Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് മഹീന്ദ്രയുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച സ്ഥലം. അതീ കൊച്ചു കേരളത്തിലാണ്: അഭിനന്ദിച്ച് നെറ്റിസണ്‍സ്

ബിസിനസ് ആവശ്യങ്ങള്‍ക്കായി ലോകം മുഴുവന്‍ സഞ്ചരിക്കുന്ന പ്രമുഖ വ്യവസായിയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. അദ്ദേഹത്തിന്റെ ബക്കറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച സ്ഥലം പക്ഷേ സ്വിറ്റ്‌സര്‍ലന്‍ഡും വെനീസും ഒന്നുമല്ല. അതീ കൊച്ചു കേരളത്തിലാണ്. കൊച്ചി നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറിയുള്ള പ്രകൃതിരമണീയമായ ഗ്രാമം. കോണ്‍ക്രീറ്റ് കാടുകളോ ജനബാഹുല്യമോ ബാധിക്കാത്ത ശാന്തസുന്ദരമായ കടമക്കുടി ഗ്രാമമാണ് ആനന്ദ് മഹീന്ദ്രയെ മോഹിപ്പിച്ചത്.

വിശാലമായ പൊക്കാളി പാടങ്ങളുടെയും അതിന് അതിരിടുന്ന തെങ്ങിന്‍തലപ്പുകളുടെയും കായലുകളുടെയും കണ്ടല്‍ക്കാടുകളുടെയും ദേശാടന പക്ഷികളുടെയും മനോഹരമായ വീഡിയോ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു കൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്ര തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

Anand Mahindra

കൊച്ചിയിലെ എന്നല്ല ഭൂമിയിലെ തന്നെ ഏറ്റവും പ്രകൃതിസുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കടമക്കുടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഡിസംബറില്‍ നടത്താനിരിക്കുന്ന ഒരു ബിസിനസ് യാത്രയ്ക്കിടെ കൊച്ചിക്ക് അടുത്തുള്ള മനോഹരമായ ദ്വീപുകളുടെ കൂട്ടമായ കടമക്കുടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര വെളിപ്പെടുത്തിയത്.

ആനന്ദ മഹീന്ദ്രയുടെ പോസ്റ്റ് ഇതിനകം തന്നെ മലയാളികള്‍ക്കിടയിലും അന്യസംസ്ഥാന യാത്രാ പ്രേമികള്‍ക്കിടയിലും വൈറല്‍ ആയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചോയ്‌സിനെ അഭിനന്ദിക്കുന്നുവെന്നും തണുപ്പുള്ള മാസങ്ങളിലാണ് കടമക്കുടിയുടെ സൗന്ദര്യം ഏറ്റവും പൂര്‍ണതയില്‍ എത്തുന്നതെന്നും പലരും അഭിപ്രായം പങ്കുവെക്കുന്നുണ്ട്.

'ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളുടെ പട്ടികയില്‍ കടമക്കുടിയും ഇടം പിടിച്ചിട്ടുണ്ട്. വരുന്ന ഡിസംബറില്‍ കൊച്ചിയിലേക്ക് ഒരു ബിസിനസ് ട്രിപ്പ് ഉണ്ട്. തന്റെ ബക്കറ്റ് ലിസ്റ്റ് ഇടംപിടിച്ച കടമക്കുടി കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ മാത്രം അകലെയാണ്' - ഇതായിരുന്നു ആനന്ദ മഹേന്ദ്ര എക്‌സില്‍ കുറിച്ചത്.

കൊച്ചി നഗരത്തില്‍ നിന്ന് ഏകദേശം 10-15 കിലോമീറ്റര്‍ അകലെയുള്ള മനോഹരമായ ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങള്‍, കായലുകള്‍, സ്വസ്ഥമായ ഗ്രാമീണ ജീവിതം എന്നിവയൊക്കെ കൊണ്ട് ഒരു ഛായാചിത്രം പോലെ മനോഹരമാണ് ഈ ഗ്രാമം. പ്രകൃതി സ്‌നേഹികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട കടമക്കുടി ടൂറിസത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒന്നും അധികം ഏല്‍ക്കാത്ത സ്ഥലമാണ്.

