Year Ender 2024:ഇന്ത്യക്കാരെ കൊതിപ്പിച്ചത് എന്താണ്?; ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വിനോദസഞ്ചാര കേന്ദ്രം ഇതാ
2024 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗൂഗിൾ. പതിവ് പേരുകളല്ല ഇത്തവണ പട്ടികയിൽ ഇടംപിടിച്ചതെന്നാണ് ഏറ്റവും കൗതുകം. വിദേശ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ താത്പര്യം കൂടി വരികയാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് പട്ടിക.നിർഭാഗ്യമെന്ന് പറയട്ടെ ഈ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഒരു സ്ഥലം പോലും ഇടംപിടിച്ചിട്ടില്ല.
അസർബൈജാനാണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്. സാംസ്കാരിക സമ്പന്നതയുടെയും ആധുനിക സൗകര്യങ്ങളുടെയും ഒരു മിശ്രണമാണ് അസർബൈജാൻ സഞ്ചാരികൾക്കായി വാഗ്ദാനം ചെയ്യുന്നത്. കുതിര സവാരിയും, ജീപ്പ് റൈഡുമെല്ലാമായി സാഹസികത ഇശ്ടപ്പെടുന്നവർക്കായി പല കൗതുകങ്ങളും അസർബൈജാൻ ഒരുക്കിവെച്ചിട്ടുണ്ട്.

പട്ടികയിൽ രണ്ടാമതായി വരുന്നത് ബാലിയാണ്. ചെലവ് കുറഞ്ഞ വിദേശയാത്ര എന്നതാണ് ഇന്ത്യക്കാരെ ബാലിയിലേക്ക് ആകർഷിക്കുന്നത്. വളരെ ചെറിയ രാജ്യമാണെങ്കിലും കൗതുകങ്ങൾ ഒരുപാടാണ് ഇവിടെ. ബീച്ച് വൈബ് ഇഷ്ടപ്പെടുന്നവർക്കു സാഹസിക സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടമാകുന്നൊരു സ്ഥലം കൂടിയാണിത്.
മൂന്നാം സ്ഥാനത്ത് മണാലിയാണ്. മണാലിയിലെ മഞ്ഞ് കാഴ്ച കാണാൻ പോകണമെന്ന് ആഗ്രഹിക്കാത്ത ഇന്ത്യക്കാരുണ്ടാകുമോ അല്ലേ? മഞ്ഞ് മൂടിക്കിടക്കുന്ന പർവ്വതങ്ങളും താഴ്വരകളും ട്രെക്കിങ്ങ് പ്രേമികളെ ആകർഷിക്കുന്ന സാഹസികത നിറഞ്ഞ ഹൈക്കിങ് സ്പോട്ടുകളുമെല്ലാം സമ്പന്നമായ സ്ഥലം കൂടിയാണിത്.
പട്ടികയിൽ ഇടംപിടിച്ച മറ്റൊരു വിദേശരാജ്യം കസാഖിസ്ഥാനാണ്. മധ്യേഷ്യയിൽ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ട്രാവൽ ഡെസ്റ്റിനേഷനാണ് കസാഖിസ്ഥാൻ. 14 ദിവസത്തേക്ക് വിസയില്ലാതെ ഇവിടെ സന്ദർശിക്കാം എന്നത് സഞ്ചാരികളെ ആകർഷിക്കുന്നൊരു ഘടകമാണ്. ചരിത്രപരമായും സാംസ്കാരികപരമായും ഒരുപാട് പ്രത്യേകതകൾ ഉള്ളൊരു സ്ഥലം കൂടിയാണിവിടം.
അഞ്ചാമതായി ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞെ സ്ഥലം പിങ്ക് സിറ്റി എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജയ്പൂർ ആണ്. രാജസ്ഥാനിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ടുന്ന സ്ഥലം കൂടിയാണ് ജയ്പൂർ. ചരിത്രവും പാരമ്പര്യവും സംസ്ാരവും തുളുമ്പുന്ന നിരവധി കൗതുകങ്ങളും കാഴ്ചകളും സഞ്ചാരികൾക്ക് രാജസ്ഥാനിൽ ആസ്വദിക്കാം.
ജോർജിയയാണ് കൂടുതലായി തിരഞ്ഞ മറ്റൊരു രാജ്യം. പ്രകൃതിരമണീയ കാഴ്ചകളാൽ സമ്പുഷ്ടമാണ് ജോർജിയ. മുന്തിരിത്തോട്ടങ്ങളും മഞ്ഞുമൂടിയ കാക്കസസ് മലനിരകളുമെല്ലാം ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. 7ാം സ്ഥാനത്തുള്ള മലേഷ്യ ഇന്ത്യക്കാരുടെ പ്രീയപ്പെട്ട ഇടങ്ങളിൽ ഒന്നാണ്.ചിലവ് കുറഞ്ഞൊരു വിദേശയാത്ര എന്ന സ്വപ്നവും മലേഷ്യയിലൂടെ പൂർത്തീകരിക്കാം. ട്വിൻ ടവറും ആകർഷകമായ ബീച്ചുകളുമെല്ലാം സഞ്ചാരികളെ സന്തോഷിപ്പിക്കും. മലേഷ്യ കഴിഞ്ഞുള്ള മൂന്ന് സ്ഥലങ്ങളും ഇന്ത്യയിൽ നിന്നുള്ളതാണ്. അയോധ്യ, കാശ്മീർ, സൗത്ത് ഗോവ എന്നിവയാണ് പട്ടികയിലുള്ള മറ്റ് സ്ഥലങ്ങൾ.












Click it and Unblock the Notifications