ബെംഗളൂരുവിലേക്ക് പുതിയ എസി ബസ്; മലപ്പുറത്ത് നിന്ന് സര്‍വീസ് പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാര്‍
മലപ്പുറം: ബെംഗളൂരുവിലേക്ക് മലപ്പുറത്ത് നിന്ന് എസി ബസ് സര്‍വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോപ്ലക്‌സില്‍ ലോവര്‍ ലെവല്‍ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 90 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.
രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മലപ്പുറം ഡിപ്പോയില്‍ നടന്നു. അഞ്ച് കോടി രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. മലപ്പുറം മാതൃകയില്‍ കേരളത്തിലെ എല്ലാ ഓഫീസുകളും 'ഇ ഓഫീസ്' ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ പരമാവധി പേര്‍ക്കു പ്രമോഷന്‍ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെബി ഗണേഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ: ''മലപ്പുറം കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ 90 ലക്ഷം രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ലോവര്‍ ലെവല്‍ 2 ബ്ലോക്കിന്റെ ഉദ്ഘാടനവും അഞ്ചുകോടി രൂപയുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വച്ച് നിര്‍വഹിച്ചു.
ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളേക്കാള്‍ ഡിജിറ്റലൈസേഷന്‍ നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞു. പര്‍ച്ചേഴ്‌സിങ്, പെയ്‌മെന്റ്, സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവയെല്ലാം കംപ്യൂട്ടര്‍വല്‍ക്കരിച്ചു. നിലവില്‍ എ.ഐ സംവിധാനത്തോടെയുള്ള സോഫ്റ്റ് വെയര്‍ ആണ് ഷെഡ്യൂള്‍ മാനേജ് ചെയ്യുന്നത്. മലപ്പുറം മാതൃകയില്‍ കേരളത്തിലെ എല്ലാ ഓഫീസും ഇ ഓഫീസാക്കി മാറ്റും. തൃശൂര്‍, കായംകുളം, ചെങ്ങന്നൂര്‍, കൊട്ടാരക്കര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള പുതിയ ബസ് സ്റ്റേഷനുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.
കെ.എസ്.ആര്‍.ടി.സിയില്‍ പരമാവധിപേര്‍ക്കും പ്രമോഷന്‍ നടപ്പാക്കും. മെക്കാനിക്കല്‍, ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തിലുള്ളവര്‍ക്കെല്ലാം പ്രമോഷന്‍ നല്‍കും. അടുത്ത ദിവസംതന്നെ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. അതിനുള്ള നിര്‍ദേശം കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്ക് നല്‍കിക്കഴിഞ്ഞു.
കെ.എസ്.ആര്‍ടിസിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 31 ഡ്രൈവിംഗ് സ്‌കൂള്‍ തുടങ്ങും. ഇതില്‍ 23-ാമത് ഡ്രൈവിംഗ് സ്‌കൂള്‍ അടുത്തു തന്നെ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തുനിന്ന് ബംഗളൂരുവിലേക്ക് എ.സി ബസ് സര്‍വീസ് ആരംഭിക്കും. പഴയവണ്ടി മാറ്റി മലപ്പുറത്തുനിന്ന് ഊട്ടിയിലേക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ് ഓടിക്കും. മലപ്പുറം നഗരസഭയില്‍ പിങ്ക് ബസ് അനുവദിക്കും.''












Click it and Unblock the Notifications