ബെംഗളൂരു റെയില്‍വേ സ്‌റ്റേഷനുകള്‍ അടിമുടി മാറും; ഇനി എയര്‍പോര്‍ട്ടിലേത് പോലെ പ്രീമിയം ഷോപ്പിങ് നടത്താം
വിമാനത്താവളങ്ങളിലെ പ്രീമിയം ഷോപ്പിങ് അനുഭവം എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. പലപ്പോഴും വിമാനത്തിനായുള്ള നീണ്ട കാത്തിരിപ്പിനിടെ ഇത്തരം ഷോപ്പിങ് അനുഭവങ്ങളാണ് യാത്രക്കാരുടെ ബോറടി മാറ്റുന്നത്. എന്നാല്‍ ഇത് വിമാന യാത്രക്കാര്‍ക്ക് മാത്രമാണ് സാധ്യമാകുന്നത്.
എന്നാല്‍ ഇനി ബെംഗളൂരു നഗരവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. വിമാനത്താവളത്തിലേതു പോലെ ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ വരാന്‍ പോവുകയാണ്. ഏറ്റവും മികച്ച പെര്‍ഫ്യൂമുകള്‍ മുതല്‍ ഇറക്കുമതി ചെയ്ത ചോക്ലേറ്റുകള്‍ വരെയുള്ള പ്രീമിയം ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ ഇനി ബെംഗളൂരുവിലെ റെയില്‍വേ സ്റ്റേഷനുകളിലും ലഭിക്കും. ഇത് ട്രെയിന്‍ യാത്രക്കാര്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം നല്‍കുമെന്നാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ പ്രതീക്ഷ.

ബെംഗളൂരു ഡിവിഷന്റെ കീഴിലുള്ള എല്ലാ പ്രധാന സ്റ്റേഷനുകളിലുമുള്ള ഒഴിഞ്ഞ സ്ഥലങ്ങള്‍ ബ്രാന്‍ഡഡ് റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കായി ഉടന്‍ തന്നെ പാട്ടത്തില്‍ നല്‍കും. ട്രെയിനിനായി കാത്തിരിക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ കഴിയും.
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ തീരുമാനം അനുസരിച്ച് റെയില്‍വേ സ്റ്റേഷനുകളിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ പ്രീമിയം റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ക്കായി ഇ-ലേലത്തിലൂടെ അനുവദിക്കും. ഈ ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് അധികം വരുമാനം നേടിക്കൊടുക്കുന്നതിനൊപ്പം വിദേശികള്‍ ഉള്‍പ്പെടെ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും എന്ന പ്രതീക്ഷയുമുണ്ട്.
യാത്രയുടെ വിരസത മാറ്റാനും ഇത് സഹായിക്കും എന്നാണ് അധികൃതരുടെ പ്രതീക്ഷ. പൊതുവേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റോറുകള്‍ വന്നിട്ടില്ല. ബെംഗളൂരു പോലുള്ള ഐടി നഗരത്തില്‍ എല്ലാ ജീവിത നിലവാരത്തിലുമുള്ള ആളുകള്‍ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്.
വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളില്‍ സഞ്ചരിക്കാനും നിരവധി യാത്രക്കാര്‍ എത്തുന്നതിനാല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നത് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കും. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരമാണ് രാജ്യത്തെ പ്രധാന സ്റ്റേഷനുകളില്‍ പ്രീമിയം സിംഗിള്‍-ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നത്.












Click it and Unblock the Notifications