മംഗളൂരു-ഗോവ വന്ദേഭാരതിൽ ഒഴിഞ്ഞ് കിടക്കുന്നത് 300 ഓളം സീറ്റുകൾ: കോഴിക്കോടേക്ക് എന്ന് നീട്ടും?
കൊച്ചി; ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ളത് കേരളത്തിലൂടെ ഓടുന്ന വന്ദേഭാരത് സർവ്വീസുകൾക്കാണ്. അതുകൊണ്ട് തന്നെ സംസ്ഥാനത്തേക്ക് കൂടുതൽ വന്ദേഭാരത് വേണമെന്ന ആവശ്യം യാത്രക്കാർ ഉയർത്തുന്നുണ്ട്.
ഉടൻ തന്നെ പുതിയൊരു വന്ദേഭാരത് സർവ്വീസ് കൂടി കേരളത്തിന് അനുവദിക്കണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചത്. ബെംഗളൂരിൽ നിന്നും നാഗർകോയിലിലേക്കായിരിക്കും പുതിയ സർവ്വീസ് എന്നാണ് റിപ്പോർട്ട്.

അതിനിടെ കാലിയായി ഓടുന്ന മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്‌പ്രസ് കേരളത്തിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് യാത്രക്കാർ.കോഴിക്കോടേക്ക് സർവ്വീസ് നീട്ടിയാൽ സർവ്വീസ് ലാഭകരമാകുമെന്നിരിക്കെ എന്തുകൊണ്ടാണ് റെയിൽവെ ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കാത്തത് എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.
കേരളത്തിൽ നിന്നും സർവ്വീസ് നടത്തുന്ന മൂന്ന് വന്ദേഭാരത് സർവ്വീസുകൾക്കും സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. അതേസമയം മംഗളൂരിൽ നിന്നും ഗോവയിലേക്ക് പോകുന്ന വന്ദേഭാരത് പലപ്പോഴും കാലിയടിച്ചാണ് യാത്ര. 2023 ഡിസംബറിലാണ് ഈ വന്ദേഭാരത് സർവ്വീസ് തുടങ്ങിയത്. അന്ന് മുതൽ തന്നെ 30 ശതമാനം മാത്രമാണ് ട്രെയിനിൻ്റെ ഒക്യുപെൻസി.
റെയിൽവണ്‍ ആപ്പ് പ്രകാരം ഇപ്പോഴും 300-400 സീറ്റുകൾ ഒഴിഞ്ഞാണ് ട്രെയിൻ സർവ്വീസ് നടത്തുന്നത്. ട്രെയിൻ കോഴിക്കോടേക്ക് നീട്ടിയാൽ മംഗളൂരുവിനും കോഴിക്കോടിനും ഇടയിൽ രാവിലെയും രാത്രിയിലും ഒട്ടേറെ യാത്രക്കാർക്ക് സർവ്വീസ് ഗുണകരമാകും.
രാവിലെ 8.30ന് മംഗളൂരു സെൻട്രലിൽനിന്നു പുറപ്പെടുന്ന വന്ദേഭാരത് രാത്രി 10.45ന് ആണു തിരിച്ചെത്തുന്നത്. അതായത് ഏകദേശം 10 മണിക്കൂറോളം മംഗളൂരു സ്റ്റേഷനിൽ ട്രെയിൻ വെറുതെ കിടക്കുകയാണ്. അതുകൊണ്ട് തന്നെ ട്രെയിൻ കോഴിക്കോടേക്ക് നീട്ടുന്നത് ഫലപ്രദമായിരിക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
മംഗളൂരു സെൻട്രലിൽ നിന്നു കോഴിക്കോട്ടേക്ക് വൈകിട്ട് 6.15നു പുറപ്പെടുന്ന മലബാർ എക്സ്പ്രസ് കഴിഞ്ഞാൽ 11.45ന് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മാത്രമാണു പ്രതിദിന ട്രെയിൻ. മറ്റു ട്രെയിനുകളുടെ സമയത്തെ ബാധിക്കാതെ വന്ദേഭാരതിനു കോഴിക്കോടു നിന്നു മംഗളൂരുവിലേക്കും തിരിച്ചും യാത്ര നടത്താൻ കഴിയുമെന്ന് എംകെ രാഘവൻ എംപി ഉൾപ്പെടെ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
ട്രെയിൻ കോഴിക്കോടേക്ക് കൂടി നീട്ടിയാൽ കേരളത്തിൽ നിന്നും കൊല്ലൂരിലേക്കും ഗോവയിലേക്കുമെല്ലാം പോകുന്ന നിരവധി യാത്രക്കാർക്ക് സഹായകരമാകും. കോഴിക്കേടേക്ക് നീട്ടിയാൽ തന്നെ സർവ്വീസ് ലാഭകരമാകും. അതിനുശേഷം ട്രെയിൻ ഷൊർണൂരേക്കും നീട്ടണമെന്നാണ് യാത്രകാകരുടെ ആവശ്യം.


Click it and Unblock the Notifications