ബെംഗളൂരു മെട്രോ യെല്ലോ ലൈന്‍: നാലാമത്തെ ട്രെയിന്‍ സര്‍വീസ് സെപ്റ്റംബര്‍ 10 ന് എത്തും
ബെംഗളൂരു: ബെംഗളൂരുവിലെ ടെക്കികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നാണ് മെട്രോ യെല്ലോ ലൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചത്. റോഡിലെ തിരക്കൊഴിവാക്കി ഇലക്ട്രോണിക് സിറ്റിയിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ ഈ ട്രെയിന്‍ സര്‍വീസുകള്‍ വലിയ ഉപകാരമാണ്. നിലവില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. ഇപ്പോഴിതാ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷം നാലാമതൊരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ മെട്രോ പാത കഴിഞ്ഞ മാസം ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്തത്. ബെംഗളൂരു ഇലക്ട്രോണിക്‌സ് സിറ്റിയിലേക്കു പോകുന്ന മെട്രോയിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് ഈ ട്രെയിന്‍ സര്‍വീസുകള്‍. സെപ്റ്റംബര്‍ 10 ന് നാലാമത്തെ യെല്ലോ ലൈന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് ബിഎംആര്‍സിഎല്ലിന്റെ പദ്ധതി.

'പുതിയ ട്രെയിന്‍ സര്‍വീസ് വരുന്നതോടെ നിലവിലുള്ള സര്‍വീസുകളുടെ ദൈര്‍ഘ്യം 25 മിനിറ്റില്‍ നിന്ന് 18-20 മിനിറ്റായി കുറയും. ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനു വേണ്ടി ഡ്രൈവറില്ലാ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്യുന്ന ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് അഞ്ചാമത്തെ ട്രെയിന്‍ സെപ്റ്റംബര്‍ 19 നകം വിതരണം ചെയ്യും. ഒക്ടോബര്‍ അവസാന വാരം ആറാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നും ബിഎംആര്‍സിഎല്‍ ചീഫ് പിആര്‍ഒ ബിഎല്‍ യശ്വന്ത് ചവാന്‍ അറിയിച്ചു.
യെല്ലോ ലൈനില്‍ പ്രതിദിനം ഏകദേശം 80,000 പേര്‍ ഇപ്പോള്‍ തന്നെ യാത്ര ചെയ്യുന്നുണ്ട്. യെല്ലോ ലൈനിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ചൈനയില്‍ നിന്ന് രണ്ട് ട്രെയിന്‍ സെറ്റുകളുടെ ബോഗികള്‍ വിമാനത്തില്‍ ഇറക്കുമതി ചെയ്യാന്‍ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ നിര്‍ദേശിച്ചിരുന്നു.
യെല്ലോ ലൈന്‍ മെട്രോ പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വന്‍ ഗതാഗതക്കുരുക്കിന് ആശ്വാസമുണ്ട്.












Click it and Unblock the Notifications