ബെംഗളൂരു യാത്ര കൂടുതല്‍ എളുപ്പമാകും; മലപ്പുറം, കോഴിക്കോട് ഡിപ്പോകളില്‍ നിന്ന് പുതിയ കെഎസ്ആര്‍ടിസി
മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നു. മലപ്പുറത്തിന് ആറ് പുതിയ റൂട്ടുകളില്‍ ബസുകള്‍ അനുവദിച്ചു. അതിലൊന്ന് ബെംഗളൂരുവിലേക്കാണ്. കോഴിക്കോട് നിന്നും പുതിയ ബസ് ബെംഗളൂരുവിലേക്ക് അനുവദിച്ചിട്ടുണ്ട്. രണ്ടും വാരാന്ത്യ സര്‍വീസ് ആയിട്ടാണ് തുടങ്ങുന്നത്. ഞായറാഴ്ച രാത്രി മുതല്‍ ആദ്യ സര്‍വീസ് ആരംഭിക്കുകയാണ്.
മലപ്പുറത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് സര്‍വീസ് പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം, ഹൊസൂര്‍ വഴിയാണ്. ഞായറാഴ്ച രാത്രി 8.55ന് മലപ്പുറത്ത് നിന്ന് ബസ് പുറപ്പെടും. 9.20ന് പെരിന്തല്‍മണ്ണിയില്‍ എത്തും. പാലക്കാട് എത്തുമ്പോള്‍ 10.30 ആകും. രാവിലെ 5.45നാണ് ബെംഗളൂരുവിലെത്തുക. രാത്രി 8.15നാണ് ബെംഗളൂരു സാറ്റലൈറ്റില്‍ നിന്നുള്ള മടക്ക സര്‍വീസ്. ബെംഗളൂരു ശാന്തി നഗര്‍, ഹൊസൂര്‍, സേലം, കോയമ്പത്തൂര്‍, പാലക്കാട്, പെരിന്തല്‍മണ്ണ വഴി മലപ്പുറത്ത് എത്തുമ്പോള്‍ രാവിലെ 6.55 ആകും. സൂപ്പര്‍ ഡീലക്‌സ് എയര്‍ബസ് ആണ് സര്‍വീസിന് അനുവദിച്ചിട്ടുള്ളത്.

അതേസമയം, കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ഞായറാഴ്ച രാത്രി മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. അത്തോളി, ഉള്ളിയേരി, പേരാമ്പ്ര, ചക്കിട്ടപ്പാറ, മുള്ളന്‍കുന്ന്, കുറ്റ്യാടി, തൊട്ടില്‍പ്പാലം, മാനന്തവാടി, മൈസൂര്‍ വഴിയാണ് ബെംഗളൂരുവില്‍ എത്തുക. സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് വാരാന്ത്യ സര്‍വീസ് ആണ്. കോഴിക്കോട് നിന്ന് രാത്രി 7.15നാണ് പുറപ്പെടുന്നത്. പുലര്‍ച്ചെ 4.55ന് ബെംഗളൂരുവിലെത്തും.
മലപ്പുറം ഡിപ്പോയില്‍ നിന്ന് ആറ് പുതിയ സര്‍വീസുകളാണ് അനുവദിച്ചിട്ടുള്ളത്. ബെംഗളൂരുവിലേക്കുള്ള സര്‍വീസിന് പുറമെ നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് എസി ബസ് അനുവദിച്ചു. കരുവാരക്കുണ്ട്, കാലക്കിറ്റ് യൂണിവേഴ്‌സിറ്റി, പരപ്പനങ്ങാടി, കൊണ്ടോട്ടി-എടവണ്ണപ്പാറ വഴി കോഴിക്കോട് എന്നിങ്ങനെ നാല് ഓര്‍ഡിനറി ബസുകളും ഗതാഗത വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ വാരാന്ത്യങ്ങളില്‍ മലപ്പുറത്ത് നിന്ന് താമരശേരി, മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു സര്‍വീസുണ്ട്. രാത്രി എട്ട് മണിക്ക് പുറപ്പെട്ട് രാവിലെ ആറിന് ബെംഗളൂരുവിലെത്തുന്ന രീതിയിലാണ് ഈ ബസിന്റെ സര്‍വീസ്. ബെംഗളൂരുവില്‍ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് രാവിലെ ഏഴിന് മലപ്പുറത്ത് എത്തുന്ന വിധമാണ് മടക്ക സര്‍വീസ്.
മലപ്പുറം-നെടുമ്പാശേരി എയര്‍പോര്‍ട്ട് റൂട്ടില്‍ രണ്ട് ലോ ഫ്‌ളോര്‍ എസി ബസുകളാണ് അനുവദിച്ചിട്ടുള്ളത്. പുലര്‍ച്ചെ നാലിനാണ് ഒരു ബസ് പുറപ്പെടുന്നത്. മറ്റൊന്ന് രാത്രി 10നും. എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാന സര്‍വീസ് കൂടി പരിഗണിച്ചാണ് ഈ സമയം നിശ്ചയിച്ചിട്ടുള്ളത് എന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് നിന്നുള്ള എല്ലാ ബസുകളുടെയും ഫ്‌ളാഗ് ഓഫ് കഴിഞ്ഞ ദിവസം മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചിരുന്നു.


Click it and Unblock the Notifications
