ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ സർവീസ് ദസറയ്ക്ക് ശേഷം; യാത്രാ സമയം 6 മണിക്കൂറിലധികം ലാഭിക്കാം
ബെംഗളൂരു -മുംബൈ വന്ദേഭാരത് സ്ലീപ്പറിനായുള്ള കാത്തിരിപ്പിലാണ് യാത്രക്കാർ. ദസറ ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ തന്നെ ട്രെയിൻ സർവ്വീസ് ആരംഭിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. സ്ലീപ്പർ സർവ്വീസ് ഈ റൂട്ടിൽ ഒരു ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തുന്നത്.
1000 കിമിയാണ് മുംബൈയ്ക്കും ബെംഗളൂരിനും ഇടയിലുള്ള ദൂരം. നിലവിൽ 18-20 മണിക്കൂറിന് മുകളിലാണ് ഈ റൂട്ടിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. എന്നാൽ വന്ദേഭാരത് എത്തുന്നതോടെ യാത്ര സമയം കുത്തനെ കുറയും. വെറും 15 മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തും. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ഉദ്യാൻ എക്സ്പ്രസിൻ്റെ സമയവുമായി താരതമ്യം ചെയ്യുമ്പോൾ 6 മണിക്കൂറാണ് വന്ദേഭാരത് സ്ലീപ്പറിൽ പോയാലുള്ള സമയലാഭം.

ട്രെയിൻ ചത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ നിന്നും രാത്രി 8.10 ഓടെ ആയിരിക്കും പുറപ്പെടുക. പിറ്റേന്ന് രാവിലെ 11.55 ഓടെ ബെംഗളൂരിൽ എത്താൻ സാധിക്കും. തിരിച്ച് ബെംഗളൂരിൽ നിന്ന് രാത്രി 7.50 ന് പുറപ്പെട്ടാൽ പിറ്റേന്ന് രാവിലെ 11.55 ആകുമ്പോൾ എത്താനാകും. സമയം സംബന്ധിച്ച് റെയിൽവെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഉദ്യാൻ എക്സ്പ്രസ് നിലവിൽ മുംബൈയിൽ നിന്നും രാവിലെ 7.55 നാണ് പുറപ്പെടുന്നത്. പിറ്റേന്ന് രാവിലെ ആറ് മണിയോടെ ബെംഗളൂരിൽ എത്തിച്ചേരും. അതായത് 22 .5 മണിക്കൂർ വേണം.
കല്യാണ്‍, പൂനെ, സോലാപൂർ, കലബുർഗി, റായ്ച്ചൂർ, ഗുണ്ടകൽ , ആനന്ത്പൂർ എന്നീ റൂട്ടുകളിലൂടെയായിരിക്കും വന്ദേഭാരത് ട്രെയിൻ സർവ്വീസ് നടത്തുക. ആഴ്ചയിൽ ആറ് ദിവസവും സർവ്വീസ് ഉണ്ടായേക്കും. ഉദ്യാൻ എക്സ്പ്രസിൽ യാത്ര ചെയ്താൽ ഒരു ദിവസം പൂർണമായും ട്രെയിനിൽ ചെലവഴിക്കേണ്ടി വരും.വന്ദേഭാരത് സ്ലീപ്പർ രാത്രിയാണ് പുറപ്പെടുക. ഈ ഒരൊറ്റകാരണം കൊണ്ട് തന്നെ സ്ലീപ്പർ ട്രെയിനിന് വലിയ ഡിമാൻ്റ് ആയിരിക്കുമെന്നാണ് യാത്രക്കാർ പറയുന്നത്.
അതേസമയം മുംബൈയിലേക്കും തിരിച്ച് ബെംഗളൂരിലേക്കും രാവിലെ 10 മണിക്ക് മുൻപ് എത്തുന്ന തരത്തിലാകണം സർവ്വീസ് എന്നതാണ് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. വന്ദേഭാരത് സ്ലീപ്പർ വിദ്യാർത്ഥികൾ, ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, വിനോദസഞ്ചാരികൾ എന്നിവരെ ലക്ഷ്യം വെച്ചുള്ളതാണ്. അത് പൂർണമായും പ്രയോജനപ്പെടണമെങ്കിൽ 10 മണിയെന്ന ടൈംലൈൻ പാലിക്കണമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും പുതിയ വന്ദേഭാരത് സ്ലീപ്പർ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ റെയിവെ ഔദ്യോഗികമായി പ്രഖ്യാപിക്കാനായി കാത്തിരിക്കുകയാണ് യാത്രക്കാർ.


Click it and Unblock the Notifications
