കോരിച്ചൊരിയുന്ന മഴയത്ത് അതിരപ്പിള്ളിയിൽ നിന്നൊരു മഴയാത്ര; പൊരിച്ച മീനും കൂട്ടിയൊരു സ്പെഷ്യൽ ഊണ്,പാക്കേജ്
മഴ നനഞ്ഞൊരു യാത്ര ഇക്കുറി മനസിൽ ഉണ്ടോ? അതിന് ആഗുംബേ വരെയൊന്നും പോകേണ്ട, കേരളത്തിൽ തന്നെ നല്ല അസ്സൽ മഴ യാത്ര നടത്താം. വെറും മഴയാത്ര അല്ല അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളൊക്കെ കണ്ട്, മഴയേയും പ്രകൃതിയേയും അറിഞ്ഞ്, സുഭിഷമായി ഭക്ഷണവുമൊക്കെ കഴിച്ചൊരു കിടിലൻ യാത്രയെ കുറിച്ചാണ് പറയുന്നത്. ഇങ്ങനെയൊരു യാത്ര ആരാണ് ഒരുക്കുന്നതെന്നല്ലേ, തുമ്പൂർമുഴി ഡി എം സി. യാത്രയെ കുറിച്ച് വിശദമായി അറിയാം
തുമ്പൂർമുഴി കുട്ടികളുടെ പാർക്കിലേക്കാണ് ആദ്യം പോകുക. അവിടെ ഏകദേശം അരമണിക്കൂറോളം ചെലവഴിക്കും. അതിന് ശേഷം പ്രഭാത ഭക്ഷണം കൂടി കഴിച്ച് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടും. അതിരപ്പിള്ളിയാണ് അടുത്തതായി കാണുക. പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശമാണ് അതിരപ്പള്ളി. മഴക്കാലത്ത് കുത്തിയൊലിച്ച് പതിക്കുന്ന അതിരപ്പിള്ളിയെ കണ്ടിട്ടുണ്ടോ? അത് കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ ഏകദേശം ഒരു മണിക്കൂറോളം ചെലവഴിക്കും.

അടുത്ത കേന്ദ്രമായ ചാർപ്പയിൽ വാഹനത്തിലിരുന്ന് വെള്ളച്ചാട്ടം കാണാം. ഇവിടെ നിന്ന് നേരെ പോകുന്നത് വാഴച്ചാലിലേക്കാണ്. ഏകദേശം അഞ്ച് കിമി ദൂരത്താണ് വാഴച്ചാൽ. വാഴച്ചാലിന് അതിരപ്പിള്ളിയുടേത് പോലെ രൗദ്രഭാവമല്ല. ശാന്തമായി ഒഴുകുന്ന വാഴച്ചാലിനേയും കണ്ട് നേരെ പെരിങ്ങൽക്കുത്ത് ഡാമിലെത്തും. ഇവിടെ ഐബിയിൽ നിന്നും അണക്കെട്ടിന്റെ ഭംഗി സഞ്ചാരികൾക്ക് ആസ്വദിക്കാം.
പൊരിച്ച മീനും ചിക്കനും അടങ്ങുന്ന ഉച്ചഭക്ഷണത്തിന് ശേഷം വൈകിട്ട് 2 ഓടെ ഷോളയാർ അണക്കെട്ടിലേക്ക് പോകും. ഇവിടെ നിന്ന് വ്യൂ പോയിന്റിലേക്ക് പോകും. മഴയാത്ര തുടങ്ങുന്നത് ഇവിടെ നിന്നായാരിക്കും. ഇവിടെ നിന്ന് അല്ലെങ്കിൽ പെരിങ്ങൽക്കുത്തിൽ നിന്നായിരിക്കും യാത്ര. മഴ യാത്രയിൽ നിങ്ങൾക്കൊപ്പം ഗൈഡുകളും ഉണ്ടാകും. വാഴച്ചാലിലാണ് സായാഹ്ന ഭക്ഷണം ഒരുക്കിയിട്ടുണ്ടാകുക. കപ്പയും ചമ്മന്തിയും അടങ്ങുന്നതാണ് സായാഹ്ന ഭക്ഷണം. രാത്രി 7ന് ചാലക്കുടി റെസ്റ്റ് ഹൗസിൽ തിരിച്ചെത്തും.
പാക്കേജ് തുക അറിയാം
എസി വാഹനത്തിലായിരിക്കും യാത്ര . 1500 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് തുക. നാല് വയസുവരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ട് കപ്പപ്പുഴുക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനം, കുടയും ബാഗ് എന്നിവയെല്ലാം പാക്കേജിൽ ഉൾപ്പെടും. ബുക്കിംഗിന് : 9497069 888, 0480 276 9888.












Click it and Unblock the Notifications