മലമുകളിലെ കോടയൊക്കെ മാറ്റി പിടിക്കാം; ആതിരമല കയറി നോക്കൂ, ഒരു പൊളി യാത്ര
ഇത്തവണ കോടമഞ്ഞും അതിസാഹസിക ട്രെക്കിങ്ങുമൊക്കെ മാറ്റിപ്പിടിച്ചാലോ? പ്രകൃതിയൊരുക്കിയ അതിഗംഭീരമായ കാഴ്ചകൾ മനസ് നിറഞ്ഞ് കാണാൻ തയ്യാറാണെങ്കിൽ നേരെ പോകാം അതിരമലയിലേക്ക്. ട്രെക്കിങ്ങിലെ സ്ഥിരം കാഴ്ചകൾക്ക് അപ്പുറം സഞ്ചാരികൾക്കായി പലതും കാത്തുവെച്ചിട്ടുണ്ട് ആതിരമല.
പത്തനംതിട്ട ജില്ലയിലാണ് ആതിമര മല സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും ഉയരം കൂടിയ ഈ മല സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2000 അടി ഉയരത്തിലാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്ന് കൂടിയാണ് കേട്ടോ ആതിരമല. സ്ഥലത്തിന്റെ പേര് കേൾക്കുമ്പോൾ എങ്ങനെ ഇത് വന്നുവെന്ന കൗതുകം പലരും പങ്കുവെയ്ക്കാറുണ്ട്. പേര് വന്ന വഴി ഇങ്ങനെ-

അതുരൻ എന്ന അസുരൻ ഇവിടെ വസിച്ചിരുന്നുവെന്നും അതിനാലാണ് ഇവിടം ആതിരമലയായതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. മലകളുടെ അധിപനായ മലയച്ഛൻ കുടികൊള്ളുന്ന ഈ സ്ഥലം പിന്നീട് ഇന്ന് കാണുന്ന ആതിരമലയായെന്നും ശിവപാർവ്വതി ക്ഷേത്രമായി മാറിയെന്നുമാണ് വിശ്വാസം. പണ്ട് പൂതാടി ദൈവം, കരിവില്ലി, പൂവില്ലി, ഇളവില്ലി, മേലേ തലച്ചി, കരുവാൾ, മുത്തപ്പൻ, മലക്കരി തുടങ്ങിയ മലദൈവങ്ങളേയും ഇവിടെ ആരാധിച്ചിരുന്നതായി ചില ചരിത്ര കഥകൾ പരാമർശിക്കുന്നുണ്ട്. ഇന്നും പഴയ കാലത്തിന്റെ ജൈവ സംസ്കൃതിയോട് ചേർന്ന് നിൽക്കുന്ന ചടങ്ങുകൾ ഇവിടെ നടക്കുന്നുണ്ട്. മകരമാസത്തിലാണ് ഇവിടുത്തെ ഉത്സവം. ആ സമയത്ത് കെട്ടുകാഴ്ച പ്രദർശനം ഉൾപ്പെടെ ഇവിടെ നടക്കാറുണ്ട്.
പൊതുവെ മലയെന്ന് കേൾക്കുമ്പോൾ തണുപ്പാൻ കാലത്ത് പ്രത്യേകിച്ച് മഞ്ഞ് മൂടിയ കാഴ്ചകളായിരിക്കും സഞ്ചാരികൾ പ്രതീക്ഷിക്കുക. പിന്നെ സാഹസികതയും.എന്നാൽ ഇതൊന്നുമല്ല ആതിരമലയിലെ കാഴ്ച. ചുറ്റും പച്ചപ്പ് നിറഞ്ഞ് മനംമയക്കുന്ന കാഴ്ചകളായിരിക്കും ആതിരമലയിൽ എത്തുന്ന സഞ്ചാരികളെ വരവേൽക്കുക. മുകളിലെത്തിയാലോ പത്തനംതിട്ടയുടെ വിദൂരക്കാഴ്ചകൾ നല്ല രീതിയിൽ ആസ്വദിക്കാനും പറ്റും.
പന്തളത്തെ കരിങ്ങാലി പാടശേഖരം ,ഇതിനിടയിലൊഴുകുന്ന വലിയ തോട്, കൊടുമാങ്ങല്‍ വയൽ, കുരമ്പാലയം, പന്തളം തട്ടയിൽ, അടൂര്, കോന്നി, ഇലവുംതിട്ട എന്നിങ്ങനെ ഏറെ കുറെ എല്ലാ സ്ഥലങ്ങളും ഇവിടെ നിന്ന് മനോഹരമായി കാണാനാകും. ഇനി ആതിരമലയിലേക്ക് എത്തുക എങ്ങനെയെന്ന് നോക്കാം. പന്തളത്തു നിന്നും അടൂരിലേക്ക് എംസി റോഡ് വഴി കയറി പഴകുളത്ത് എത്തണം. ഇവിടെ നിന്നും രണ്ട് കിമി സഞ്ചരിച്ചാൽ ആതിരമലയുടെ അടിവാരത്ത് എത്താൻ കഴിയും. പറന്തല്‍ പള്ളി ജംങ്ഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് ആതിരമല.












Click it and Unblock the Notifications