ഹൗസ് ബോട്ടിൽ കറങ്ങാം, ആലപ്പുഴയുടെ നാടൻ കാഴ്ചകൾ.. ചതുരംഗപ്പാറ, രാമക്കൽമേട് അഞ്ചുരുളി.. 670 രൂപാ മുതൽ പാക്കേജുൾ
കൊടും ചൂടിൽ അൽപം ആശ്വാസം തേടിയുള്ള യാത്രകളാണ് പലരും ഈ സമയം തിരയുന്നത്. അങ്ങനെയുള്ളവർക്ക് പോകാൻ പറ്റിയ മികച്ച പാക്കേജുകളാണ് ഇക്കുറി എറണാകുളം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ അവതരിപ്പിച്ചിരിക്കുന്നത്. വിഷുവിന്റെ ക്ഷീണം കൂടിക്കഴിഞ്ഞ് ആസ്വദിക്കാൻ പറ്റുന്ന തരത്തിലാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്. പാക്കേജുകളും ചെലവും മറ്റ് വിവരങ്ങളും പരിശോധിക്കാം
സാമ്പ്രാണിക്കൊടി യാത്ര
കൊല്ലത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് കായലിന് നടുവിലെ ഈ പച്ചപ്പ് നിറഞ്ഞ ഇടം. കേരളത്തിലെ ഏറ്റവും വലിയ കായലായ അഷ്ടമുടിക്കായലിന്റെ ഒത്ത നടുവിലാണ് ഈ തുരുത്ത്. തീരത്ത് നിന്ന് 350 മീറ്റർ മാറിയുള്ള ഈ തുരുത്തിൽ. മുട്ടറ്റം മാത്രമേ വെള്ളം ഉണ്ടാകു. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്നവർക്ക് ധൈര്യപൂർവ്വം വെള്ളത്തിൽ ഇറങ്ങാം. ചുറ്റുമുള്ള കണ്ടൽക്കാടുകൾ പ്രത്യേക കുളിർമ്മ കൂടി നൽകുന്നു. ഏപ്രിൽ 17 നാണ് ഈ യാത്ര പുറപ്പെടുന്നത്. ഇവിടേക്കൂടിയുള്ള ഹൗസ് ബോട്ട് യാത്രയ്ക്കും ഉച്ചഭക്ഷണത്തിനും എല്ലാം കൂടി ചേർത്ത് 1690 രൂപയാണ് ഈടാക്കുന്നത്.

അഞ്ചുരുളിയും രാമക്കൽമേടും കറങ്ങാം
എറണാകുളത്ത് നിന്ന് ഒറ്റ ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന ഇടമാണ് ഇടുക്കിയിലെ പ്രസിദ്ധമായ അഞ്ചുരുളിയും രാമക്കൽമേടും. രാജ്യത്ത് തന്നെ ഒറ്റപ്പാറയിൽ നിർമ്മിച്ച ഏറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. ഈ ടണൽ വഴിയാണ് ഇരട്ടയാർ ഡാമിൽ നിന്നുള്ള ജലം ഇടുക്കി ജലസംഭരണിയിൽ എത്തുന്നത്. ഇവിടുത്തെ വെള്ളച്ചാട്ടം കാണാൻ ആണ് ആളുകൾ കൂടുതലായി എത്തുന്നത്. വേനലായതിനാൽ വെള്ളം കുറവായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പം താഴ്‌വരയെ നോക്കി നില്‍ക്കുന്ന വലിയൊരു പാറക്കെട്ടാണ് രാമക്കൽമേട്. കുറവൻ കുറത്തി പ്രതിമകളും ഇവിടെയത്തിയാൽ കാണാം. ഈ പാക്കേജിൽ 670 രൂപയാണ് ഒരാൾക്ക് വരുന്ന ചെലവ്.
മലക്കപ്പാറയിൽ ഒരു ദിനം
പ്രകൃതി ഭംഗി ആസ്വദിക്കാൻ കഴിയുന്ന ഗ്രാമപ്രദേശമാണ് കേരള - തമിഴ്നാട് അതിർത്തിയിൽ ഉള്ള മലക്കപ്പാറ. തേയിലക്കാടുകൾക്ക് നടുവിലൂടെ കെ എസ് ആർ ടി സിയിലൂടെയുള്ള യാത്രയാണ് ഈ പാക്കേജിന്റെ മറ്റൊരു ആകർഷണം. 640 രൂപയ്ക്ക് ഈ ഏകദിന യാത്ര ആസ്വദിക്കാം.
ആലപ്പുഴ ഹൗസ് ബോട്ടിൽ കറങ്ങാം
മലയാളിക്കൾക്കായാലും കേരളത്തിന് പുറത്തുള്ളവർക്കായാലും ആലപ്പുഴയും അവിടുത്തെ ഹൗസ് ബോട്ട് യാത്രകളും എന്നും പ്രിയപ്പെട്ടതാണ്. ആലപ്പുഴയുടെ തനത് കാഴ്ചകളും രുചികളും ആസ്വദിച്ചുകൊണ്ടുള്ള ഹൗസ് ബോട്ട് യാത്രക്ക് 1360 രൂപയാണ് ചിലവ് വരുന്നത്. ഹൗസ് ബോട്ടിന്റെ ചാർജും ഉച്ചഭക്ഷണവും ഇതിൽ ഉൾപ്പെടും.
ഏപ്രിൽ 20 ന് ചതുരംഗപ്പാറയിലേക്ക്
കാറ്റാടി പാടങ്ങൾ നിറഞ്ഞ പ്രകൃതി സുന്ദരമായ പ്രദേശമാണ് ഇടുക്കി ജില്ലയിലെ ചതുരംഗപ്പാറ. നിർത്താതെ കാറ്റ് വീശിക്കൊണ്ടിരിക്കുന്ന ഇടം, അതുകൊണ്ട് തന്നെ വേനലിലെ ചൂടൊക്കെ നാം മറന്ന് പോകും. തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും ഇവിടെ നിന്ന് ആസ്വദിക്കാനാകും. ഒരു ദിവസത്തെ പാക്കേജിന് വെറും 670 രൂപ മാത്രമാണ് ചെലവ് വരുന്നത്.
ഏപ്രിൽ 20 ഞായറാഴ്ച നിലമ്പൂരിലേക്കും 26 ന് മാമലക്കണ്ടത്തിലേക്കും ഒരു യാത്രയുണ്ട്. നിലമ്പൂർ പാക്കേജിന് 890 രൂപയും മാമലക്കണ്ടം പാക്കേജിന് 830 രൂപയുമാണ് പാക്കേജ് ചെലവ് വരുന്നത്. ഇവ രണ്ടും ഏകദിന പാക്കേജുകളാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും യാത്രകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും 9496800024, 9961042804
, 8289905075 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications