ഊട്ടിയും കൊടൈക്കനാലും പോകാനൊത്തില്ലേ? എന്തിന് വിഷമിക്കണം, ഊട്ടി തോൽക്കും കാഴ്ചയുണ്ട് കേരളത്തിൽ,ഇതാ
ഇടുക്കി: വേനൽ കടുത്തതോടെ കേരളത്തിലടക്കമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം ഊട്ടിയും കൊടൈക്കനാലുമായിരുന്നു. ആയിരക്കണക്കിന് പേരായിരുന്നു ഇവിടങ്ങളിലേക്ക് യാത്ര തിരിച്ചത്. സന്ദർശകരുടെ എണ്ണം അനിയന്ത്രിതമായതോടെ ഇരു സ്ഥാലങ്ങളിലേക്കും പ്രവേശനത്തിന് മദ്രാസ് ഹൈക്കോടതി ഈ പാസ് ഏർപ്പെടുത്തി. മെയ് 7 മുതലായിരുന്നു ഇ-പാസ് നിർബന്ധമാക്കിയത്.
എന്നാൽ ഇ-പാസ് എത്തിയതോടെ പലരും ഇവിടങ്ങളിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രയിലെ നൂലാമാലകൾ ഒഴിവാക്കാനാണ് ഇരു സ്ഥലങ്ങളേയും സഞ്ചാരികൾ കൈയ്യൊഴിഞ്ഞത്. ഈ നിയന്ത്രണത്തിൽ ലോട്ടറി അടിച്ചതോ മൂന്നാറിനും. കൃത്യസമയത്ത് വേനൽമഴ കൂടി എത്തിയതോടെ മൂന്നാർ ഉഷാറായി,സഞ്ചാരികളും ഒഴുകി തുടങ്ങി.

വേനൽ കനത്തതോടെയാണ് മൂന്നാറിനെ സഞ്ചാരികൾ ഒഴിവാക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇവിടേക്ക് സഞ്ചാരികൾ കൂട്ടമായി എത്തുകയാണ്. 18 വർഷത്തിനിടെ ഏറ്റവും വലിയ തിരക്ക് മൂന്നാറിലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മൂന്നാറിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പോലീസിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലായിരുന്നു തിരക്ക്. ഇതോടെ മണിക്കൂറുകളോളം പലരും വാഹനത്തിൽ കുടങ്ങി. എന്തായാലും സഞ്ചാരികൾ കൂട്ടമായി എത്തിയതുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മൂന്നാറും മേഖലയിലെ വഴിയോരക്കച്ചവടക്കാരുമെല്ലാം.
ഒരിടവേളയ്ക്ക് ശേഷം ഇവിടെ കോടമഞ്ഞ് ഇറങ്ങി തുടങ്ങിയതും ആളുകളിൽ കൗതുകം തീർക്കുന്നുണ്ട്. കേരളം മുഴുവൻ ചുട്ടുപൊള്ളുമ്പോൾ ഉത്തരേന്ത്യയിൽ പോയത് പോലെ തണുത്ത് നിൽക്കുന്ന മൂന്നാർ ശരിക്കും രസകരമായൊരു അനുഭവം തന്നെയെന്ന് സഞ്ചാരികൾ പറയുന്നു.
മൂന്നാർ എത്തുന്ന സഞ്ചാരികളെ കൊതിപ്പിക്കുന്ന കാഴ്ചകളിൽ ഒന്ന് ഗ്യാപ് റോഡാണ്. കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ ഗ്യാപ്പ് റോഡ് നേരത്തേ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. മഞ്ഞും കൂടി എത്തിയതോടെ കാഴ്ച 'വേറെ ലെവൽ' എന്ന് സഞ്ചാരികൾ.
കേരളത്തിൻറെ സ്വിറ്റ്സർലാൻഡ്
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു.തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, മഞ്ഞിൽ നിറഞ്ഞ് നിൽക്കുന്ന ഈ കാഴ്ചകളും മൂന്നാറിന്റെ പ്രകൃതിഭംഗിയുമൊക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
സിഗ്നൽ പോയിന്റ്, ലോക്ക്ഹാര്‍ട്ട് ഫോട്ടോ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ, മലൈ കള്ളന്‍കേവ്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഓറഞ്ച് പ്ലാന്റ്, ആനയിറങ്കല്‍ഡാം, സ്‌പൈസസ് ഫാം വിസിറ്റ്, ചതുരംഗപ്പാറ , ഫോട്ടോ പോയിന്റ്, ടീ ഫാക്ടറി വിസിറ്റ്- മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, പുതുകടി വ്യൂ പോയിന്റ്, കുണ്ടള ഡാം, ചണ്ടുവരൈ വെസ്റ്റ് വ്യൂ പോയിന്റ്, ടോപ് സ്റ്റേഷന്‍ , കന്നിമലൈ വ്യൂ, ഏട്ടാം മൈല്‍വ്യൂ പോയിന്റ്, തലയാര്‍വ്യൂ പോയിന്റ്, ലക്കം വെള്ളച്ചാട്ടം, ചട്ട മുന്നാര്‍ വ്യൂ, സാന്‍ഡല്‍ഫോറസ്റ്റ്, ശര്‍ക്കര ഫാക്ടറി, മുനിയറ വ്യൂ ഇങ്ങനെ പോകുന്നു മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ. കാന്തല്ലൂരും മറയൂരുമൊന്നും പോകാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ അല്ലേ..












Click it and Unblock the Notifications