പുതുവര്‍ഷത്തിലെ ആദ്യ യാത്ര ബെംഗളൂരുവിലേക്കായാലോ? പൂക്കളില്‍ അറിയാം വാത്മീകിയുടെ കഥ
പുതുവര്‍ഷത്തില്‍ എവിടേക്ക് യാത്ര പോകും എന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍? എന്നാല്‍ ഇനി ഒട്ടും വൈകിക്കേണ്ട വേഗം വിട്ടോ ബെംഗളൂരുവിലേക്ക്. ബെംഗളൂരുവിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ കേന്ദ്രബിന്ദുവായ ലാല്‍ബാഗ് പുഷ്പമേള ജനുവരി 16 മുതല്‍ 26 വരെ നടാക്കാന്‍ പോകുകയാണ്. രാമായണ ഇതിഹാസം രചിച്ച മഹര്‍ഷി വാല്‍മീകിക്കാണ് ഈ വര്‍ഷത്തെ ലാല്‍ബാഗ് പുഷ്പമേള തീം സമര്‍പ്പിക്കുന്നത്.
ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ വാല്മീകിയുടെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളും രാമായണ കഥകളും ചിത്രീകരിക്കുന്നതിന് വിപുലമായ പുഷ്പ ഇന്‍സ്റ്റാളേഷനുകള്‍ ആണ് ഉപയോഗിക്കും. മുന്‍കാലങ്ങളില്‍ കെങ്കല്‍ ഹനുമന്തയ്യ, ബസവണ്ണ, ബിആര്‍ അംബേദ്കര്‍ തുടങ്ങിയ വ്യക്തികളെയാണ് പുഷ്പ മേളയില്‍ ആദരിച്ചിരുന്നത്. ഇത്തവണ വാല്‍മീകിയെ ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു എന്നാണ് ഹോര്‍ട്ടികള്‍ച്ചര്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഒരു ഉറുമ്പിന്റെ പുറ്റിനുള്ളില്‍ ധ്യാനിക്കുന്ന വാല്‍മീകിയുടെ പുഷ്പ പ്രതിനിധാനം, ഇന്നത്തെ നേപ്പാളില്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹത്തിന്റെ ആശ്രമം, ലവയുടെയും കുശന്റെയും ജനനം എന്നിവ പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടും. ലക്ഷക്കണക്കിന് പൂക്കളും അത് കൊണ്ടൊരുക്കുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചകളും ആണ് ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്കായി ഒരുക്കുക.
ലാല്‍ ബാഗിലെ ഗ്ലാസ് ഹൗസിലാണ് ഏറ്റവും മനോഹരമായ പൂക്കളുടെ അലങ്കാരങ്ങള്‍ ഉണ്ടായിരിക്കുക. 25 ലക്ഷം പൂക്കള്‍ ഒരുക്കിയാണ് വാത്മീകിയുടെ ജീവിതകഥ വിവരിക്കുക. 11 ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന പുഷ്പ മേള കാണാന്‍ സന്ദര്‍ശകര്‍ക്ക് രാവിലെ 7.00 മുതല്‍ വൈകിട്ട് 7.00 മണി വരെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ടിക്കറ്റ് ഉപയോഗിച്ച് പ്രവേശനം നിയന്ത്രിക്കും.
മുതിര്‍ന്നവര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 80 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ 10 രൂപയും ടിക്കറ്റിനായി കൊടുക്കണം. വാരാന്ത്യങ്ങളില്‍ തിരക്ക് കണക്കിലെടുക്ക് നിരക്ക് കൂടുതലായിരിക്കും. മുതിര്‍ന്നവര്‍ക്ക് വാരാന്ത്യങ്ങളില്‍ 100 രൂപയും കുട്ടികള്‍ക്ക് 30 രൂപയും ആണ് നിരക്ക്. അതേസമയം യൂണിഫോമില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ദിവസവും പ്രവേശനം സൗജന്യമായിരിക്കും.
മോണിംഗ് വാക്കിനെത്തുന്നവര്‍ക്ക് രാവിലെ 9 മണിക്ക് മുമ്പും പ്രവേശനം സൗജന്യമായിരിക്കും. ലാല്‍ബാഗ് ഗാര്‍ഡന് സമീപമുള്ള പ്രവേശന കൗണ്ടറുകളില്‍ നിന്ന് മാത്രമേ ടിക്കറ്റുകള്‍ ലഭിക്കൂ. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നതല്ല. ലാല്‍ബാഗ് മെട്രോ സ്റ്റേഷന്‍ ആണ് ഏറ്റവും അടുത്തുള്ള ഗതാഗത മാര്‍ഗം.












Click it and Unblock the Notifications