിലെ 5.05നാണ് വിമാനം പുറപ്പെടുക. കാഠ്മണ്ഡുവില്‍ നിന്ന് തിരിച്ച് രാവിലെ 9.05നും പുറപ്പെടും.
കേരളത്തില്‍ നിന്ന് ആരംഭിക്കുന്ന വിമാന സര്‍വീസ്
ഇതിന് പുറമെയാണ് ബെംഗളൂരുവിനെ ബന്ധിപ്പിച്ച് കാഠ്മണ്ഡുവിലേക്കുള്ള വിമാനങ്ങള്‍. 20 വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തരം സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഒരുക്കുന്നുണ്ട്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ കേരളത്തിലെ വിമാനത്താവളങ്ങളെല്ലാം ഇതില്‍പ്പെടും. ഇവിടെ നിന്ന് തുടങ്ങി ബെംഗളൂരുവില്‍ നിര്‍ത്തിയ ശേഷം കാഠ്മണ്ഡുവിലേക്ക് പറക്കുന്ന രീതിയിലാണ് ഈ സര്‍വീസുകള്‍.
പഞ്ചാബിലെ അമൃതസര്‍, ഒഡീഷയിലെ ഭുവനേശ്വര്‍, ഡല്‍ഹി, ഗോവ, മധ്യപ്രദേശിലെ ഗ്വാളിയോര്‍, ഇന്‍ഡോര്‍, ഉത്തര്‍ പ്രദേശിലെ ഹിന്‍ഡണ്‍, തെലങ്കാനയിലെ ഹൈദരാബാദ്, കശ്മീരിലെ ജമ്മു, ശ്രീനഗര്‍, രാജസ്ഥാനിലെ ജയ്പൂര്‍, കര്‍ണാടകയിലെ മംഗളൂരു, മഹാരാഷ്ട്രയിലെ പൂനെ, ഗുജറാത്തിലെ സൂറത്ത്, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നും ബെംഗളൂരുവിനെ ബന്ധിപ്പിച്ച് കാഠ്മണ്ഡുവിലേക്ക് എയര്‍ഇന്ത്യ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് പുറമെ വിദേശത്തു നിന്നുള്ള വിമാനങ്ങളും ബെംഗളൂരു വഴി കാഠ്മണ്ഡുവിലേക്ക് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യുഎഇയിലെ അബുദാബിയില്‍ നിന്നും സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നുമുള്ള വിമാനങ്ങള്‍ ബെംഗളൂരു വഴി കാഠ്മണ്ഡുവിലേക്ക് പറക്കും. പ്രവാസികള്‍ക്ക് നേട്ടമാകുന്ന റൂട്ടുകളാണിത്.












Click it and Unblock the Notifications