കായൽക്കാഴ്ചകളും മീൻ രുചിയുമായി അകലാപ്പുഴയിൽ തകർക്കാം; കോഴിക്കോടുകാരുടെ സ്വന്തം കുട്ടനാട്
ആലപ്പുഴ: നോക്കെത്താ ദൂരത്തിൽ കിടക്കുന്ന കായലും കെട്ടുവള്ളങ്ങളും തെങ്ങിൻതോപ്പും ഒക്കെയായി രസകരമായ കായൽ കാഴ്ചകൾ കാണണമെങ്കിൽ ഉത്തരമലബാറുകാർക്ക് അങ്ങ് ആലപ്പുഴ വരെ പോകണം. എന്നാൽ അതുവരെ പോകാതെ തന്നെ ആ കാഴ്ചകൾ ആസ്വദിക്കാനായാലോ? എങ്കിൽ കോഴിക്കോട് അകലാപ്പുഴയിലേക്ക് പോകാം. രൂപത്തിലും ഭാവത്തിലും കോഴിക്കോടുകാരുടെ കുട്ടനാട് ആണ് അകലാപ്പുഴ.
പുറക്കാട് കിടഞ്ഞിക്കുന്നിന്റെ താഴ്വാരത്താണ് അകലാപ്പുഴ കായൽ പരന്ന് കിടക്കുന്നത്. കോഴിക്കോടുകാർ ഇവിടെ ധാരാളമായി എത്തുന്നുണ്ടെങ്കിലും കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് അകലാപ്പുഴ വന്നിട്ട് അധികകാലം ആയിട്ടില്ല. ഉൾനാടൻ ജലഗതാഗതം ആസ്വദിക്കാനും ഗ്രാമീണ ഭംഗി അനുഭവിച്ചറിയാനുമാണ് സഞ്ചാരികൾ ഇവിടെ എത്താറുള്ളത്. കോഴിക്കോടൻ വൈകുന്നേരങ്ങൾ ആസ്വദിക്കാൻ പറ്റിയൊരിടം കൂടിയാണ് അകലാപ്പുഴ.

കോഴിക്കോടുകാർക്കിടയിൽ അകലാപ്പുഴ വ്യത്യസ്ത പേരിലാണ് അറിയപ്പെടുന്നത്. കോരപ്പുഴ, .മുത്താമ്പി, അണേല കണയംകോട് കുനിയിൽകടവ് തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്. കോഴിക്കോട്- വടകര റൂട്ടിൽ പയ്യോളിയിൽ നിന്നും പേരാമ്പ്ര റോഡിലൂടെ നാലുകിലോമീറ്റർ പോയാൽ ഇവിടെ എത്താനാകും. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ ജലഗതാഗതം ഉണ്ടായിരുന്നു. ഇക്കാര്യം മലബാർ മാന്വലിലും പ്രതിപാദിക്കുന്നുണ്ട്.
കുട്ടനാട് പോലെ തന്നെ ബോട്ടിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ആവും. ഇടതൂർന്ന് നിൽക്കുന്ന തെങ്ങിൻ തോപ്പുകളും കണ്ടൽ കാടുകളും മാത്രമല്ല ബണ്ടും കോൾ നിലവും തുരുത്തുകളും കൈത്തോടുകളുമെല്ലാം അകലാപ്പുഴയെ മനോഹരിയാക്കുന്നു. അകലാപ്പുഴയും കായലിന് മധ്യത്തിലുള്ള പാമ്പൻതുരുത്തും സിനിമാക്കാരുടെ അടക്കം ഇഷ്ടമാണ്. രണ്ടേക്കാറോളം വരുന്ന തെങ്ങിൻ തോപ്പാണ് പാമ്പൻതുരുത്ത്. ടൊവീനോ നായകനായ തീവണ്ടിയെന്ന ചിത്രത്തിലെ പ്രധാനഭാഗങ്ങൾ ഷൂട്ട് ചെയ്തത് അകലാപ്പുഴയിൽ നിന്നായിരുന്നു. ദേശാടനക്കിളികളുടെ കേന്ദ്രം കൂടിയാണ് ഇവിടം.
കുട്ടനാടൻ യാത്രകളിൽ ഒഴിച്ച് കൂടാനാകാത്തതാണ് കായൽ രുചികൾ. പിടക്കണ മീനുകൾ വേറിട്ട രുചിയിൽ ഇവിടെ നിന്ന് ലഭിക്കാറുണ്ട്. അകലാപ്പുഴയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല കേട്ടോ, നല്ല രുചികരമായ കായൽ ഭക്ഷണങ്ങൾ സഞ്ചാരികൾക്ക് ഇവിടെ നിന്ന് ലഭിക്കും. അകലാപ്പുഴയെ വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞ് അപ്പോൾ തന്നെ മടങ്ങേണ്ടതില്ല. അകലാപ്പുഴയ്ക്ക് തൊട്ടടുത്തുള്ള പിഷാരികാവ് ക്ഷേത്രം, പാറപ്പള്ളി കടപ്പുറം, തിക്കോടി ഡ്രൈവിങ് ബീച്ച്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കുഞ്ഞാലി മരക്കാര്‍ ഭവനം, തിക്കോടി ലൈറ്റ് ഹൗസ് എന്നിവയും കണ്ട് മടങ്ങാം.












Click it and Unblock the Notifications