അമൃത് ഉദ്യാൻ സമ്മർ ആനുവൽസ് തുടങ്ങി; ഇനി രാഷ്ട്രപതി ഭവനിലെ പൂക്കാലം ആസ്വദിക്കാം
രാഷ്ട്രപതി ഭവന്‍റെ കാഴ്ചകളിൽ സാധാരണക്കാർക്ക് പ്രവേശനം ലഭിക്കുന്ന ഇടമാണ് അമൃത് ഉദ്യാൻ. 15 ഏക്കറോളം സ്ഥലത്തായി പൂക്കളുടെയും മരങ്ങളുടെയും മനോഹര കാഴ്ചകൾ ഒരുക്കുന്ന അമൃത് ഉദ്യാൻ ഇപ്പോഴിതാ സന്ദര്‍ശകർക്കായി തുറന്നിരിക്കുകയാണ്. രാഷ്ട്രപതി ഭവന്‍റെ ആത്മാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉദ്യാനത്തിൽ ട്യൂലിപ് പുഷ്പങ്ങൾ മുതൽ റോസാ ചെടികളും ഏഷ്യാറ്റിക് ലില്ലി, ഡാഫോഡില്‍സ്, ഹൈസിന്ത് തുടങ്ങി ഒട്ടനവധി പൂച്ചെടികളും മരങ്ങളും ഒക്കെയുണ്ട്.
ഇത്തവണകോലിയസ്, സെലോസിയ, ട്യൂബറോസ് തുടങ്ങി നിരവധി അപൂർവ സീസണൽ പൂക്കൾ ആണ് സന്ദർശകരെ കാത്തിരിക്കുന്നത്. കൂടാതെ 225 വർഷം പഴക്കമുള്ള ഒരു ശീമാം വൃക്ഷത്തിൻ്റെ കഥയുള്ള ബാൽ വാടിക എന്ന് വിളിക്കപ്പെടുന്ന കുട്ടികൾക്കായുള്ള പൂന്തോട്ടം,പ്രകൃതിയുടെ ക്ലാസ് റൂം ,ട്രീ ഹൗസ് തുടങ്ങിയ ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്.

അമൃത് ഉദ്യാൻ സമ്മർ ആനുവൽസ് 2024 ന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ദ്രൗപതി മുർമു നിർവ്വഹിച്ചത്. സെപ്റ്റംബർ 15 വരെയാണ് ഉദ്യാനം സന്ദർശിക്കാൻ അവസരം. രാവിലെ 10 മുതൽ വൈകീട്ട് 6 വരെയായിരിക്കും പ്രവേശനം. അവസാന പ്രവേശനം വൈകിട്ട് 5.15 നായിരിക്കും. തിങ്കളാഴ്ച അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്രവേശനം അനുവദിക്കില്ല. അമൃത് ഉദ്യാന് സന്ദർശിക്കാൻ വരുന്നവർക്ക് ഇത്തവണ ആകർഷകമായൊരു സമ്മാനവും ലഭിക്കും, എന്തെന്നല്ലേ? 'സീഡ് പേപ്പർ'.വിത്തുകളായിരിക്കും ഇതിൽ നിറച്ചിട്ടുണ്ടാകുക. ഓരോ വീട്ടിലും ഹരിതയിടം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്.
ബുക്ക് ചെയ്ത് മാത്രമേ ഉദ്യാനത്തിൽ പ്രവേശിക്കാൻ സാധിക്കൂ. ബുക്കിങ് തികച്ചും സൗജന്യമാണ്. പേര് രജിസ്റ്റർ ചെയ്യാനായി visit.rashtrapatibhavan.gov.in ഈ ലിങ്കിൽ പ്രവേശിക്കാം. നേരിട്ട് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നോർത്ത് അവന്യൂ റോഡിന് സമീപമുള്ള രാഷ്ട്രപതി ഭവന്‍റെ 35-ാം നമ്പർ ഗേറ്റിന് പുറത്ത് സെൽഫ് കിയോസ്കുകൾ ഉണ്ടാകും. ഇതിൽ രജിസ്റ്റർ ചെയ്ത് കയറാം. പ്രവേശന സമയത്ത് ഡിജിറ്റൽ പാസ് കൈയ്യിൽ കരുതണം. തിരിച്ചറിയൽ രേഖയും ആവശ്യമാണ്.മൊബൈൽ ഫോണുകൾ അനുവദിക്കും. എന്നാൽ ക്യാമറകളും വീഡിയോകളും അനുവദനീയമല്ല. പാൻ, പുകയില, സിഗരറ്റ് എന്നിവ അനുവദിക്കില്ല. ബാക്ക്പാക്കും ഭക്ഷണസാധനങ്ങൾക്കും നിയന്ത്രണം ഉണ്ട്. കുടകൾ, വാലറ്റുകൾ, പേഴ്സ്, ഹാൻഡ്ബാഗുകൾ, വെള്ളം, കുഞ്ഞുങ്ങൾക്കുള്ള പാൽ കുപ്പികൾ എന്നിവ അനുവദിക്കും. ഉദ്യാനത്തിന് അകത്ത് ഫുഡ് കോർട്ടുകളും ഉണ്ട്.












Click it and Unblock the Notifications