കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് എത്തുന്നു; ബെംഗളൂരു-എറണാകുളം റൂട്ടിൽ പുതിയ സർവ്വീസ് ഉടൻ
കേരളത്തിലേക്ക് മൂന്നാം വന്ദേഭാരത് സർവ്വീസ് എത്തുന്നു. എറണാകുളം-ബെംഗളൂരു റൂട്ടിലാണ് പുതിയ സർവ്വീസ് വരുന്നത്. നവംബറോടെ പുതിയ സർവ്വീസ് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഈ റൂട്ടിൽ വന്ദേഭാരത് അനുവദിക്കണമെന്നത് യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.
2024 ജുലൈയിൽ എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്പെഷ്യൽ സർവ്വീസ് റെയിൽവെ അവതരിപ്പിച്ചിരുന്നു. ആഴ്ചയിൽ മൂന്ന് ദിവസമാണ് ഈ ട്രെയിൻ സർവീസ് നടത്തിയത്. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12:50-ന് പുറപ്പെട്ട് രാത്രി 10:00-ന് ബെംഗളൂരുവിലെത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ഈ സർവീസ് ഉണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്ന് തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ 5:30-ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് തിരിച്ചെത്തുന്ന തരത്തിലായിരുന്നു സർവ്വീസ്.

സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് 3-5 മണിക്കൂർ യാത്രാസമയം കുറയ്ക്കാൻ ഈ വന്ദേ ഭാരത് സർവീസിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ സർവ്വീസിന് വലിയ ഡിമാന്റായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ നൂറ് ശതമാനം ഒക്യുപെൻസി റേറ്റ് ഉണ്ടായിട്ടും സെപ്ഷ്യൽ സർവ്വീസ് വളരെ പെട്ടെന്ന് പിൻവലിച്ചു. പ്രവൃത്തി ദിനങ്ങളിലെ തിരക്ക് കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. റെയിൽവെ നടപടിക്കെതിരെ അന്ന് വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്.
യാത്രക്കാർക്ക് ആശ്വാസം
ബെംഗളൂരുവിൽ ഏകദേശം അഞ്ച് ലക്ഷത്തോളം മലയാളികൾ ഉണ്ട്. പുതിയ വന്ദേഭാരത് സർവ്വീസ് മലയാളികൾക്ക് വലിയ ആശ്വാസമാകും. വ്യാപാര, ടൂറിസം മേഖലകൾക്കും പുതിയ ഉത്തേജനം നൽകും.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
കുറഞ്ഞ നിരക്കിൽ സുഖകരമായ ബെംഗളൂരു യാത്രയാണ് ഈ സർവ്വീസിലൂടെ യാഥാർത്ഥ്യമാകുക.
ചെയർ കാർ ടിക്കറ്റിന് ഏകദേശം 1,465 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,945 രൂപയുമാണ് നേരത്തേ ഉണ്ടായിരുന്ന നിരക്ക്. ആധുനിക യാത്രാനുഭവം ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഏറെ പ്രയോജനകരമാകും. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ.
വന്ദേഭാരത് ട്രെയിനുകളുടെ സവിശേഷതകൾ
മണിക്കൂറിൽ 160 കിമി വരെ വേഗത്തിൽ സഞ്ചരിക്കാൻ വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കും.
റീക്ലൈനിങ് സീറ്റുകൾ, വൈഫൈ, എൽസിഡി സ്ക്രീനുകൾ, ചാർജിങ് പോർട്ടുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങൾ ഈ ട്രെയിനിലുണ്ട്. സി സി ടി വി, ഫയർ ഡിറ്റക്ഷൻ സംവിധാനങ്ങൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിന്റെ പ്രത്യേകതയാണ്. നിലവിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിലും തിരുവന്തപുരം -കാസർഗോഡ് റൂട്ടിലുമാണ് കേരളത്തിൽ വന്ദേഭാരത് ഓടുന്നത്.
ട്രെയിൻ സർവ്വീസിനെ കുറിച്ച് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
'നന്ദി മോദി!എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. നവംബർ പകുതിയോടെ ഈ ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.
പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു'












Click it and Unblock the Notifications