വന്ദേ ഭാരതിന് പിന്നാലെ ആപ്പിള്‍ എക്‌സ്പ്രസ്? പ്രതീക്ഷയോടെ കര്‍ഷകര്‍: വീണ്ടും തളിര്‍ക്കുന്ന കാശ്മീരിലെ ജീവിതം
ശ്രീനഗര്‍: കത്ര-ശ്രീനഗര്‍ വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതിനു ശേഷം കാശ്മീരിലെ വിനോദ സഞ്ചാര മേഖലയില്‍ വലിയ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. ഇതിനകം നിരവധി പേരാണ് വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്തത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കാശ്മീര്‍ ജനതയുടെ ജീവിതം തിരിച്ചുവരവിന്റെ പാതയിലാണ്.
വന്ദേ ഭാരത് ഹിറ്റായതിന് പിന്നാലെ കാശ്മീരിലെ പ്രാദേശിക കര്‍ഷകര്‍ പുതിയൊരു പ്രതീക്ഷയിലാണ്. തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിള്‍ ഇന്ത്യയിലുടനീളമുള്ള വിപണികളിലേക്ക് അയയ്ക്കാന്‍ ഒരു 'ആപ്പിള്‍ എക്സ്പ്രസ്'. കാശ്മീരിലെ പ്രശസ്തമായ ആപ്പിള്‍ ഇന്ത്യയിലുടനീളമുള്ള വിപണികളിലേക്ക് അയയ്ക്കാനും കൂടുതല്‍ കാലം പഴങ്ങള്‍ പുതുമയോടെ നിലനിര്‍ത്താനും പുതിയ ചരക്ക് ട്രെയിന്‍ സര്‍വീസ് വേണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്.

പതിറ്റാണ്ടുകളായി ആപ്പിള്‍ കര്‍ഷകര്‍ ശ്രീനഗര്‍-ജമ്മു ഹൈവേയെയാണ് തങ്ങളുടെ വിളകള്‍ കൊണ്ടുപോകാന്‍ ആശ്രയിച്ചിരുന്നത്. ഇത് ചെലവേറിയതും കൂടുതല്‍ സമയമെടുക്കുന്നതുമാണ്. പര്‍വത പ്രദേശങ്ങളിലൂടെയുള്ള റോഡ് യാത്ര ഏറെ വെല്ലുവിളികളും നിറഞ്ഞതാണ്. കാലാവസ്ഥ പ്രതികൂലമാകുമ്പോള്‍ ഈ യാത്ര അപകടകരമായി മാറും.
പലപ്പോഴും മണ്ണിടിച്ചിലും മിന്നല്‍ പ്രളയവുമൊക്കെ ചരക്കു ഗതാഗതത്തിന് തടസമാകാറുണ്ട്. ഇപ്പോള്‍, കാശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസ് വന്നതോടെ തങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ആപ്പിളുകള്‍ ദൂര സ്ഥലങ്ങളിലേക്കു കൊണ്ടുപോകാന്‍ ഒരു ചരക്ക് തീവണ്ടി അവര്‍ പ്രതീക്ഷിക്കുകയാണ്.
കാശ്മീരിനായി ഒരു പ്രത്യേക ചരക്ക് തീവണ്ടി അനുവദിക്കാന്‍ കഴിഞ്ഞ മാസം റെയില്‍വേ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതായി കാശ്മീര്‍ വാലി ഫ്രൂട്ട് ഗ്രോവേഴ്സ്-കം-ഡീലേഴ്സ് യൂണിയന്‍ പ്രസിഡന്റ് ബഷീര്‍ അഹമ്മദ് പറഞ്ഞു.
കാശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് ഒരു ഗുഡ്സ് ട്രെയിന്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നത് റെയില്‍വേ അധികൃതരെ ബോധ്യപ്പെടുത്തി. അത് സാധ്യമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. റെയില്‍വേ ട്രാക്ക് ഇതിനകം തന്നെ അവിടെയുണ്ട്. ഇനി വേണ്ടത് കേന്ദ്രത്തിന്റെ സമ്മതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി കാണിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കാശ്മീരിനെ സംബന്ധിച്ചിടത്തോളം ആപ്പിള്‍ കൃഷി 8000 കോടിയുടെ ബിസിനസാണ്. ഇന്ത്യയിലെ ആപ്പിളിന്റെ 75 ശതമാനവും കാശ്മീരിലാണ് ഉത്പാദിപ്പിക്കുന്നത്. 3.5 ദശലക്ഷത്തിലധികം ആളുകളാണ് ഈ കൃഷിയെ ആശ്രയിച്ചു കഴിയുന്നത്.
കാശ്മീരിന്റെ റെയില്‍ കണക്റ്റിവിറ്റി ആപ്പിള്‍ കര്‍ഷകരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കാശ്മീരിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ചരക്കു തീവണ്ടി കൂടി അനുവദിക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications