അമൃത് ഭാരത് എക്സ്പ്രസുകൾ കോട്ടയം വഴി;വന്ദേഭാരതിന് സമാനമായ വേഗത, കുറഞ്ഞ നിരക്കിൽ അതിവേഗ യാത്ര
അങ്ങനെ കാത്തിരിപ്പിനൊടുവിൽ കേരളത്തിനും ലഭിച്ചിരിക്കുകയാണ് അമൃത് ഭാര് എക്സ്പ്രസ്. തിരുവനന്തപുരം - ഹൈദരാബാദ്, തിരുവനന്തപുരം - താംബരം റൂട്ടുകളിലാണ് പുതിയ ട്രെയിനുകൾ സർവ്വീസ് നടത്തുക. ഈ രണ്ട് ട്രെയിനുകളും കട്ടയം വഴിയായിരിക്കും എന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോൾ എംപി കൊടിക്കുന്നിൽ സുരേഷ്. ഇത് സംബന്ധിച്ച് നേരത്തേ തന്നെ റെയിൽവെ ബോർഡിനോട് അഭ്യർത്ഥിച്ചിരുന്നുവെന്നും മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇരു അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്നും എംപി അറിയിച്ചു. അദ്ദേഹത്തിൻ്റെ കുറിപ്പ് ഇങ്ങനെ
'പുതുതായി അനുവദിച്ച നഗർകോവിൽ - മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത് - ചാർലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. ഈ രണ്ട് ട്രെയിനുകളും കോട്ടയം വഴി ഓടിക്കണമെന്ന ആവശ്യം നേരത്തെ റെയിൽവേ മന്ത്രിയുടെയും റെയിൽവേ ബോർഡിന്റെയും മുന്നിൽ ഉന്നയിച്ചിരുന്നു, അതിന് അനുകൂലമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച്, മാവേലിക്കര പാർലിമെന്റ് മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളായ മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഇരു അമൃത് ഭാരത് എക്സ്പ്രസ് സർവീസുകൾക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മധ്യകേരളത്തിലെ സാധാരണ യാത്രക്കാർക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട റെയിൽ ബന്ധം ഉറപ്പാക്കാൻ സാധിക്കും.
നോൺ-AC വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തുന്നത് വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാകും', എംപി പോസ്റ്റിൽ പറഞ്ഞു.
സാധാരണക്കാർക്കും ഇനി അതിവേഗ യാത്ര
ആധുനികവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമായ നോൺ-എസി ദീർഘദൂര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിൻ സർവീസാണ് അമൃത് ഭാരത് എക്‌സ്പ്രസ്. വന്ദേഭാരതുകൾക്ക് സമാനമായ വേഗതയാണ് ഇവയ്ക്ക്. 2023 ലാണ് രാജ്യത്ത് ആദ്യമായി ഈ ട്രെയിനുകൾ സർവ്വീസ് ആരംഭിച്ചത്. സാധാരണയായി 22 കോച്ചുകളടങ്ങുന്ന ട്രെയിനുകളിൽ 8-12 സ്ലീപ്പർ ക്ലാസ് (SL), 8-11 ജനറൽ അൺറിസർവ്ഡ് (GS) കോച്ചുകൾ, ഒരു പാൻട്രി കാർ, ഭിന്നശേഷി സൗഹൃദ കമ്പാർട്ടുമെന്റുകളുള്ള രണ്ട് സെക്കൻഡ് ക്ലാസ്-കം-ലഗേജ്-കം-ഗാർഡ് വാനുകൾ എന്നിവ ഉൾപ്പെടുന്നു.
നോൺ-എസി സ്ലീപ്പർ ക്ലാസ്സിൽ 1,000 കിലോമീറ്ററിന് ഏകദേശം 500 ആണ് നിരക്ക് (കുറഞ്ഞ ദൂരങ്ങൾക്ക് ആനുപാതികമായ കുറവുണ്ടാകും). ഡൈനാമിക് പ്രൈസിംഗ് സംവിധാനം ഇതിനില്ല. സ്ലീപ്പർ ക്ലാസ്സിന് 200 കിലോമീറ്ററും സെക്കൻഡ് ക്ലാസ്സിന് 50 കിലോമീറ്ററുമാണ് പുതുക്കിയ ഏറ്റവും കുറഞ്ഞ ചാർജ് ചെയ്യാവുന്ന ദൂരം. 200 കിലോമീറ്റർ വരെയുള്ള സ്ലീപ്പർ ക്ലാസ്സിന് 149-യും 50 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ്സിന് 36-യും ആണ് അടിസ്ഥാന നിരക്ക്. ഈ വർഷം മുതൽ ട്രെയിനിൽ സ്ലീപ്പർ ക്ലാസ്സിലെ RAC (Reservation Against Cancellation) സംവിധാനം നിർത്തലാക്കിയിട്ടുണ്ട്.
2026 ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം, ഡസൻ കണക്കിന് (24-48 എണ്ണം) അമൃത് ഭാരത് സർവീസുകൾ രാജ്യത്തെ വിവിധ മേഖലകളെ ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നുണ്ട്. കാമാഖ്യ/റോഹ്തക്, ദിബ്രുഗഡ്/ലക്നൗ, മുംബൈ എൽടിടി-സഹർസ തുടങ്ങിയ റൂട്ടുകളോടൊപ്പം, 2026 ൻ്റെ തുടക്കത്തിൽ അസം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക തുടങ്ങി നിരവധി സംസ്ഥാനങ്ങളിലുടനീളം പുതിയ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications