തവാങ് പോയാലോ? ഇതാണ് പറ്റിയ സമയം..ഉദയ സൂര്യന്റെ നാട്ടിലേക്ക് പാക്കേജ്
യാത്രകൾ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കൾ തമ്മിൽ കാണുമ്പോൾ തീർച്ചയായും ചർച്ച അടുത്തത് എങ്ങോട്ട് എന്നായിരിക്കും. ചിലവ് കൂടിയാലും കുറഞ്ഞാലും അടിച്ചുപൊളിക്കാനും കണ്ടുതീർക്കാനുമുള്ള വക ഒട്ടും കുറയ്ക്കരുത് എന്ന കാര്യം ഈ ചർച്ചയിൽ ഇടംപിടിക്കാതിരിക്കില്ല. സുഹൃത്തുക്കളുമൊത്ത് പോകുമ്പോൾ അതൊരു സാധാരണ യാത്രയായിരിക്കരുത്. എന്നെന്നും മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന വിധത്തിൽ ഒരു യാത്രകൂടി ആയിരിക്കണ്ടേ അത്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു യാത്ര ഞങ്ങൾ പരിചയപ്പെടുത്താം.
വടക്കു കിഴക്കന്‍ ഇന്ത്യയിലേക്കാണ് ഈ യാത്ര. രാജ്യത്തിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളുന്ന, കാടും തടാകങ്ങളും കൃഷിയിടങ്ങളും മലമേടുകളും പർവ്വതങ്ങളുമെല്ലാമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കാണാൻ ഐ ആർ സി ടി സിക്കൊപ്പം കയറി പോകാം. ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേക എന്താണെന്ന് വെച്ചാൽ നിങ്ങൾ പോകുന്ന സ്ഥലങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഒറ്റയടിക്ക് തന്നെ കണ്ടുതീർക്കാം എന്നതാണ്. പാക്കേജിനെ കുറിച്ച് വിശദമായി നോക്കിയാലോ?

ഉദയ സൂര്യന്റെ നാട് എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് കാണാൻ ഐ ആർ സി ടി സി ഒരുക്കുന്ന പാക്കേജ് ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയാണ്. പഴയ കഥകൾ പറഞ്ഞും രാത്രി മുഴുവൻ വർത്തമാനം പറഞ്ഞും പുതിയ ഇടങ്ങളും കാഴ്ചകളും മതിവരുവോളം ആസ്വദിക്കാനും ഫോട്ടോ പകർത്താനും ഒക്കെ പറ്റിയ, കൂട്ടുകാര്‍ക്കൊപ്പം യാത്ര പോകേണ്ട അരുണാചൽ വരും ദിവസങ്ങളിൽ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പരിഗണിക്കുവാൻ പറ്റിയ ഒന്നാണ്.
എല്ലാ വെള്ളിയാഴ്ചയും പുറപ്പെടുന്ന യാത്രയിൽ ഇവിടുത്ത പ്രശസ്ത ഇടങ്ങളായ ബോംഡില, ദിരാംഗ്, തവാങ്, തേസ്പൂർ എന്നീ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. ഗുാഹത്തിയിൽ നിങ്ങൾ എത്തുന്നതോടെ യാത്ര ആരംഭിക്കും. എയർ പോർട്ടിലായാലും റെയില്‍വേ സ്റ്റേഷനിൽ ആണെങ്കിലും നിങ്ങളെ കൊണ്ടുപോകുവാൻ ഐ ആർ സി ടി സിയുടെ ബന്ധപ്പെട്ട ആളുകൾ എത്തും. നേര് പോകുന്നത് തേസ്പൂരിലേക്കോ അല്ലെങ്കിൽ ബാലുക്പോങ്ങിലേക്കോ ആയിരികും. രാത്രി ചെലവഴിക്കുന്നത് തേസ്പൂരിൽ.
രണ്ടാം ദിവസം രാവിലെ ദിരാങ്ങിലേക് പോകും. ഈ വഴിയിൽ ടിപ്പി ഓര്‍ക്കിഡ് സെന്‍റർ, ചൂടുവെള്ളം വരുന്ന ഉറവ എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. തുടർന്ന് മറ്റു പ്ലാനുകളൊന്നുമില്ലാത്തതിനാൽ വൈകുന്നേരവും രാത്രിയും നിങ്ങൾക്ക് സ്വന്തമായി പ്ലാൻ ചെയ്യാം. കൂട്ടുകാർ ഒപ്പമുള്ളതിനാൽ ക്യാംപ് ഫയറും കഥകളുമൊക്കയായി ഒരു രാത്രി ആലോചിക്കാവുന്നതാണ്.
മൂന്നാം ദിവസം ദിരാങ്ങില്‍ നിന്ന് തവാങ്ങിലേക്ക് പോവുകയാണ്. ഈ യാത്രയിലെ മനോഹരമായ കാഴ്ചകളിലേക്കായി മനസ്സിനെ ഒരുക്കി വേണം പോകുവാൻ. മഞ്ഞുമൂടിക്കിടക്കുന്ന സെല്ലാ പാസ് ആണ് ആദ്യം മുന്നിലെത്തുന്നത്. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലാണ് ഇവിടമുള്ളത്. തുടർന്ന് സന്ദർശിക്കുന്നത് ജസ്വന്ത്ഗർ യുദ്ധ സ്മാരകം ആണ്. 1962 ലെ യുദ്ധത്തിൽ അധിനിവേശ ചൈനക്കാർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ ജസ്വന്ത്ഗര് എന്ന സൈസികന്‍റെ ഓർമ്മകളുള്ള സ്ഥലമാണിത്. തുടർന്ന് ജംഗ് വെള്ളച്ചാട്ടം സന്ദർശിച്ച് തവാങ്ങിൽ രാത്രി ചെലവഴിക്കും.
നാലാം ദിവസം തവാങ് കാഴ്ചകള്‍ക്കുള്ളതാണ്. ആശ്രമങ്ങളാണ് ഇവിടുത്തെ ആകർഷണം. മഹായാന വിഭാഗത്തിൽ പെടുന്ന ബുദ്ധമത വിശ്വാസികളുടെ ഏറ്റവും വലിയ ആശ്രമമായ ഗോൾഡൻ നാംഗ്യേൽ ലാറ്റ്സെ ആശ്രമം ഇവിടെ കാണാം. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലമായ ഈ മൊണാസ്ട്രി 400 വർഷം പഴക്കമുള്ളതും 18 അടി ഉയരമുള്ള ബുദ്ധ പ്രതിമയാൽ അലങ്കരിച്ചതുമാണ്. ആശ്രമത്തിനൊപ്പം ഇവിടുത്തെ യുദ്ധസ്മാരകം കൂടി സന്ദർശിക്കണം. വൈകുന്നേരം ഫ്രീ ആയതിനാൽ നിങ്ങളുടെ താല്പര്യം പോലെ ചെലവഴിക്കാം. ഷോപ്പിങ് മറക്കരുതെന്ന് മാത്രം.
അഞ്ചാം ദിവസവും തവാങ്ങിലെ ബാക്കി കാഴ്ചകളാണ് കാണുന്നത്. സാംഗെസ്റ്റർ തടാകം, ബം ലാ പാസ്, ചൈന അതിർത്തി എന്നിവിടങ്ങളാണ് ലിസ്റ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന് സൈന്യത്തിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ അതിർത്തി കാണുന്നത് നടക്കുകയുള്ളൂ. മാധുരി തടാകം എന്നറിയപ്പെടുന്ന സാംഗെസ്റ്റർ തടാകം തവാങ്ങിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെ ബം ലാ പാസിലേക്കുള്ള റോഡിലാണ് സ്ഥിതി ചെയ്യുന്നത്, ഇന്ത്യൻ സൈന്യത്തിനും പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് ചൈനയ്ക്കും ഇടയിൽ ഔദ്യോഗികമായി അംഗീകരിച്ച നാല് ബി പി എം (ബോർഡർ പേഴ്‌സണൽ മീറ്റിംഗ്) പോയിന്റുകളിൽ ഒന്നാണ് ബം ലാ പാസ്.
ആറാം ദിവസംഅതിരാവിലെ താവാങ്ങിൽ നിന്ന് ദിരാങ്ങിലേക്ക് പോകും. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് വിശ്രമിക്കാം. വൈകുന്നേരം ഒഴിവു സമയമായതിനാൽ ഇഷ്ടം പോലെ സമയം ചെലവഴിക്കാം. ഏഴാം ദിവസം അതിരാവിലെ ബോംഡില്ലയിലെ കാഴ്ചകൾ കാണാൻ പോകും. ഇവിടുത്തെ പ്രാദേശിക സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. തുടർന്ന് ഗുവാഹത്തിയിലേക്ക് പോകും. എട്ടാം ദിവസം ഗുവാഹത്തിയിൽ കാമാഖ്യ ക്ഷേത്രം മാത്രമാണ് സന്ദർശിക്കുന്നത്. തുടർന്ന് നിങ്ങളുടെ മടക്കയാത്രാ പ്ലാൻ പോലെ റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ ഡ്രോപ് ചെയ്യും.
യാത്രകളിൽ ലഭിക്കുന്ന ഇടവേളകൾ നിങ്ങൾക്ക് അവിടെ ഷോപ്പിങ്ങിനോ അല്ലെങ്കിൽ പ്രാദേശിക ഭക്ഷണം, കഫേകൾ,മാർക്കറ്റുകൾ തുടങ്ങിയവ കാണുവാനായി വിനിയോഗിക്കാം. കൂട്ടുകാർക്ക് ഒപ്പം പോകുന്ന യാത്രയായതിനാല്‍ ക്യാംപ് ഫയർ, ഡിന്നർ പോലുള്ള ആക്ടിവിറ്റികൾ ക്രമീകരിക്കുന്നത് രസകരമായ അനുഭവമായേക്കും.
ഗ്രൂപ്പ് യാത്രയയാതിനാൽ ആളുകളുടെ എണ്ണം അനുസരിച്ച് ഇന്നോവ, ടെംപോ ട്രാവലർ , അല്ലെങ്കിൽ മിനി വാൻ ആയിരിക്കും യാത്രക്കായി ഉള്ളത്. ഗ്രൂപ്പില് ഏറ്റവും കുറഞ്ഞത് ആറു പേരെങ്കിലും ഉണ്ടായിരിക്കണം. യാത്രാ ദിവസങ്ങളിൽ പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും പാക്കേജിൽ ഉൾപ്പെടുത്തി ലഭിക്കും. ആറു മുതൽ പത്ത് പേർ വരെയുള്ള ഗ്രൂപ്പിന് കംഫോർട്ട് ക്ലാസിൽ സിംഗിൾ ഒക്യുപൻസിക്ക് 44,900 രപയാണ് ചെലവ് വരുന്നത്. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 33,370 രൂപയാണ് ചെവല്, ട്രിപ്പിൾ ഒക്യുപൻസിയിൽ 30,930 രൂപയാണ് പാക്കേജിന് നൽകേണ്ടത്. കുട്ടികൾക്കും പ്രത്യേക ഫീസ് ഈടാക്കും. ബെഡ് വേണമെങ്കിൽ 5-1 പ്രായത്തിലുള്ള കുട്ടികൾക്ക് 25,690 രൂപയാണ് നൽകേണ്ടത്, 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 18,760 രൂപയാണ് നിരക്ക്.
പാക്കേജിൽ ഉൾപ്പെടുന്നത്
7 രാത്രി ഹോട്ടൽ താമസം, രാത്രി താമസമുള്ള ദിവസങ്ങളിൽ രാവിലത്തെയും രാത്രിയിലെയും ഭക്ഷണം, യാത്രാ നിരക്കുകൾ, പ്ലാൻ അനുസരിച്ചുള്ള സ്ഥസ സന്ദർശനം, ട്രാവൽ ഇൻഷുറൻസ്, ഇന്നർലൈൻ പെർമിറ്റ്, റോഡ് ടോൾ, പാർക്കിങ് ഫീസ് തുടങ്ങിയവയെല്ലാം ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. അതേസമയം ഗുവാഹത്തിയിൽ എത്തുന്നതിനുള്ള വിമാനം/ ട്രെയിൻ ടിക്കറ്റ്, ഉച്ചഭക്ഷണം, ഏതെങ്കിലും തരത്തിലുള്ള വ്യക്തിഗത ചെലവുകൾ, ലേക്കിലുള്ള ബോട്ടിങ് ചാർജ്. ബുംലാ പാസിലേക്കുള്ള യാത്ര തുടങ്ങിയവയുടെ ചെലവ് യാത്രക്കാർ സ്വയം വഹിക്കണം. പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും- ഐ ആർ സി ടി സി ഗുവാഹത്തി- 6290861590, 6290861596, 6290861597,6290860781, 8595936716,8595936717 നമ്പറുകളിൽ ബന്ധപ്പെടാം പക്കേജിനെ കുറിച്ചും കൂടുതൽ വിവരങ്ങൾക്കും- Arunachal - Gateway To Serenity Ex Guwahati- https://www.irctctourism.com/pacakage_description?packageCode=EGH038












Click it and Unblock the Notifications