44 വിഭവങ്ങൾകൂട്ടിയൊരു ആറൻമുള സദ്യ, പാക്കേജ് ഉണ്ട് പോരുന്നോ?; വയനാട്ടിലേക്കും അട്ടപ്പാടിയിലേക്കും പോകാം
ആറൻമുള സദ്യയും ഉണ്ട് പഞ്ച പാണ്ഡവ ക്ഷേത്രവും കണ്ട് വന്നാലോ? കോട്ടയം കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ആണ് ഇത്തരമൊരു യാത്ര ഒരുക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് യാത്ര. "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര " എന്ന പേരിൽ നടത്തുന്ന ഈ യാത്രയെ കുറിച്ച് വിശദമായി അറിയാം
ഏതൊക്കെയാണ് പാണ്ഡവ ക്ഷേത്രങ്ങൾ?
തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവ ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ എന്നതാണ് സങ്കൽപം.
യാത്രയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് പാണ്ഡവരുടെ മാതാവായ കുന്തീദേവീ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന മുതുകുളം പാണ്ഡവര്‍കാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കുമെന്നതാണ്.

44 വിഭവങ്ങൾ കൂട്ടിയുള്ള സദ്യ ആവാലോ?
ഈ വർഷത്തെ വള്ള സദ്യ വഴിപാടുകൾ ജൂലൈ 13 നാണ് ആരംഭിക്കുക. ഒക്ടോബര്‍ രണ്ട് വരെയയാണ് സദ്യ നടക്കുക. സദ്യയിലെ ചടങ്ങുകൾ കാണുന്നതിനും, കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ കഴിക്കാനും സഞ്ചാരികൾക്ക് അവസരം ഉണ്ടാകും. അത് മാത്രമല്ല, ലോഹക്കൂട്ടുകളാൽ നിർമ്മിക്കുന്ന പ്രസിദ്ധമായ ആറൻമുളക്കണ്ണാടി നേരിൽ കാണാനുള്ള അവസരവും ലഭിക്കും.
ജുലൈ 20 ഞായറാഴ്ചയാണ് യാത്ര തയ്യാറാക്കിയിരിക്കുന്നത്. ഒരാൾക്ക് വരുന്ന ചിലവ് 370 രൂപയാണ്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 8089158178.
കെഎസ്ആർടിസിക്കൊപ്പം ജുലൈ ആഘോഷമാക്കാം
ക്ഷേത്ര ദർശനം മാത്രമേ ഉള്ളൂവെന്നാണ് പരാതിയെങ്കിൽ പയ്യന്നൂർ കെ എസ് ആർ ടി സി ബജറ്റ് സെൽ ഈ മാസം വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിവിധ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ജുലൈ 13ന് വയനാട് യാത്രയാണ്. രാവിലെ ആറ് മണിക്ക് പുറപ്പെട്ട് രാത്രി 10.30 ന് മടങ്ങിയെത്തുന്ന തരത്തിലാണ് പാക്കേജ്. ഒരാൾക്ക് 760 രൂപയാണ് ചെലവ് വരുന്നത്. ഈ മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ളതാണ് പാക്കേജ്. മഴ കനത്താൽ വയനാട്ടിലെ പല മലയോര മേഖലകളിലും യാത്ര നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തും. അതുകൊണ്ട് തന്നെ ഈ വയനാട് യാത്ര മിസ് ആക്കേണ്ട.
13 ന് തന്നെ പൈതലമല യാത്രയും
കണ്ണൂരിന്റെ മിനി ഊട്ടിയാണ് പൈതൽമല. എന്ന് വെച്ചാൽ കോടയും മഴയുമെല്ലാം ആസ്വദിക്കാൻ പറ്റിയ ഇടം. സാഹസിക സഞ്ചാരികളാണ് നിങ്ങളെങ്കിൽ ഇനിയും വൈകേണ്ട. 520 രൂപ വരുന്ന ഈ പാക്കേജ് തിരഞ്ഞെടുക്കാം. പൈതൽമല ട്രെക്കിങ്ങ് തന്നെയാണ് ഈ യാത്രയിലെ പ്രധാന ആകർഷണം. കോടയെ വകഞ്ഞ് മാറ്റി കാട്ടിനുള്ളിലൂടെ ചെറുവെള്ളച്ചാട്ടങ്ങളെല്ലാം കണ്ട് രസകരമായൊരു യാത്ര. രാവിലെ ആറ് മണിക്ക് പുറ്പപെട്ട് രാത്രി 7 മണിയോടെ എത്തുന്ന തരത്തിലാണ് പാക്കേജ് ഒരുക്കിയിരിക്കുന്നത്.
ഇനി അൽപം ദൂരത്തേക്ക് പോകാനാണ് താതപര്യമെങ്കിൽ ജുലൈ 18 ന് ഉള്ള സൈലന്റ് വാലി-അട്ടപാടി പാക്കേജ് തിരഞ്ഞെടുക്കാം. ഇത് ദ്വദിന ട്രിപ്പാണ് കേട്ടോ. ജുലൈ 18 ന് രാത്രി 10 മണിയോടെയാണ് യാത്ര തിരിക്കുന്നത്. സ്ഥലങ്ങളെല്ലാം ആസ്വദിച്ച് കണ്ടതിന് ശേഷം ജുലൈ 20 ന് പുലർച്ചെ നാല് മണിയോടെ നാട്ടിൽ തിരിച്ചെത്തും. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ-9495403062, 9745533423.












Click it and Unblock the Notifications