വെള്ളച്ചാട്ടം പെയ്യിക്കുന്ന ചാറ്റൽമഴ, ആരേയും മോഹിപ്പിക്കുന്ന പ്രകൃതി ഭംഗി; പോകാം ഈ വെള്ളച്ചാട്ടങ്ങൾ
മഴക്കാലമായതോടെ വെള്ളച്ചാട്ടങ്ങൾ കാണാനുള്ള തിരക്കാണ്. അതിമനോഹരമായ വെള്ളച്ചാട്ടങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അതിൽ ഈ ഓഗസ്റ്റിൽ നിർബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് വെള്ളച്ചാട്ടങ്ങളെ കുറിച്ചാണ് ഇന്നത്തെ ലേഖനത്തിൽ പറയുന്നത്. വിശദമായി നോക്കാം
അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോകാം?
കേരളത്തിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ഏതാണെന്ന് ചോദിച്ചാൽ അതിന് പല ഉത്തരങ്ങളും കാണും. എന്നാൽ ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ഒരേയൊരു വെള്ളച്ചാട്ടമേ ഉള്ളൂ, നമ്മുടെ അതിരപ്പിള്ളിയാണ്. 24 മീറ്റർ (80 അടി) ഉയരത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം അതിന്റെ പൂർണ ഭംഗിയിൽ ആസ്വദിക്കണമെങ്കിൽ ഇപ്പോൾ തന്നെ പോകണം.

തൃശൂരിൽ നിന്ന് 55 കിമി സഞ്ചരിച്ചാൽ ചാലക്കുടിയിലെത്താം. മഴക്കാലമായതിനാൽ ഇവിടേക്ക് ഇപ്പോൾ സഞ്ചാരികളുടെ പ്രവാഹമാണ്. റോഡിന് മുകളിൽ നിന്ന് തന്നെ അതിരപ്പിള്ളി താഴേക്ക് പതിക്കുന്ന ശബ്ദം കേൾക്കാം. മഴ തിമിർത്താൽ ഇങ്ങോട്ടേക്കുള്ള പ്രവേശനം നിയന്ത്രിക്കും. അതിനാൽ അധികം മഴയില്ലാത്ത സമയത്ത് എത്തിയാൽ വെള്ളച്ചാട്ടം വിശാലമായി കണ്ട് മടങ്ങാം.
തൊമ്മൻകൂത്ത് വെള്ളച്ചാട്ടം
റീൽസിലൂടെയാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം സഞ്ചാരികൾക്കിടയിൽ ഹിറ്റാകുന്നത്. ഏഴ് വെള്ളച്ചാട്ടങ്ങൾ ചേർന്നതാണെന്നതാണ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം. എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാല്‍ കുത്ത്, ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെയാണ് ഈ ഏഴെണ്ണം. ഇവിടേക്ക് പോകാൻ പ്രത്യേക പാക്കേജ് എടുക്കണം. തൊടുപുഴയിൽ നിന്ന് 18 കിമിയും മൂന്നാറിൽ നിന്ന് 25 കിമിയും സഞ്ചരിച്ചാൽ ഇവിടെ എത്താം.മഴയായതിനാൽ വഴുക്കൽ കൂടുതലായിരിക്കും. അതിനാൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം.
വാഴവന്തോൾ വെള്ളച്ചാട്ടം
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് വാഴ്വന്തോൾ. പേപ്പാറ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളായി തിരഞ്ഞാണ് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക്. കാടിനുള്ളിലൂടെ നടന്ന് വേണം ഇവിടേക്ക് എത്താൻ.ഇതൊട്ടും ഒളുപ്പമല്ല കേട്ടോ. വഴുക്കുള്ള പാറകളൊക്കെ താണ്ടിയായിരിക്കും യാത്ര. മലമുകളിൽ നിന്നുംതാഴേക്ക് ഒഴുകിയിറങ്ങുന്ന കുഞ്ഞ് അരുവികളും വെള്ളച്ചാട്ടങ്ങളും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകിം.
അരീക്കൽ വെള്ളച്ചാട്ടം (എറണാകുളം ജില്ല)
പെരിയാർ നദിയുടെ തീരത്ത്, കോതമംഗലത്തിനടുത്തുള്ള അരീക്കൽ വെള്ളച്ചാട്ടം എത്രകണ്ടാലും മതിവരില്ലെന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല. കാരണം ആരേയും മോഹിപ്പിക്കുന്ന പ്രകൃതി ഭംഗിയും ഒഴുക്കുമാണ് ഇവിടെ. പെരുമ്പാവൂരിൽ നിന്നും ഏകദേശം 30 കിമിയോളം സഞ്ചരിച്ചാൽ ഇവിടെ എത്താൻ സാധിക്കും. 20 രൂപ പ്രവേശന ഫീസ് കൊടുത്ത് അകത്ത് കയറാം. റോഡിൽ നിന്നും താഴേക്ക് പടിക്കെട്ടുകൾ ഇറങ്ങി േണം വെള്ളച്ചാട്ടത്തിൽ എത്താം. നൂറടിയോളം താഴത്തേക്കാണ് വെള്ളം പതിക്കുന്നത്. പല തട്ടുകളിലായാണ് താഴോട്ടുകള്ള ഒഴിക്ക്. മഴ ശക്തിപ്രാപിച്ചതോടെ വെള്ളച്ചാട്ടത്തിലെ ഒഴുക്കിനും ശക്തി കൂടിയിട്ടുണ്ട്.
റിപ്പിൾസ് വെള്ളച്ചാട്ടം
ഇടുക്കിയിൽ നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ടെങ്കിലും റിപ്പിൾസ് വെള്ളച്ചാട്ടം കണ്ടില്ലെങ്കിൽ അത് വലിയ നഷ്ടമായി പോകും. വെള്ളത്തൂവൽ പഞ്ചായത്തിൽ എല്ലക്കൽ പോത്തുപാറയ്ക്ക് അടുത്താണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എഐ ആണോയെന്ന് പോലും സംശയിക്കുന്ന തരത്തിലാണ് മഴയത്ത് റിപ്പിൾസ് വെള്ളച്ചാട്ടത്തിന്റെ ആകാശക്കാഴ്ച. അക്ഷാരാർത്ഥത്തിൽ സഞ്ചാരികളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയായിരിക്കും ഇവിടെ എത്തിയാൽ ആസ്വദിക്കാൻ സാധിക്കുക. 100 അടിയിൽ നിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.
അളകാപുരി വെള്ളച്ചാട്ടം
കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. മഴക്കാലമായതോടെ ഏറ്റവും സുന്ദരയായി അളകാപുരിയെ കാണാം.












Click it and Unblock the Notifications