ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ; 14 മണിക്കൂർ യാത്ര, കൂടുതൽ സൗകര്യങ്ങൾ, പ്രതീക്ഷയിൽ യാത്രക്കാർ
മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പറിനായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യാത്രക്കാർ. രാജ്യത്തെ രണ്ട് പ്രധാന വാണിജ്യ നഗരങ്ങൾക്കിടയിലെ രാത്രികാല യാത്ര കൂടുതൽ വേഗത്തിലും സൗകര്യപ്രദവുമാക്കാൻ പുതിയ സർവീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ റെയിൽവെയുടെ അനുമതി ലഭിച്ചെങ്കിലും സർവ്വീസ് എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയിട്ടില്ല.
ഗെയിം ചേഞ്ചറാകാൻ വന്ദേഭാരത് സ്ലീപ്പർ
നിലവിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ചെയർകാർ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി രാത്രികാല യാത്രകൾ ലക്ഷ്യമിട്ടാണ് വന്ദേഭാരത് സ്ലീപ്പർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്ന തരത്തിലാണ് കോച്ചുകളുടെ ഡിസൈനും ക്രമീകരണങ്ങളും. പരമ്പരാഗത സ്ലീപ്പർ ട്രെയിനുകളിൽ കാണുന്ന കുത്തനെയുള്ള ലാഡറുകൾക്ക് പകരം മുകളിലെ ബെർത്തുകളിലേക്ക് കയറാൻ പ്രത്യേക സ്റ്റെയർകേസുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമായി ബെർത്തുകളിലേക്ക് കയറാൻ ഇത് സഹായിക്കും.

മെച്ചപ്പെട്ട ബെർത്തുകൾ, നവീകരിച്ച ഇന്റീരിയറുകൾ, യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ കോച്ച് ക്രമീകരണങ്ങൾ എന്നിവയും ട്രെയിനിന്റെ പ്രധാന പ്രത്യേകതകളാണ്. ഓട്ടോമാറ്റിക് ഡോറുകൾ, ആധുനിക ശുചിമുറി സംവിധാനങ്ങൾ, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ എന്നിവയും ട്രെയിനിൻ്റെ പ്രത്യേകതകളാണ്. ബിസിനസ് ആവശ്യങ്ങൾക്കും വിനോദയാത്രകൾക്കുമായി സഞ്ചരിക്കുന്നവർക്ക് കൂടുതൽ സുഖകരമായ യാത്രാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
യാത്ര 14-16 മണിക്കൂറായി കുറയും
മുംബൈ-ബെംഗളൂരു റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന പല ട്രെയിനുകൾക്കും യാത്ര പൂർത്തിയാക്കാൻ 20 മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. എന്നാൽ വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചാൽ യാത്രാസമയം ഗണ്യമായി കുറയുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 14 മുതൽ 16 മണിക്കൂർ വരെയായി യാത്രാസമയം കുറയാൻ സാധ്യതയുണ്ടെന്നാണ് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
യാത്രാസമയം കുറയ്ക്കുന്നതിനായി പരിമിതമായ സ്റ്റോപ്പുകളോടെയാകും സർവീസ് നടത്തുക എന്നാണ് സൂചന. ഇതിലൂടെ ഉയർന്ന ശരാശരി വേഗത നിലനിർത്താനും യാത്ര കൂടുതൽ കാര്യക്ഷമമാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.
16 പൂർണമായും എയർ കണ്ടീഷൻ ചെയ്ത കോച്ചുകളോടെയാകും ട്രെയിൻ സർവീസ് നടത്തുക. ആകെ 823 യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയുന്ന രീതിയിലാണ് കോച്ചുകളുടെ ക്രമീകരണം. രാത്രികാല യാത്രകൾ കൂടുതൽ സുഖകരമാക്കാൻ അത്യാധുനിക സസ്പെൻഷൻ സംവിധാനവും ട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്കിടെ ഉണ്ടാകുന്ന കുലുക്കങ്ങൾ കുറച്ച് കൂടുതൽ സുഗമമായ സഞ്ചാരം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അതേസമയം, ട്രെയിൻ ഏത് റൂട്ടിലൂടെയാകും സർവീസ് നടത്തുകയെന്ന കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രധാന നഗരങ്ങളിലൂടെ സർവീസ് കടന്നുപോകുമെന്നാണ് ആദ്യഘട്ട റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ വിവിധ റൂട്ട് സാധ്യതകൾ ഇപ്പോഴും പരിഗണനയിലുണ്ടെന്നാണ് വിവരം.
ടിക്കറ്റ് ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങളും ഇന്ത്യൻ റെയിൽവേ പുറത്തുവിട്ടിട്ടില്ല. സർവീസ് ആരംഭിക്കുന്ന തീയതി, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ, റിസർവേഷൻ ആരംഭിക്കുന്ന ദിവസം തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചിരിക്കുന്നത്.
ഐആർസിടിസി പ്ലാറ്റ്ഫോമിലോ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിലോ നിലവിൽ ടിക്കറ്റ് ബുക്കിങ് ലഭ്യമല്ല. റേക്ക് അനുവദിക്കുന്നതും ഷെഡ്യൂൾ അന്തിമമാക്കുന്നതുമായ നടപടികൾ പൂർത്തിയായ ശേഷം മാത്രമേ ബുക്കിങ് ആരംഭിക്കൂ.












Click it and Unblock the Notifications