ബെംഗളൂരു മെട്രോ സർവ്വീസ് പുലർച്ചെ 2.40 വരെ നീട്ടി; എവിടുന്ന് ട്രെയിനെടുക്കണം? ടിക്കറ്റുകൾ എല്ലാം അറിയാം
ബെംഗളൂരു: പുതുവത്സര ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് മെട്രോ സർവ്വീസുകൾ പുലർച്ചെ 2.40 വരെ നീട്ടി. 2.40 നായിരിക്കും നാഗപ്രഭു കെംപെഗൗഡ മെട്രോ സ്റ്റേഷനിൽ (മജസ്റ്റിക്) നിന്നുള്ള അവസാന ട്രെയിൻ. അതേസമയം സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മടവര, ചള്ളഘട്ട, വൈറ്റ്ഫീൽഡ് (കടുഗോഡി) എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകൾ 2 മണക്കായിരിക്കും.
പുതുവത്സര രാത്രി ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന എംജി റോഡിലെ മെട്രോ സ്റ്റേഷൻ 11 മണിക്ക് അടക്കുമെന്ന് അധികൃതർ അറിയിച്ചു. രാത്രി 11 മണിക്ക് ശേഷം 10 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ ഉണ്ടാകും. എംജി റോഡ് സ്റ്റേഷന് പകരം കബൻ പാർക്ക് സ്റ്റേഷൻ, ട്രിനിറ്റി സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ട്രെയിനെടുക്കാം.

രാത്രി 11 മണിക്ക് ശേഷമുള്ള യാത്രകൾക്ക്, ടോക്കണുകൾ ഉപയോഗിക്കുന്നതിന് പകരം 50 രൂപ വിലയുള്ള റിട്ടേൺ പേപ്പർ ടിക്കറ്റുകൾ എടുക്കുന്നതാണ് ഉചിതമെന്ന് മെട്രോ അധികൃതർ അറിയിച്ചു. അതേസമയം മെട്രോ ട്രാവൽ കാർഡുകളും ക്യുആർ കോഡ് ടിക്കറ്റുകളും ഉപയോഗിക്കാൻ സാധിക്കും.
തിരക്ക് കുറയ്ക്കാൻ, വൈറ്റ്ഫീൽഡിലേക്കോ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിലേക്കോ പോകുന്നവർ ട്രിനിറ്റി മെട്രോ സ്റ്റേഷനിൽ നിന്നും ട്രെയിൻ എടുക്കണമെന്നും അധികൃതർ നിർദേശിച്ചു. അതുപോലെ ചള്ളഘട്ട, മടവര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ കബൺ പാർക്കിൽ നിന്ന് മെട്രോയെടുക്കണം.
ബെംഗളൂരുവിൽ സുരക്ഷ വർധിപ്പിച്ചു
പുതുവത്സര ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു നഗരത്തിൽ സുരക്ഷ വർധിപ്പിച്ചതായി ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. സുരക്ഷാ നടപടികൾക്കായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
'പുതുവത്സര ആഘോഷങ്ങൾ സമാധാനപരമായി കൊണ്ടാടാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യം വെച്ച് നീങ്ങുന്നവർക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞങ്ങൾ പൂർണമായും തയ്യാറാണ്. ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പുതുവത്സര ആഘോഷങ്ങൾ ഉത്തരവാദിത്തതോടെയും സന്തോഷത്തോടെയും കൊണ്ടാണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുതയാണ്', മന്ത്രി ജി പരമേശ്വര പറഞ്ഞു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 1000ത്തോളം സിസിടിവികൾ നഗരത്തന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും അറിയിച്ചു. പുതുവത്സര ആഘോഷങ്ങൾക്ക് ആയിരങ്ങൾ എത്തുന്ന എംജി റോഡ് , ബ്രിഗേഡ് റോഡ് പരിസരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ പോലീസുകാരേയും സിസിടിവികളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications