ലാപ്‌ടോപ്പിന്റെ ചൂടില്‍ നിന്ന് ഈറനണിഞ്ഞ തേയിലത്തോട്ടങ്ങളിലേക്ക് ഒരു യാത്ര; അതും ഐടി നഗരത്തിന്റെ തൊട്ടരികെ
മണിക്കൂറുകളോളം നീളുന്ന ട്രാഫിക് ബ്ലോക്കിന്റെ കാര്യത്തില്‍ മുന്നിലാണ് ബെംഗളൂരു. കോണ്‍ക്രീറ്റ് വനത്തിനുള്ളിലെ ലാപ്‌ടോപ് ജീവിതവും കൂടിയാകുമ്പോള്‍ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടാലോ എന്ന് തോന്നുക സ്വാഭാവികം. ഇനി ബെംഗളൂരിലും സമീപ പ്രദേശങ്ങളിലും ഒക്കെ താമസിക്കുന്നവര്‍ക്ക് ശാന്തത തേടി ഒരുപാട് ദൂരെയൊന്നും യാത്ര ചെയ്യേണ്ട കാര്യമില്ല. കണ്ണിനു തെളിച്ചവും മനസിനു കുളിര്‍മയും നല്‍കുന്ന കാഴ്ചകള്‍ ബെംഗളൂരുവിന് 250 കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയുണ്ട്.
നന്ദി ഹില്‍സ്
പ്രകൃതി സുന്ദരമായ നന്ദി ഹില്‍സ് മുതല്‍ കൂര്‍ഗിലെ നയനസുന്ദരമായ ഉദ്യാനങ്ങള്‍ വരെ മികച്ച കാഴ്ചകളാണ് സമ്മാനിക്കുന്നത്. അഞ്ചു ദിവസത്തെ തിരക്കിട്ട ജോലികള്‍ക്ക് വിശ്രമം നല്‍കി രണ്ടു ദിവസം പോകാന്‍ പറ്റിയ ഇടമാണ് നന്ദി ഹില്‍സ്. ജോലി ഭാരത്തില്‍ നിന്ന് ആശ്വാസം കണ്ടെത്താനും അല്‍പം ശുദ്ധവായു ശ്വസിക്കാനും നേരെ നന്ദി ഹില്‍സിലേക്ക് വെച്ചു പിടിക്കാം. രാവിലെ ഒരു കപ്പ് ചായയും കയ്യില്‍ പിടിച്ച് ഈറനണിഞ്ഞ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ കിട്ടുന്ന ആശ്വാസം വളരെ വലുതാണ്.

ബെംഗളൂരു നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയാണ് നന്ദി ഹില്‍സ്. പെട്ടെന്ന് എത്തിച്ചേരാം. സമുദ്ര നിരപ്പില്‍നിന്ന് 4851 അടി ഉയരത്തിലാണ് നന്ദി ഹില്‍സ് സ്ഥിതി ചെയ്യുന്നത്. സമൃദ്ധമായ തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ടതാണ് നന്ദി ഹില്‍സ്. മലനിരകളും ഇടയ്ക്കിടെ വെള്ളി നൂല് പോലെയുള്ള അരുവികളുമൊക്കെയായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് നന്ദി ഹില്‍സ്. ഒരുകാലത്ത് ടിപ്പുസുല്‍ത്താന്റെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായിരുന്നു ഇവിടം.
പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്ക് പറ്റിയ ശാന്തമായ ഇടം എന്ന നിലയിലാണ് നന്ദി ഹില്‍സ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കുന്നത്. തല പുകയ്ക്കുന്ന ഐടി ജോലിയില്‍ നിന്ന് മനസ് തണുപ്പിക്കുന്ന കാഴ്ചകളിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാന്‍ കഴിയും.
തേയില കൃഷിയെക്കുറിച്ചു പഠിക്കാനുള്ള അവസരവും വിനോദസഞ്ചാരികള്‍ക്ക് ഒരുക്കുന്നുണ്ട്.
ഇവിടുത്തെ കുളിരണിഞ്ഞ കാലാവസ്ഥ തന്നെയാണ് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നത്. ഫോട്ടോഗ്രാഫിക്കുള്ള സാധ്യതകള്‍ക്ക് പുറമേ സൈക്ലിങ്ങിനും ഹൈക്കിങ്ങിനും പറ്റിയ സ്ഥലമാണിത്. ചൂട് കാലത്ത് 28 ഡിഗ്രി വരെ മാത്രമാണ് ഇവിടുത്തെ താപനില ഉയരുന്നത്. തണുപ്പ് കാലത്താകട്ടെ എട്ടു മുതല്‍ 10 വരെ ഡിഗ്രിയും. നന്തി ഹില്‍സില്‍ അതിരാവിലെയുള്ള സൈക്ലിങ് അല്ലെങ്കില്‍ ഹൈക്കിങ് ഒരു ആകര്‍ഷകമായ അനുഭവമാണ്. മൂടല്‍മഞ്ഞിന്റെ സുതാര്യതയിലൂടെ കാണുന്ന തേയിലത്തോട്ടങ്ങളും വനങ്ങളും മറക്കാനാകാത്ത അനുഭവം സമ്മാനിക്കും.
നന്ദി ഹില്‍സിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളമാണ്. അവിടെ നിന്ന് നന്ദി ഹില്‍സിലേക്ക് ഒരു ടാക്‌സിയോ ബസോ ലഭിക്കും. ട്രെയിന്‍ മാര്‍ഗമാണെങ്കില്‍ നന്ദി ഹില്‍സിന് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ചിക്കബല്ലാപ്പൂര്‍ ആണ്. അവിടെ നിന്ന് ടാക്‌സി എടുക്കാം, അല്ലെങ്കില്‍ ബസില്‍ പോകാം. നഗരമധ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഈ മലനിരകളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകാന്‍ ടാക്‌സികളും ലഭ്യമാണ്.
ചിക്കമഗളൂരിലെ കാപ്പിത്തോട്ടങ്ങള്‍
ഏക്കറുകള്‍ പരന്നുകിടക്കുന്ന കാപ്പിത്തോട്ടങ്ങള്‍ക്ക് പ്രശസ്തമാണ് ചിക്കമഗളൂര്‍. കാപ്പിക്ക് പുറമേ തേയിലയും ഇവിടെ വളര്‍ത്തുന്നുണ്ട്. ബെംഗളൂരില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണ് ചിക്കമഗളൂര്‍. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ സ്ഥലം മനോഹരമായ പ്രകൃതി ദൃശ്യങ്ങളാല്‍ സമ്പന്നമാണ്.
മലനിരകളും വെള്ളച്ചാട്ടങ്ങളും ഇടതൂര്‍ന്ന വനങ്ങളും തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും കൊണ്ട് സമ്പന്നമാണ് ഈ സ്ഥലം. നിരവധി എസ്റ്റേറ്റുകള്‍ സ്ഥിതി ചെയ്യുന്ന ചിക്കമഗളൂരില്‍ കൊളോണിയല്‍ ശൈലിയിലുള്ള വീടുകളില്‍ താമസിക്കുകയും ചെയ്യാം. പല ഹോംസ്റ്റേകളിലും പ്രകൃതി സൗഹൃദ കാര്‍ഷിക രീതികളെ കുറിച്ച് പഠിപ്പിക്കുന്നുണ്ട്. ഇവിടുത്തെ കാപ്പിത്തോട്ടങ്ങളില്‍ നിന്നും നിര്‍മ്മിച്ച കാപ്പിപ്പൊടി കൊണ്ട് ചൂടുള്ള കാപ്പി കുടിച്ച് സ്ഥലങ്ങള്‍ കാണാനും അവസരമുണ്ട്.
സകലേഷ്പൂര്‍ തേയിലത്തോട്ടങ്ങള്‍
ബെംഗളൂരുവില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് സകലേഷ്പൂര്‍. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടവും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കാപ്പിത്തോട്ടങ്ങള്‍ക്കും പേരുകേട്ടതാണ്. മറ്റുള്ള സ്ഥലങ്ങളിലുള്ള അത്ര തിരക്ക് ഈ ഹില്‍ സ്റ്റേഷനില്‍ ഇല്ല. അതിനാല്‍ സമാധാനം ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് അനുയോജ്യമായ സ്ഥലമാണിത്.
രുചിക്കും സുഗന്ധത്തിനും പേരു കേട്ടതാണ് സകലേഷ്പൂരില്‍ ഉത്പാദിപ്പിക്കുന്ന തേയിലപ്പൊടി. കുന്നിന്‍ ചരിവുകളിലെ പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങള്‍ മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് മലനിരകളില്‍ ട്രെക്കിങ്ങും നടത്താം.












Click it and Unblock the Notifications