കോടമഞ്ഞിലെ സൂര്യോദയം, കാടിനുള്ളിലെ വെള്ളച്ചാട്ടം... ഈ സീസണിൽ പത്തനംതിട്ട വേറെ ലെവൽ
പത്തനംതിട്ടയിലേക്കാണ് യാത്രയെന്നു പറയുമ്പോൾ മനസ്സിലെത്തുന്നത് ഗവിയാണ്. കാടിനുള്ളിലൂടെ കിലോമീറ്ററുകളോളം ബസിലുള്ള യാത്ര പലരുടെയും ബക്കറ്റ് ലിസ്റ്റിലുണ്ട്. എന്നാൽ പത്തനംതിട്ട കാണാനിറങ്ങുമ്പോൾ ഇവിടെ കണ്ടുവരേണ്ട ഇടങ്ങൾ ധാരാളമുണ്ട്. കോന്നി, അടവി തുടങ്ങിയവ ഇതിൽപ്പെടുമെങ്കിലും ഇന്ന് പരിചയപ്പെടുത്തുന്നത് അത്ര പ്രസിദ്ധമല്ലാത്ത, പക്ഷേ, നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ്.
പത്തനംതിട്ടക്കാരുടെ മീശപ്പുലിമല എന്നറിയപ്പെടുന്ന അഞ്ചുമലപ്പാറയാണ് ഇതിലൊന്നാമത്തേത്. മഞ്ഞും കോടയും പച്ചപ്പ് നിറഞ്ഞ കാഴ്ചകളും കുളവും ഒക്കെയായി രസകരമായ കാഴ്ചകൾ തരുന്ന അഞ്ചുമലപ്പാറ കാണാൻ പറ്റിയ സമയവും ഇത് തന്നെയാണ്. പുലർകാലത്ത്, സൂര്യോദയ സമയത്ത് മേഘക്കൂട്ടങ്ങൾക്കിടയിലൂടെ സൂര്യനുദിച്ച് വരുന്ന കാഴ്ചയാണ് ഇവിടുത്തെ ആകർഷണം. വളരെ ചെറിയ ഒരു ട്രെക്കിങ്ങിന്‍റെ ഫീലും ഇവിടം തരും.
പത്തനംതിട്ടയിൽ നിന്നും 27 കിലോമീറ്റര്‍ അകലെ ഏനാദിമംഗലം പഞ്ചായത്തിന്‍റെ ഭാഗാമായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

പത്തനംതിട്ടയിലെ ഓഫ്ബീറ്റ് യാത്രകൾക്ക് പരീക്ഷിക്കാൻ പറ്റിയ മറ്റൊരു സ്ഥലം ആതിരമലയാണ്. ജില്ലയുടെ വിദൂരദൃശ്യങ്ങൾ കാണാനും ആസ്വദിക്കാനും ഇതിനോളം പറ്റിയ ഇടമില്ല. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആതിരമലയുടെ മുകളിൽ നിന്നാൽ പന്തളത്തിന്‍റെ ല ഭാഗങ്ങളും കാണാം. അതുരൻ എന്നു പേരായ അസുരനുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പേരു ലഭിച്ചത്. ആതിരമല ശിവപാര്‍വ്വതി ക്ഷേത്രവും ഇവിടെ കാണേണ്ടതാണ്.
കാടും മലയും കയറാത്ത ഒരു യാത്രയാണെങ്കിൽ അതിനു പറ്റിയ സ്ഥലം ഇരുതോട് വെള്ളച്ചാട്ടമാണ്. ജില്ലയിൽ തന്നെ അധികമാർക്കും അറിയാത്ത ഈ സ്ഥലം കോന്നി തണ്ണിത്തോട് പേരുവാലി വനത്തിനുള്ളിലെ ചാവരുപാണ്ടി അരുവിയിലാണുള്ളത്. തവരുപാണ്ടി തടാകം എന്നും പ്രാദേശികമായി ഇതിനു പേരുണ്ട്. നൂറടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം കാടിനുള്ളിലായതിനാൽ ചെറിയൊരു ട്രെക്കിങ് നടത്തി വേണം വരാൻ.
ഓരോ സീസണിലും ഓരോതരം ഭംഗിയാണ് ഈ വെള്ളച്ചാട്ടത്തിന്. അതുകൊണ്ട് തന്നെ കടുത്ത വേനലിൽ ഒഴികെ ഏതു സമയത്തും ഇവിടേക്കെത്താം. കോന്നി- തണ്ണിത്തോട് റോഡിലെ പെരുവാളി തേക്കിന് തോട്ടത്തിലൂടെയാണ് ഇങ്ങോട്ട് വരേണ്ടത്.
ഈ സ്ഥലങ്ങൾ കൂടാതെ, കുളത്തുമണ്‍ പടപ്പാറ, രാക്ഷസന്‍പാറ, പടപ്പാറ, ഇരപ്പന്‍ചാൽ, ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങി വേറെയും ഓഫ്ബീറ്റ് സ്ഥലങ്ങൾ പത്തനംതിട്ടയിലുണ്ട്. മഴപെയ്ത് പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന സമയമാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം. മഴയൊന്ന് ശമിക്കുമ്പോഴേയ്ക്കും ഇവിടം സഞ്ചാരികൾക്കായി പൂര്‍ണ്ണമായും തയ്യാറെടുത്തിട്ടുണ്ടായിരിക്കും. മലമുകളിലെ സ്ഥലങ്ങളാണെങ്കില് കോടമഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ചയും കാണാം.












Click it and Unblock the Notifications