ബെംഗളൂരു നഗരം 'വീഴും' എന്ന് പ്രചാരണം; ഹൊസൂര്‍ മെട്രോ നടക്കില്ല; തടസം പറഞ്ഞ് ബിഎംആര്‍സിഎല്‍
ദക്ഷിണേന്ത്യയിലെ ആദ്യ സംസ്ഥാനാന്തര മെട്രോ ലൈന്‍ നിര്‍മിക്കാനുള്ള തമിഴ്‌നാടിന്റെ മോഹം നടന്നേക്കില്ല. ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ ലൈന്‍ ബന്ധിപ്പിക്കുന്നതിന് തടസമുണ്ടെന്ന് ബെംഗളൂരു മെട്രോ ലൈന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. സാങ്കേതികമായി പദ്ധതി സാധ്യമല്ല എന്നാണ് വിശദീകരണം.
ബിഎംആര്‍സിഎല്‍ മെട്രോ ലൈന്‍ നാലിടങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുന്നതിനും പുതിയ മെട്രോ ലൈന്‍ നിര്‍മിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഹൊസൂര്‍ പാതയ്ക്ക് ചുവന്ന കൊടി കാണിക്കുന്നത്. ബെംഗളൂരു മെട്രോ ലൈന്‍ 470 കിലോമീറ്ററാക്കി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ബിഎംആര്‍സിഎല്ലിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പഠനം നടക്കുന്നത്.

ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയില്‍ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂറിലേക്ക് മെട്രോ ലൈന്‍ നിര്‍മിക്കാനായിരുന്നു ആലോചന. 23 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ നിര്‍ദിഷ്ട മെട്രോ ലൈനില്‍ 12 സ്‌റ്റേഷനുകളും ഒരു ഡിപ്പോയുമായുമാണ് പ്രതീക്ഷിക്കുന്നത്. 12 കിലോമീറ്റര്‍ മെട്രോ ലൈന്‍ കര്‍ണാടകയിലും ബാക്കി തമിഴ്‌നാട്ടിലുമായിരിക്കും.
ഈ മെട്രോ ഇടനാഴിയില്‍ വ്യത്യസ്തമായ ഇലക്ട്രിക് പവര്‍ ആണ് ഉപയോഗിക്കുക എന്നും നമ്മ മെട്രോയുമായി ബന്ധിപ്പിക്കാന്‍ സാധിക്കില്ലെന്നുമാണ് ബിഎംആര്‍സിഎല്‍ കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഈ പദ്ധതി സംബന്ധിച്ച് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) പഠനം നടത്തുകയും 25 കെവി എസി ട്രാക്ഷന്‍ ഉപയോഗിക്കാമെന്നും വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു മാറി ഹൊസൂര്‍ കൈയ്യടക്കും
ബിഎംആര്‍സിഎല്‍ സ്വന്തമായി പഠനം നടത്തുകയാണ് പിന്നീട് ചെയ്തത്. ബൊമ്മസാന്ദ്ര മുതല്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള നഗരമായ അറ്റിബെലെ വരെ നമ്മ മെട്രോയിലെ പോലെ 750 വി ഡിസി ട്രാക്ഷന്‍ ഉപയോഗിക്കാമെന്നാണ് ബിഎംആര്‍സിഎല്‍ പറയുന്നത്. എന്നാല്‍ ഹൊസൂര്‍ വരെ നീട്ടാന്‍ തടസമുണ്ടെന്നും അറിയിച്ചു. കര്‍ണാടക സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
തമിഴ്‌നാടിന്റെ വ്യവസായ നഗരമായ ഹൊസൂറിനെ ബെംഗളൂരുവുമായി ബന്ധിപ്പക്കണം എന്ന് തമിഴ്‌നാടിന്റെ താല്‍പ്പര്യമാണ്. ഇവിടെ വിമാനത്താവളവും മെട്രോ പദ്ധതിയും കൊണ്ടുവരുന്നത് തമിഴ്‌നാടിന്റെ വികസനത്തിന് നേട്ടമാകുമെന്നും കരുതുന്നു. എന്നാല്‍ മെട്രോ ലൈന്‍ ഹൊസൂറിലേക്ക് നീട്ടിയാല്‍ ബെംഗളൂരുവിന്റെ പ്രധാന്യം കുറയുമെന്നും നഗരത്തിന്റെ ഖ്യാതി നഷ്ടമാകുമെന്നും ഹൊസൂര്‍ വളരുമെന്നും കര്‍ണാടകയിലെ ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്.
ഹൊസൂറില്‍ നിന്ന് കര്‍ണാടക അതിര്‍ത്തി വരെ തമിഴ്‌നാട് മെട്രോ ലൈന്‍ നിര്‍മിക്കുകയും ബെംഗളൂരുവില്‍ നിന്ന് അറ്റിബെലെ വരെ കര്‍ണാടക മെട്രോ നിര്‍മിക്കുകയും ചെയ്താല്‍ 300 മീറ്റര്‍ ഒഴിഞ്ഞുകിടക്കും. അതിര്‍ത്തി മേഖലയില്‍ രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ വരും. ഇവവയെ നടപ്പാലം വഴി ബന്ധിപ്പിക്കുന്ന കാര്യവും ചര്‍ച്ചയിലുണ്ട്. ഇനി കര്‍ണാടക സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.












Click it and Unblock the Notifications