കോഴിക്കോട് നിന്ന് മുംബൈ വിമാനം കയറാം; എല്ലാ ദിവസവും സര്‍വീസുമായി ആകാശ, 1.45 മണിക്കൂര്‍ യാത്ര
കോഴിക്കോട്: പണം വിഷയമല്ല, വേഗം എത്തേണ്ടതുണ്ട് എന്ന നിലപാടുള്ളവരാണ് ഇപ്പോള്‍ കൂടുതല്‍. അതുകൊണ്ടുതന്നെ വിമാനയാത്ര തിരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ഒരുവഴി വിമാനയാത്രയും തിരഞ്ഞെടുക്കാറുണ്ട്. അത്തരക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന സര്‍വീസ് തുടങ്ങിയിരിക്കുകയാണ് ആകാശ എയര്‍.
ഇന്ത്യയില്‍ കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കുന്ന വിമാന കമ്പനിയാണ് 2022ല്‍ തുടങ്ങിയ ആകാശ എയര്‍. ആഭ്യന്തര സര്‍വീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ആകാശ എയര്‍ അടുത്ത കാലത്ത് വിദേശ സര്‍വീസും ആരംഭിച്ചു. ആറ് കേന്ദ്രങ്ങളിലേക്ക് ആകാശ എയര്‍ വിദേശ സര്‍വീസ് നടത്തുന്നുണ്ട്. ഇനി മുംബൈ-കോഴിക്കോട് പുതിയ സര്‍വീസ് സംബന്ധിച്ച് അറിയാം...

മുംബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് എല്ലാദിവസവും സര്‍വീസ് നടത്താനാണ് ആകാശ എയറിന്റെ തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതലാണ് ഈ സര്‍വീസ് ആരംഭിക്കുക. ആകാശ എയറിന്റെ 30ാം റൂട്ടിലെ സര്‍വീസ് ആണിത്. മുംബൈയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങുന്നതോടെ ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
മുംബൈയില്‍ നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന വിമാനം സന്ധ്യ കഴിഞ്ഞ് 7.20ന് കോഴിക്കോട് എത്തും. നോണ്‍ സ്‌റ്റോപ്പ് വിമാനമാണിത്. അല്‍പ്പ നേരം കോഴിക്കോട് നിര്‍ത്തിയിട്ട ശേഷം തിരിച്ചുപോകും. 7.55നാണ് മടക്കം. രാത്രി 9.40ന് മുംബൈയില്‍ തിരിച്ചെത്തും. 1.45 മണിക്കൂര്‍ മാത്രമാണ് യാത്രാ സമയമുള്ളത്. പ്രതിദിന സര്‍വീസ് ഉള്ളതിനാല്‍ ടിക്കറ്റ് കിട്ടുന്നതിന് തടസമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.
വിദേശത്തേക്കുള്ള 6 സര്‍വീസുകള്‍ ഇതാണ്
വിദേശത്തേക്ക് ആറ് സര്‍വീസുകളാണ് ആകാശ എയര്‍ നടത്തുന്നത്. ഖത്തര്‍ തലസ്ഥാനമായ ദോഹ, സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, യുഎഇയിലെ അബുദാബി, കുവൈത്തിലെ കുവൈത്ത് സിറ്റി, തായ്‌ലാന്റിലെ ഫുകേത് എന്നിവിടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍. പതിയെ സര്‍വീസുകളുടെ എണ്ണം കൂട്ടാന്‍ ആകാശ എയര്‍ ആലോചിക്കുന്നുണ്ട്.
മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, അഗര്‍ത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വരാണസി, ബഗ്‌ദോഗ്ര, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ശ്രീ വിജയപുരം, അയോധ്യ, ഗ്വാളിയോര്‍, ശ്രീനഗര്‍, പ്രയാഗ്‌രാജ്, ഗോരഖ്പൂര്‍, ദര്‍ഭംഗ, കോഴിക്കോട് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര സര്‍വീസും ആകാശ എയര്‍ലൈന്‍സിനുണ്ട്.
മുംബൈയില്‍ നിന്ന് കോഴിക്കോട്ടെക്ക് സര്‍വീസ് തുടങ്ങുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് കമ്പനിയുടെ സഹസ്ഥാപകന്‍ പ്രവീണ്‍ അയ്യര്‍ പറഞ്ഞു. ആകാശ എയര്‍ പതിയെ പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും കേരളത്തിലേക്കുള്ള സര്‍വീസ് വിപുലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരം, വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സര്‍വീസ് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications