റെയിൽവെ യാത്രക്കാരുടെ ശ്രദ്ധക്ക്: വന്ദേഭാരതിലും അമൃത് ഭാരത്-II ട്രെയിനിലും ഇനി എമർജൻസി ക്വാട്ടകൾ
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലും അമൃത് ഭാരത്-II ട്രെയിനുകളിലും എമർജൻസി ക്വാട്ട (വി.ഐ.പി. ക്വാട്ട) അവതരിപ്പിക്കാൻ റെയിൽവെ.ഇത് സംബന്ധിച്ച കത്ത് റെയിൽവേ ബോർഡ് എല്ലാ സോണൽ റെയിൽവേകൾക്കും കൈമാറി.അതേസമയം എമർജൻസി ക്വാട്ട സൗകര്യം ചില പ്രത്യേക വിഭാഗം യാത്രക്കാർക്ക് മാത്രമായിരിക്കും ലഭിക്കുക.
പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും എമർജൻസി ക്വാട്ട ബെർത്തുകളുടെ എണ്ണം കോച്ച് വിഭാഗങ്ങൾക്കനുസരിച്ച് വ്യത്യാസമായിരിക്കും. ഫസ്റ്റ് എസിയിൽ സാധാരണ ദിവസങ്ങളിൽ നാല് സീറ്റും വാരാന്ത്യങ്ങളിൽ ആറ് സീറ്റും ലഭിക്കും. സെക്കൻഡ് എസിയിൽ സാധാരണ ദിവസങ്ങളിൽ 20 സീറ്റുകളും വാരാന്ത്യങ്ങളിൽ 30 സീറ്റുകളുമാണ് ലഭിക്കുക.

തേർഡ് എസിയിൽ സാധാരണ ദിവസങ്ങളിൽ 24 സീറ്റുകളും വാരാന്ത്യങ്ങളിൽ 42 സീറ്റുകളുമാണ് എമർജൻസി ക്വാട്ടയ്ക്കായി നീക്കിവെച്ചിരിക്കുന്നത്. അഡ്വാൻസ് റിസർവേഷൻ കാലയളവിലോ അല്ലെങ്കിൽ ബുക്കിംഗ് അവസാനിക്കുന്നതിന് മുമ്പോ ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതിനനുസരിച്ച് ബുക്ക് ചെയ്യാം..
മറ്റ് മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലേതുപോലെ സോണൽ റെയിൽവേകൾക്ക് ഈ ക്വാട്ടകൾ കാലാകാലങ്ങളിൽ അവലോകനം ചെയ്യാം എന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ക്രമീകരണമനുസരിച്ച്, ഏഴോ അതിലധികമോ സ്ലീപ്പർ കോച്ചുകളുള്ള അമൃത് ഭാരത് ട്രെയിനുകളിൽ 24 സീറ്റുകൾ അടിയന്തര ക്വാട്ടയിലുണ്ടാകും. ധൻബാദ് വഴി സർവീസ് നടത്തുന്ന ഹൗറ-ആനന്ദ് വിഹാർ അമൃത് ഭാരത് എക്സ്പ്രസ് യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
എമർജൻസി, ലേഡീസ്, ഭിന്നശേഷിക്കാർ (PwD), മുതിർന്ന പൗരന്മാർ, ഡ്യൂട്ടി പാസ് എന്നിവ ഉൾപ്പെടെ അഞ്ച് തരം ക്വാട്ടകളാണ് ഇനി ഈ ട്രെയിനുകളിൽ ലഭ്യമാകുക.റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ (RAC) പോലുള്ള മറ്റ് റിസർവേഷനുകൾ ഈ ട്രെയിനിൽ ഉണ്ടാകില്ല..
എന്താണ് അടിയന്തര ക്വോട്ട?
അത്യാവശ്യ യാത്രാവശ്യങ്ങൾക്കായുള്ള പ്രത്യേക റിസർവേഷൻ സൗകര്യമാണിത്. മെഡിക്കൽ അത്യാഹിതങ്ങൾ, സർക്കാർ ഡ്യൂട്ടി, ഔദ്യോഗിക യാത്രകൾ, റെയിൽവേ അംഗീകൃത പ്രത്യേക കേസുകൾ എന്നിവയ്ക്കാണ് പ്രധാന പരിഗണന ലഭിക്കുക.
ഐആർസിടിസി വഴി അടിയന്തര ക്വോട്ട ഓൺലൈനായി ബുക്ക് ചെയ്യാനാവില്ല. നിയുക്ത റെയിൽവേ ഉദ്യോഗസ്ഥർ വഴി അപേക്ഷിക്കണം; പരിശോധനക്ക് ശേഷമേ അനുമതി ലഭിക്കൂ. ഓരോ അപേക്ഷയും സൂക്ഷ്മമായി പരിശോധിച്ചാണ് സീറ്റുകൾ അനുവദിക്കുന്നത്.അടിയന്തര ക്വോട്ടയും തത്കാൽ ബുക്കിംഗും പലർക്കും ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. എന്നാൽ രണ്ടും വ്യത്യസ്തമാണ്. തത്കാൽ ടിക്കറ്റുകൾ അധിക നിരക്ക് നൽകി ആർക്കും അടിയന്തര യാത്രകൾക്കായി ബുക്ക് ചെയ്യാം.












Click it and Unblock the Notifications