അഞ്ചുരുളി; അതിശയങ്ങൾ ഒളിപ്പിച്ച് വെച്ച തുരങ്കത്തിലേക്ക് ഒരു യാത്ര പോകാം കെഎസ്ആർടിസിയിൽ
കോട്ടയം: കെഎസ്ആർടിസിയിൽ അഞ്ചുരുളി വരെയൊന്ന് പോയാലോ? വിളിച്ചോളൂ കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിലേക്ക്. ഈ മാസം 22 നാണ് യാത്ര പോകുന്നത്. യാത്രയെ കുറിച്ച് കൂടുതലറിയാം.
ഇയ്യോബിന്റെ പുസ്തകം എന്ന സിനിമ ഇറങ്ങിയപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സ്ഥലങ്ങളിലൊന്നായിരുന്നു അഞ്ചുരുളിയെന്ന തുരങ്കം. അഞ്ചുരിളിയുടെ സൗന്ദര്യം വൈകാതെ തന്നെ അവിടേക്ക് ആളുകളെ ആകർഷിച്ച് തുടങ്ങി.ഇരട്ടയാര്‍ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നേതൃത്വത്തിൽ 1974 ലാണ് അഞ്ചുരുളി തുരങ്കം നിർമ്മിച്ചത്. ജലാശയത്തോട് ചേർന്നുള്ള അഞ്ച് മലകൾ ഉരുളി കമിഴ്ത്തിയത് പോലെ കാണുന്നതിനാൽ ആദിവാസികളാണ് ഈ സ്ഥലത്തിന് അഞ്ചുരുളിയെന്ന് പേരിട്ടത്.

ഒറ്റപ്പാറയിലാണ് ഈ തുരങ്കം നിർമ്മിച്ചിരിക്കുന്നത്. 5.5 കിമി നീളവും 24 അടി വ്യാസവുമാണ് തുരങ്കത്തിന് ഉള്ളത്. ടണലിലൂടെ വെള്ളം ഡാമിൽ പതിക്കുന്നത് തന്നെയാണ് അവിടുത്തെ രസകരമായ കാഴ്ച. അഞ്ചുരുളിയാണ് പ്രധാന ലൊക്കേഷനെങ്കിലും യാത്രയിൽ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ, കാൽവരി മൗണ്ട്, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി എന്നീ സ്ഥലങ്ങൾ കൂടി സന്ദർശിക്കാം.
രാവിലെ 05.30 ന് പുറപ്പെട്ട് രാത്രി 09:30 ന് തിരികെ എത്തുന്ന രീതിയിലാണ് പാക്കേജ്. ടിക്കറ്റ് ചാർജ് ഒരാൾക്ക് 580 രൂപയാണ്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റും ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.
ഈ മാസം കോട്ടയം ബജറ്റ് സെൽ അവതരിപ്പിക്കുന്ന മറ്റ് യാത്രകൾ കൂടി നോക്കാം
ഗവി പാക്കേജ് (21ന് )
രാവിലെ 05:00 മണിക്ക് കോട്ടയത്തു നിന്ന് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തും .ഗവിയിലൂടെ 70 കിലോമീറ്റർ ജംഗിൾ സഫാരി , ബോട്ടിങ്ങ്, ഉച്ചഭക്ഷണം, തുടർന്ന് പരുന്തുംപാറ സന്ദർശിച്ച് മടക്കം.
എൻട്രി ഫീസ്, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ അടക്കം ടിക്കറ്റ് ചാർജ് ഒരാൾക്ക്
1650 രൂപ.
മൂന്നാർ ഏകദിന ഉല്ലാസ യാത്ര (29 ന്)
ആനവണ്ടിയിൽ ആഘോഷമായി മുന്നാറിലേയ്ക്ക് പോകാം.. അതും കുറഞ്ഞ ചിലവിൽ.കെ.എസ്.ആർ.ടി.സിയുടെ മൂന്നാർ ഏകദിന ഉല്ലാസയാത്ര:
ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ , ടീ മ്യൂസിയം , എക്കോ പോയിന്റ് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് മടക്കം. രാവിലെ 04.30 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരികെ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിരക്ക് 900 രൂപയാണ്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും മറ്റും ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.












Click it and Unblock the Notifications