മഴയാത്ര തകർക്കണോ? കേരളത്തിൽ വേറെ കിട്ടില്ല; കാത്തിരുന്ന പാക്കേജ് ഇതാ.. മഴയും പുഴയും വെള്ളച്ചാട്ടങ്ങളും
മൺസൂൺ എന്നാൽ യാത്രാപ്രേമികളുടെ പ്രീയപ്പെട്ട സമയാണ്, പ്രത്യേകിച്ച് കേരളത്തിലെ. മഴയും പുഴയും വെളളച്ചാട്ടങ്ങളും ട്രെക്കിങ്ങുമെല്ലാമായി ആഘോഷമാക്കാൻ പറ്റുന്ന സമയം. മഴക്കാല യാത്രകളുടെ നിരവധി പാക്കേജുകൾ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലുകൾക്ക് നടത്തുന്നുണ്ട്. ഗവിയും വാഗമണ്ണും മൂന്നാറുമൊക്കെ പോയി വരാൻ കഴിയുന്ന പാക്കേജ്, അതും കുറഞ്ഞ ചെലവിൽ തന്നെ.
എന്നാൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി ഡി എം സിയുടെ നേതൃത്വത്തിൽ നടത്തുന്ന മഴയാത്ര നിങ്ങളെ സംബന്ധിച്ച് അതിമനോഹരമായ അനുഭവമായിരിക്കും തീർച്ച. എന്തുകൊണ്ടാണ് ഈ യാത്ര ഇത്ര സ്പെഷ്യൽ എന്നാണോ? കാട്ടിലെ മഴയും നിറഞ്ഞൊഴുകുന്ന പുഴയും വെള്ളച്ചാട്ടങ്ങളും കാട്ടാറുകളുമെല്ലാം ഒറ്റ യാത്രയിൽ തന്നെ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.

2019 ലായിരുന്നു അതിരപ്പിള്ളി ഡി എം സി മഴയാത്രക്ക് തുടക്കം കുറിച്ചത്. ഒരുലക്ഷം രൂപയുടെ പ്രതിദിന വരുമാനം ഉണ്ടായിരുന്നത്രേ ഈ പദ്ധതിക്ക്. യാത്രയുടെ ഭാഗമായി കുടയും പിടിച്ച് മഴക്കോട്ടും ഇട്ട് വെള്ളച്ചാട്ടത്തിലും കാട്ടിലുമൊക്ക ആസ്വദിച്ച് നടക്കുന്ന സഞ്ചാരികളുടെ ചിത്രങ്ങൾ വൻ വൈറലായിരുന്നു. ഫോട്ടോകൾ കണ്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ താത്പര്യം പ്രകടിപ്പിച്ച് വന്നിരുന്നു. എന്നാൽ എന്തുകൊണ്ടോ പദ്ധതി നിലച്ചു. ഇപ്പോഴിതാ നാല് വർഷങ്ങൾക്ക് ശേഷം വീണ്ടും മഴയാത്ര ഒരുക്കുകയാണ് അതിരപ്പിള്ളി ഡി എം സി. യാത്രയെ കുറിച്ച് വിശദമായി വായിക്കാം
ഞായറാഴ്ച രാവിലെ എട്ടിന് ചാലക്കുടി റസ്റ്റ് ഹൗസ് അങ്കണത്തിൽ നിന്നാണ് യാത്ര പുറപ്പെടുക. രാത്രിയോടെ തിരിച്ച് എത്തുന്ന തരത്തിലാണ് യാത്ര. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ചായ, കുടിവെള്ളം, ഗൈഡിന്റെ സേവനം, ബാഗ്, കുട, തുടങ്ങിയ എല്ലാം തന്നെ സഞ്ചാരികൾക്കായി ലഭിക്കും.
എവിടെയൊക്കെ പോകുമെന്ന് അറിയേണ്ടേ?
ആദ്യം പോകുന്നത് തുമ്പൂർമുഴി കുട്ടികളുടെ പാർക്കിലേക്കാണ്. ഇവിടെ നിന്നാണ് പ്രഭാത ഭക്ഷണം കഴിക്കുക. ഏകദേശം അരമണിക്കൂറോളമായിരിക്കും ഇവിടെ ചിലവിടുക. ഇത് കഴിഞ്ഞ് പോകുന്നത് കേരളത്തിന്റെ നയാഗ്ര എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കാണ്. മഴ തിമിർത്തതോടെ അതിരപ്പിള്ളിയിലും വെള്ളം കുത്തിയൊലിക്കുകയാണ്. പതഞ്ഞ് താഴേക്ക് ഒരുകുന്ന വെള്ളച്ചാട്ടം കാണാൻ ആളുകളുടെ തിരക്ക് ഏറിയിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂറോളം ഇവിടെ സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.
ഇവിടെ നിന്ന് വാഴച്ചാൽ, പെരിങ്ങൽക്കുത്ത്, ഷോളയാർ എന്നിവിടങ്ങൾ കൂടി സന്ദർശിച്ചായിരിക്കും മടക്കം. 1500 രൂപയാണ് ഒരാൾക്കുള്ള പാക്കേജ് തുക. കൂടുതൽ വിവരങ്ങൾക്ക് 0480 2769888, 9497069888.












Click it and Unblock the Notifications