ബെംഗളൂരുവിന് പുറത്തേക്ക് നമ്മ മെട്രോ; തുമകുരു പദ്ധതിക്ക് ഡിപിആര്‍, വിമര്‍ശിച്ച് തേജസ്വി സൂര്യ
ബെംഗളൂരു: കര്‍ണാടക തലസ്ഥാന നഗരമായ ബെംഗളൂരുവിന് പുറത്തേക്ക് നമ്മ മെട്രോ ലൈന്‍ കടക്കുന്നു. ബെംഗളൂരുവിനെയും തുമകുരുവിനെയും ബന്ധിപ്പിച്ചുള്ള മെട്രോ ലൈന്‍ പ്രൊജക്ടിന് ഡിപിആര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ 21ന് ടെന്‍ഡര്‍ സമര്‍പ്പിക്കണം. തൊട്ടുപിന്നാലെ ലേലം പരിശോധിച്ച് കമ്പനിയെ തിരഞ്ഞെടുക്കും. ഇവര്‍ ആറ് മാസങ്ങള്‍ക്കകം ഡിപിആര്‍ സമര്‍പ്പിക്കേണ്ടി വരും.
എന്നാല്‍ കടുത്ത വിമര്‍ശനവുമായി ബിജെപി എംപി തേജസ്വി സൂര്യ രംഗത്തെത്തി. തുമകുരുവിലേക്ക് മെട്രോ ലൈന്‍ സ്ഥാപിക്കുന്നതിന് പകരം ഏറെ കാലമായി ചര്‍ച്ചയിലുള്ള സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മണിക്കൂറില്‍ 34 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്ന മെട്രോ ട്രെയിന്‍, ബസ് യാത്രയുടെ വേഗതയും യാത്രക്കാര്‍ക്ക് നല്‍കില്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.

ബംഗളൂരുവിലെ മാദാവരയ്ക്കും തുമകൂറിനും ഇടയിലുള്ള മെട്രോ ലൈനിന്റെ സാധ്യതാ പഠന റിപ്പോര്‍ട്ടിന് ഈ വര്‍ഷം ആദ്യം കര്‍ണാടക സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. നഗരങ്ങളെയും ജില്ലകളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ മെട്രോ ലൈന്‍ എന്ന നിലയില്‍ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. മൊത്തം 27 സ്റ്റേഷനുകളുള്ള ഈ മെട്രോ പാതയ്ക്ക് ഏകദേശം 20896 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
മെട്രോ ലൈന്‍ പദ്ധതി നടപ്പാക്കുക ഇങ്ങനെ
ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് പറയുന്നതനുസരിച്ച്, മാദാവര-നെലമംഗല വിഭാഗത്തില്‍ ഓരോ 1-2 കിലോമീറ്ററിലും സ്റ്റേഷനുകള്‍ സ്ഥാപിക്കും. നെലമംഗല മുതല്‍ തുമകൂരു വരെയുള്ള ഭാഗത്ത് ഓരോ 4-5 കിലോമീറ്ററിലും ഓരോ സ്റ്റേഷന്‍ വീതമായിരിക്കും വരിക. നമ്മ മെട്രോയുടെ നാലാം ഘട്ടത്തില്‍ 210.9 കിലോമീറ്റര്‍ പാതയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ അഞ്ച് വിപുലീകരണങ്ങളും മൂന്ന് പുതിയ മെട്രോ ലൈനുകളും ഉള്‍പ്പെടുന്നു. ബംഗളൂരു-തൂമകൂര്‍ മെട്രോ ഇടനാഴിയും ഇതില്‍ പ്രധാനമാണ്.
ഡിപിആറില്‍ വേണ്ടത് ഇതാണ്
പദ്ധതിയുടെ ഡിപിആറില്‍ സാധ്യതാ പഠനത്തിലെ വിശദാംശങ്ങള്‍, മാസ് റാപ്പിഡ് ട്രാന്‍സിറ്റ് (എംആര്‍ടി) സിസ്റ്റം വിശകലനം, ജനസാന്ദ്രത, പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍, കണക്കാക്കിയ ചെലവുകള്‍, സാമ്പത്തിക വിനിയോഗം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടാകും.
നിലവിലുള്ള മെട്രോ റെയില്‍ ഇടനാഴികള്‍, ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയുമായി ഇത് എങ്ങനെ യോജിക്കുമെന്നും ഡിപിആറില്‍ ഉള്‍പ്പെടുത്തണം. തുരങ്ക പാതയാണോ ഉചിതം എന്നും ഡിപിആറില്‍ വ്യക്തമാക്കണം. ഇടനാഴിയുടെയും ഡിപ്പോയുടെയും സ്ഥാനം, ഭൂപ്രകൃതി, ഗതാഗത സര്‍വേകള്‍, ഭാവിയിലെ സാധ്യതകള്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങളും ഡിപിആറില്‍ ഉണ്ടാകും.
മെട്രോ ട്രെയിന്‍ 34 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ പോലും 60 കിലോമീറ്റര്‍ ദൂരം യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ വേണ്ടി വരുമെന്നാണ് ഒരു വിമര്‍ശനം. ഇക്കാര്യം തന്നെയാണ് തേജസ്വി സൂര്യവും ആവര്‍ത്തിക്കുന്നത്. അതേസമയം, സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ ബംഗളൂരു-തൂമകൂരു പാത 3,500 കോടി രൂപ ചെലവില്‍ നാലിരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.












Click it and Unblock the Notifications