ബെംഗളൂരിലേക്ക് വന്ദേഭാരത് സ്ലീപ്പർ ; അനുമതി നൽകി റെയിൽവെ മന്ത്രി..റൂട്ട് ഇങ്ങനെ
അങ്ങനെ കാത്തിരിപ്പിനൊടുവിൽ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ എത്തുന്നു. ബെംഗളൂരുവിനും മുംബൈക്കും ഇടയിലാണ് പുതിയ ട്രെയിൻ സർവ്വീസ് നടത്തുക. പുതിയ റൂട്ടിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കെഎസ്ആർ ബെംഗളൂരുവിനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (CSMT), മുംബൈക്കും ഇടയിലായിരിക്കും ട്രെയിൻ പ്രവർത്തിക്കുക.
'പൊതുജനങ്ങളുടെ സൗകര്യാർത്ഥം ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്നത് സംബന്ധിച്ച നമ്മുടെ ചർച്ച ഓർക്കുക. കെ.എസ്.ആർ. ബെംഗളൂരുവിനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിനും ഇടയിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആരംഭിക്കാൻ അംഗീകാരം ലഭിച്ചുവെന്ന് അറിഞ്ഞാൽ നിങ്ങൾക്ക് സന്തോഷമാകും', എന്നാണ് ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹന് ഏപ്രിൽ 5-ന് അയച്ച കത്തിൽ മന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ എണ്ണം വർധിപ്പിച്ചതായി അശ്വിനി വൈഷ്ണവ് ഈ വർഷം ആദ്യം സൂചിപ്പിച്ചിരുന്നു. 2026 ഡിസംബറോടെ 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. ആറ് റേക്കുകൾ വീതമുള്ള 12 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2026 അവസാനത്തോടെ ലഭ്യമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 17 നാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിച്ചത്. ഹൗറ-കാമാഖ്യ റൂട്ടിലാണ് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചത്. 27575/27576 എന്ന നമ്പറുകളിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ (NFR) സോണിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. സ്ലീപ്പർ സർവ്വീസ് വൻ വിജയകരമാണെന്നാണ് റെയിൽവെ മന്ത്രാലയം അറിയിക്കുന്നത്. ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ് 100 ശതമാനമാണെന്ന് അധികൃതർ പറയുന്നു. സേവനം ആരംഭിച്ച് ആദ്യ മൂന്നു മാസത്തിനുള്ളിൽ 119 ട്രിപ്പുകളിലായി 1.21 ലക്ഷം പേരാണ് ട്രെയിനിൽ യാത്ര ചെയ്തത്., പ്രീമിയം രാത്രികാല റെയിൽ യാത്രയ്ക്ക് വലിയ ഡിമാൻഡാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഹൗറയിൽ നിന്ന് കാമാഖ്യയിലേക്കുള്ള യാത്രയിൽ 13 സ്റ്റേഷനുകളിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് സ്റ്റോപ്പുണ്ട്. ബൻഡൽ, നബദ്വീപ് ധാം, കത്വ, അസിംഗഞ്ച്, ന്യൂ ഫാറക്ക, മാൾഡ ടൗൺ, അലുവബാരി റോഡ്, ന്യൂ ജൽപൈഗുരി, ജൽപൈഗുരി റോഡ്, ന്യൂ കൂച്ച് ബെഹാർ, ന്യൂ അലിപൂർദൂർ, ന്യൂ ബോംഗൈഗാവ്, റംഗിയ എന്നിവയാണ് ഈ സ്റ്റേഷനുകൾ. 11 എ.സി. 3-ടയർ, 4 എ.സി. 2-ടയർ, ഒരു എ.സി. ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവ ഉൾപ്പെടെ 16 കോച്ചുകളാണ് ഈ ട്രെയിനിലുള്ളത്. ട്രെയിൻ നമ്പർ 27575, ഹൗറ-കാമാഖ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ്, ഹൗറയിൽ നിന്ന് വൈകുന്നേരം 6:20-ന് (18:20) പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:20-ന് (08:20) കാമാഖ്യയിൽ എത്തും. മടക്കയാത്രയിൽ, ട്രെയിൻ നമ്പർ 27576 കാമാഖ്യയിൽ നിന്ന് വൈകുന്നേരം 6:15-ന് (18:15) പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8:15-ന് (08:15) ഹൗറയിലേക്ക് മടങ്ങിയെത്തും.












Click it and Unblock the Notifications