'ഉബുദ് ,ചാങ്കൂ, നുസ ദുവ', നവ്യ കണ്ട ബാലി.. ‘ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയിൽ ബാക്കിയുണ്ട്'
കൊച്ചി: ഇന്ത്യയിൽ നിന്നും ചെലവ് കുറഞ്ഞ വിദേശ യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ ആദ്യ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് ബാലി. കുറഞ്ഞ ചെലവ് മാത്രമല്ല പ്രകൃതിഭംഗി, ഭക്ഷണം, ബീച്ചുകൾ, ഷോപ്പിംഗ്, വെള്ളച്ചാട്ടങ്ങൾ, പുരാതനങ്ങളായ ക്ഷേത്രങ്ങൾ എന്നിവ കൊണ്ടെല്ലാം ബാലി സമ്പന്നമാണ്. ഇതുമാത്രമല്ല ബാലിയെന്ന് പറയുകയാണ് നടി നവ്യ നായർ. തന്റെ ബാലി യാത്രയുടെ വിശദമായ കുറിപ്പും നവ്യ പങ്കിട്ടുണ്ട്.
ബാലിയോട് വിട, ഞാനൊരു സഞ്ചാരിയല്ല പക്ഷേ നടത്തിയ ചുരുക്കം യാത്രകളിൽ നിന്ന് ഇത് പറയാതെ വയ്യ .. അതിഥി ദേവോ ഭവാ !!! അതിവിടെ കണ്ടതുപോലെ മറ്റെവിടെയും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല..ആദ്യമൊക്കെ ഇതൊരു അസാധാരണ ബഹുമാനവും സ്നേഹവും കാണിക്കലാണോ എന്ന് തോന്നി (എന്തിലും ഒരു സംശയം നമ്മുടെ ട്രേഡ് മാർക്ക് ആണല്ലോ) പക്ഷേ അല്ല ഒരു ചെറിയ അനുഭവം കുറിക്കാം.

നുസ ദുവ എന്ന സ്ഥലത്താണ് ഞങ്ങൾ ആദ്യം എത്തിയത് , അവിടെ നിന്ന് ഉബുദ് പിന്നീട് ചാങ്കൂ ഇതായിരുന്നു 8 ദിവസത്തേക്കുള്ള പ്ലാൻ .പക്ഷേ watersports അധികവും നുസ ദുവ ആയതിനാൽ മോന്റെ ആഗ്രഹപ്രകാരം ഞങ്ങൾ അവസാന ദിവസം നുസ ദുവയിലേക്ക് തിരിച്ചെത്തി, എത്തിയപ്പോഴാണ് ഞങ്ങൾ താമസിച്ച ബീച്ച് ഫ്രണ്ട് ഹോട്ടലിന്റെ 100 മീറ്റർ മാറിയുള്ള സെന്ററിൽ low tide കാരണം ,ആക്റ്റിവിറ്റീസ് ചെയ്യുന്നില്ല എന്ന് പറഞ്ഞത് , അടുത്ത ദിവസം കാലത്ത് ഞങ്ങൾ മടങ്ങുകയുമാണ്. ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടപ്പോൾ , ഏകദേശം 4 km ദൂരെ ഉള്ള ഒരു സ്ഥലത്ത് വിളിച്ചു ചോദിച്ചു , ഞങ്ങളെ അവർ അവിടെ എത്തിച്ചു . അവർക്ക് ഇതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. ചിലപ്പോൾ കമ്മീഷൻ കിട്ടുന്നത് കൊണ്ടാകാം എന്നൊക്കെ കരുതാം, പക്ഷേ എനിക്കതിനെ സ്നേഹമായിട്ടാണ് തോന്നിയത് , പരിഗണനയായിട്ടാണ് തോന്നിയത് .
എപ്പോഴും കാണുമ്പോൾ അവിടെ ഉള്ള എല്ലാ കടകളിലെയും കടലിലെയും കൊട്ടാരങ്ങളിലെയും വീടുകളിലെയും റോഡിലെയും ടാക്സിയിലെയും മനുഷ്യർക്കെല്ലാം മനംനിറയ്ക്കുന്ന ചിരിയാണ് .. ഇവിടേക്ക് മടങ്ങി വരാൻ തോന്നുന്ന സുരക്ഷിതത്വം ആ ചിരിയിൽ എനിക്ക് കാണാനായി. മോന്റെ ഒപ്പം ഉള്ള യാത്രയായതിനാൽ എന്റെ ഇഷ്ടത്തിനുള്ള മ്യൂസിയം ഒക്കെ അധികം കാണാൻ കഴിഞ്ഞില്ല പക്ഷേ ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം ബാലിയിൽ ബാക്കിയുണ്ട്.
വീണ്ടും കാണാനുള്ള കൊതിയോടെ .. വിട












Click it and Unblock the Notifications