ചെറിയ പാലങ്ങളും കനാലുകളും കൊണ്ടാണ് നയനസുന്ദരമായ ദ്വീപുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത മത്സ്യബന്ധന രീതികള്‍ പിന്തുടരുന്ന ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം ചൈനീസ് മത്സ്യബന്ധന വലകളാണ്. കേരളത്തിന്റെ പരമ്പരാഗത മത്സ്യബന്ധന ജീവിത ശൈലിയുടെ ഒരു നേര്‍ക്കാഴ്ചയാണ് ഈ ദ്വീപുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുമ്പില്‍ വരച്ചുകാട്ടുന്നത്.

സൂര്യന്‍ ഉദിക്കുന്ന സമയത്തും സൂര്യാസ്തമയ സമയത്തുമാണ് കടമക്കുടി ഏറ്റവും മനോഹരമായ കാണപ്പെടുന്നത്. പ്രത്യേകിച്ച് വിശാലമായ ജലോപരിതത്തില്‍ സൂര്യാസ്തമയത്തിന്റെ കാഴ്ചകള്‍ പ്രതിഫലിക്കുന്നത് അവര്‍ണനീയമായ കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്. സന്ധ്യ സമയത്ത് നിറക്കൂട്ടുകള്‍ അണിഞ്ഞ പ്രകൃതിയുടെ കാഴ്ച്ചയും ഇവിടുത്തെ പ്രത്യേകതയാണ്.

ഇപ്പോഴും കടമക്കുടിയിലെ വിനോദസഞ്ചാരം താരതമ്യേനെ വളര്‍ന്നിട്ടില്ലാത്തതിനാല്‍ അതിന്റെ മനോഹാരിതയും ശാന്തതയും പരമ്പരാഗത ശൈലിയില്‍ തന്നെ സംരക്ഷിക്കപ്പെടുന്നുണ്ട്. പരിസ്ഥിതി ടൂറിസത്തിനും സൈക്ലിങ് ടൂറുകള്‍ക്കും പേരുകേട്ട ഒരു സ്ഥലം കൂടിയാണിത്. പ്രത്യേകിച്ച് നഗരത്തിന്റെ തിരക്കുകളില്‍ ശ്വാസംമുട്ടുന്നവര്‍ക്ക് ഏറ്റവും വലിയ ആശ്വാസം ലഭിക്കുന്നതാണ് കടമക്കുഴിയിലെ കാഴ്ചകള്‍.

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിനോട് നിരവധി പേരാണ് പോസിറ്റീവായി പ്രതികരിക്കുന്നത്. വീഡിയോയിലെ അതിമനോഹരമായ കാഴ്ചകളെ മലയാളികളല്ലാത്ത നിരവധി നെറ്റിസണ്‍സ് അഭിനന്ദിക്കുന്നുണ്ട്. ഇന്ത്യയുടെ പച്ചപ്പിന്റെയും പ്രകൃതി സമ്പത്തിന്റെയും ഉദാഹരണമായാണ് കടമക്കുടിയെ പലരും ചൂണ്ടിക്കാട്ടുന്നത്.

വിനോദസഞ്ചാര മേഖലയില്‍ ആഗോളതലത്തില്‍ തന്നെ മുന്‍നിര രാജ്യങ്ങളുമായി മത്സരിക്കാന്‍ കെല്‍പ്പുള്ള സ്ഥലമാണ് കൊച്ചിയെന്നും ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും പലരും കമന്റുകളിലൂടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നുമുണ്ട്.

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് വൈറലായതോടെ വിനോദസഞ്ചാരവകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അദ്ദേഹത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് എക്‌സില്‍ കുറിച്ചു. ആനന്ദ് മഹീന്ദ്രയ്ക്ക് സ്വാഗതമരുളാന്‍ കേരളത്തിന് സന്തോഷമെന്നാണ് മന്ത്രി പ്രതികരിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+