മഴയിൽ കാടിന്റെ ഭംഗി നുകർന്ന് അതിരപ്പിള്ളി-വാഴച്ചാൽ ട്രെക്കിങ്'; പുതിയ പാക്കേജുമായി വനംവകുപ്പ്
ഈ മഴയത്ത്, കാട് കണ്ട്, വന്യജീവികളെ കണ്ട് കിടിലനൊരു ട്രെക്കിങ് നടത്തിയാലോ? അതിരപ്പിളളി വാഴച്ചാൽ വനമേഖലയിലാണ് ട്രെക്കിങിന് അവസരം ഒരുങ്ങിയിരിക്കുന്നത്. വനംവകുപ്പാണ് യാത്രയ്ക്കായി യാത്രപ്രേമികളെ ക്ഷണിക്കുന്നത്. യാത്രയെ കുറിച്ച് കൂടുതൽ അറിയാം
പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശമാണ് അതിരപ്പള്ളി. കാടുകൾക്ക് നടുവിലൂടെ, കാടും കാട്ടാറും ആസ്വദിച്ച്, വന്യമൃഗങ്ങളെ കണ്ട്, വനപാതകളും കടന്ന് ആർത്തലച്ച് പെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ആസ്വദിക്കാൻ പോയവരായിരിക്കും നമ്മളിൽ മിക്കവരും. അതിരപ്പള്ളി വേണ്ടുവോളം ആസ്വദിച്ച് കഴിഞ്ഞാൽ നിബിഡ വനങ്ങൾക്കുള്ളിലൂടെ അതിരപ്പള്ളിയിൽ നിന്നും കഷ്ടിച്ച് അഞ്ച് കിമി അപ്പുറമുള്ള വാഴച്ചാലും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇത് മാത്രമല്ല ഇവിടുത്തെ അമ്പരപ്പിക്കുന്ന കാഴ്ചകൾ. അതിരപ്പള്ളി-വാഴച്ചാൽ ജൈവ വൈവിധ്യങ്ങളെ അടുത്തറിയാനും കാടിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു ട്രെക്കിങുമാണ് ഇനി സഞ്ചാരികൾക്കായി വനംവകുപ്പ് അവതരിപ്പിക്കുന്നത്. പെരിങ്ങൽക്കുത്ത്-കാരാംതോട് ട്രെക്കിങ്ങിന് ഇന്ന് മുതലാണ് തുടക്കമാകുന്നത്.

വാഴച്ചാൽ ഡി എഫ് ഒയുടെ കീഴിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ട്രെക്കിങിൽ കാടിനെ കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനുമൊക്കെ അവസരം ലഭിക്കും. കൂടാതെ കാട്ടാനയും കാട്ടു പോത്തും കരടികളും തുടങ്ങി മേഖലയിൽ കണ്ടുവരുന്ന വന്യജീവികളെ ആസ്വദിക്കാനും പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന അപൂർവയിനം സസ്യജാലങ്ങളെ കാണാനും യാത്രികർക്ക് അവസരം ലഭിക്കും. പിന്നെ ഇവിടങ്ങളിൽ മാത്രം കണ്ടുവരുന്ന വിവിധയിനും ചിത്രശലങ്ങളേയും ആളുകൾക്ക് നേരിൽ കാണാം.
വാഴച്ചാൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് രാവിലെ 8 മണിയോടെയാണ് യാത്ര ആരംഭിക്കുക. 12 കിമിയാണ് ട്രെക്കിങ്.വനം വകുപ്പിൻറെ വാഹനത്തിലും നടന്നും യാത്ര ആസ്വദിക്കാം.പെരിങ്ങൽക്കുത്ത് അണക്കെട്ട് വരെയായിരിക്കും വാഹനത്തിൽ പോകാൻ സാധിക്കുക. ഇവിടുന്നങ്ങോട്ടാണ് നടന്ന് കൊണ്ടുള്ള ട്രക്കിംഗ്. ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കൊപ്പം വനം വകുപ്പ് ഗൈഡുകളും യാത്രയ്ക്കൊപ്പം ചേരും. പരിശീലനം ലഭിച്ച ആദിവാസി വിഭാഗത്തിൽ പെട്ട ഗൈഡുകളായിരിക്കും സംഘത്തിലുണ്ടാകുക.ഒരേ സമയം എട്ട് പേർക്ക് വരെ യാത്രയിൽ ഭാഗമാകാം.
യാത്രയിലെ മറ്റൊരു ആകർഷണം നല്ല നാടൻ ഭക്ഷണമാണ്. കാടിന്റെ സൗന്ദര്യം നുകർന്ന് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാനുള്ള അവസരവും ഉണ്ട്. 1000 രൂപയാണ് ട്രെക്കിങിനായി ഒരാളിൽ നിന്നും ഈടാക്കുക. താത്പര്യം ഉള്ളവർ മുൻകൂട്ടി വിളിച്ച് സീറ്റ് ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547601991.












Click it and Unblock the Notifications