കായലിന്റെ ഭംഗി ആസ്വദിച്ചൊരു കിടിലൻ യാത്ര, ഉച്ചയ്ക്ക് വയറ് നിറയെ കായൽ സ്പെഷ്യൽ ഊണ‍്..സാഹസിക വിനോദങ്ങൾ വേറേയും
കൊച്ചി: മൺസൂണിൽ കായലിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് ബോട്ടിലൊരു യാത്ര, ഉച്ചയ്ക്ക് വയറ് നിറയെ കായൽ വിഭവങ്ങൾ കൂട്ടിയൊരു കിടിലൻ ഊണ്, സാഹസികത ഇഷ്ടപ്പെടുന്നവർക്കായി കയാക്കിംഗ് പോലുള്ള വിനോദങ്ങളും..പിന്നെന്ത് വേണം അല്ലേ? വൈകുകയേ വേണ്ട കെഎസ്ഐഎൻസിയുടെ നേതൃത്വത്തിൽ യാത്രക്കുള്ള ബോട്ടുകൾ റെഡിയാണ്.
കൊച്ചി മറൈൻ ഡ്രൈവ്-കോട്ടയം, പാലായ്ക്കരി മത്സഫെഡ് എന്നിങ്ങനെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളെ കോർത്തിണക്കിയുള്ള കായൽ യാത്രയാണ് കെഎസ്ഐഎൻസി ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് യാത്ര പുറപ്പെടുന്നത്. നിലവിൽ രണ്ട് ബോട്ടുകളാണ് യാത്രയ്ക്കായി ഉള്ളത്. 100 പേർക്ക് വീതമാണ് ഒരു ബോട്ടിൽ യാത്ര ചെയ്യാനാകുക. കുട്ടികൾക്കും മുതിർന്നവർക്കിം ഒരുപോലെ യാത്രയുടെ ഭാഗമാകാം.

കൊച്ചിൻ ഷിപ്പ് യാർഡ്, തേവര. ഇടക്കൊച്ചി, അരൂർ, പാണാവള്ളി, പെരുമ്പളം, പൂത്തോട്ടം എന്നീ റൂട്ടുകളിലൂടെ പാലായ്ക്കരി മത്സഫെഡ് ഫാമിലാണ് യാത്ര എത്തിച്ചേരുക.
ഇവിടെ എന്താണെന്നാണോ? ബോട്ടിറങ്ങിയാൽ ആദ്യം നല്ലൊരു ഊണായിരിക്കും സഞ്ചാരികളെ കാത്തിരിക്കുന്നത്. ഫാമില്‍ കൃഷിചെയ്ത മത്സ്യ വിഭവങ്ങൾ കൊണ്ടാണ് ഊണ്. വറുത്തതും പൊരിച്ചതുമെല്ലാം കിട്ടും. വയറിനെ തണുപ്പിക്കാനൊരു ഐസ്ക്രീമും കഴിക്കാം.
ഭക്ഷണം കഴിഞ്ഞാലാണ് യാത്രയിലെ പ്രധാന രസം. പെഡൽ ബോട്ടുകളിൽ പോകാൻ ഇഷ്ടമുള്ളവരാണെങ്കിൽ നേരേ അങ്ങോട്ടേക്ക് പോകാം. ഇനി അതല്ല തുഴവഞ്ചിയും കുട്ടവഞ്ചിയുമൊക്കെയാണ് പ്രിയമെങ്കിൽ അതും പരീക്ഷിച്ച് നോക്കാം. കൂടാതെ കയാക്കിംഗ്, മോട്ടോർ ബോട്ട് റൈഡ് തുടങ്ങി സാഹസികമായ കാര്യങ്ങളും ഒരുക്കിയിട്ടുണ്ട് കേട്ടോ. മീൻപിടിക്കാൻ പോകണമെങ്കിൽ അതും ആകാം.
മാതാപിതാക്കൾ സാഹസിക വിനോദത്തിന് പോകുമ്പോൾ മക്കൾ എന്ത് ചെയ്യുമെന്നാണെങ്കിൽ ആശങ്കയേ വേണ്ട, അവർക്ക് പ്രത്യേകമായി പ്ലേ ഏരിയ തന്നെ ഈ ഫിഷ് ഫാമിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ആസ്വദിക്കാൻ കഴിയുന്നതാണ് യാത്ര എന്നത് കൊണ്ട് കുടുംബമായി നിരവധി പേരാണ് യാത്രക്ക് എത്താറുള്ളതെന്ന് ജീവനക്കാർ പറഞ്ഞു.
ശനി , ഞായർ ദിവസങ്ങളിലാണ് യാത്രക്ക് ആളുകൾ ഏറെ എത്തുന്നത്. ബോട്ടുകളിൽ എസി , നോൺ എസി സീറ്റുകളും ലഭ്യമാണ് കേട്ടോ. 5 വയസ്സിനു മുകളിൽ ഉള്ളവർക്കു 999 രൂപയാണ് ടിക്കറ്റ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക് 9846211143 നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications