തിരുവനന്തപുരം-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് 2060 രൂപ മുകളിൽ വരും;കുഴപ്പമില്ലെന്ന് മലയാളികൾ
വന്ദേഭാരത് സ്ലീപ്പർ കേരളത്തിനും ലഭിക്കുമെന്ന റെയിൽവെ മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആവേശത്തിലാണ് മലയാളികൾ. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സ്ലീപ്പർ സർവ്വീസ് ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ മൂന്ന് റൂട്ടുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്. തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-മംഗലാപുരം.
ഈ മൂന്ന് റൂട്ടുകളിലുമായി ഏറ്റവും കുറവ് ട്രെയിനുകൾ ഉള്ളത് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലാണ്. അതിനാൽ ആ റൂട്ടിലായിരിക്കും സ്ലീപ്പറിന് കൂടുതൽ സാധ്യത എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കേരളത്തിൽ നിന്നും ബെംഗളൂരിലേക്ക് ഒരു വന്ദേഭാരത് സർവ്വീസ് നടത്തുന്നുണ്ട്. കൊച്ചിയിൽ നിന്നാണ് ട്രെയിൻ.തുടങ്ങിയത് മുതൽ വലിയ ഡിമാൻറാണ് ഈ സർവ്വീസിനുള്ളത്. പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമാണ്.

ഇക്കഴിഞ്ഞ ക്രിസ്തുമസ് അവധിക്ക് 126 ശതമാനത്തിന് മുകളിലായിരുന്നു ട്രെയിനിൻ്റെ ഒക്യുപെൻസി റേറ്റ്. അതുകൊണ്ട് തന്നെ ഈ റൂട്ടിൽ ഒരു വന്ദേഭാരത് സർവ്വീസ് കൂടി അനുവദിക്കണമെന്ന ആവശ്യം യാത്രക്കാർ ശക്തമാക്കിയിരുന്നു. അതിനിടയിലാണ് ഇപ്പോൾ സ്ലീപ്പർ പതിപ്പ് ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുന്നത്.
വന്ദേഭാരത് സ്ലീപ്പർ കീശ കാലിയാക്കും
നിലവിൽ ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രധാന ട്രെയിനുകളിലൊന്നായ യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ്സിലെ (12257) തേഡ് എസിയുടെ അടിസ്ഥാന നിരക്ക് 753 രൂപയാണ്. ഇതിനൊപ്പം ജി എസ് ടി അടക്കമുള്ള മറ്റ് ചാർജുകൾ കൂടി വപമ്പോൾ 880 രൂപയ്ക്ക് മുകളിൽ വരും. ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസ്സിലെ (16526)തേഡ് എസി അടിസ്ഥാന നിരക്ക് 1,117 രൂപയാണ്. മറ്റ് ചാർജുകൾ അടക്കം ഏകദേശം 1,215 രൂപയുമാണ് നിരക്ക്.
അതേസമയം വന്ദേഭാരത് സ്ലീപ്പറിലെ നിരക്ക് യാത്രക്കാരുടെ കീശ കാലിയാക്കും. കാരണം വന്ദേഭാരത് സ്ലീപ്പറിൽ യാത്രാ നിരക്കുകൾ കിലോമീറ്റർ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ ദൂരങ്ങളിലെ യാത്രകൾക്കും 400 കിലോമീറ്ററിനുള്ള നിരക്ക് ഈടാക്കും. 5% ജിഎസ്ടി അല്ലെങ്കിൽ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജുകൾ തുടങ്ങിയ അധിക നിരക്കുകൾ ഈ ബേസ് നിരക്കുകളിൽ ഉൾപ്പെടുന്നില്ല.
അടിസ്ഥാന നിരക്കുകൾ: 3AC-ക്ക് കിലോമീറ്ററിന് 2.4, 2AC-ക്ക് കിലോമീറ്ററിന് 3.1, 1AC-ക്ക് കിലോമീറ്ററിന് 3.8 എന്നിങ്ങനെയാണ്. അതനുസരിച്ച്, 400 കിലോമീറ്റർ വരെയുള്ള ദൂരങ്ങളിൽ 3AC-ക്ക് 960, 2AC-ക്ക് 1,240, 1AC-ക്ക് 1,520 എന്നിങ്ങനെയാണ് കുറഞ്ഞ യാത്രാ നിരക്ക്.
ദൂരം കൂടുന്നതിനനുസരിച്ച് നിരക്കുകൾ ആനുപാതികമായി വർധിക്കും. 958 കിലോമീറ്ററോളം വരുന്ന ഹൗറ-ഗുവാഹത്തി/കാമാഖ്യ പോലുള്ള റൂട്ടുകളിൽ, അടിസ്ഥാന നിരക്കുകൾ 3AC-ക്ക് 2,299-2,400, 2AC-ക്ക് 2,970-3,100, 1AC-ക്ക് 3,640-3,800 എന്നിങ്ങനെയാണ്. ജിഎസ്ടി ഈ നിരക്കുകൾക്ക് പുറമെയാണ്.
2,000 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 3AC-ക്ക് ഏകദേശം 4,800, 2AC-ക്ക് 6,200, 1AC-ക്ക് 7,600 എന്നിങ്ങനെ നിരക്കുകൾ വരും. പരമാവധി 3,500 കിലോമീറ്റർ ദൂര പരിധിയിൽ, 3AC-ക്ക് 8,400, 2AC-ക്ക് 10,850, 1AC-ക്ക് 13,300 എന്നിങ്ങനെയാണ് യാത്രാ നിരക്ക്.
ബെംഗളൂരിവിലേക്കോ?
തിരുവനന്തപുരം-ബെംഗളൂരു റൂട്ട് ഏകദേശം 830 കിമി വരും. അതായത് അടിസ്ഥാന നിരക്ക് മാത്രം2,060 രൂപ വന്നേക്കും. ഇതിൻറെ കൂടെ റിസർവേഷൻ നിരക്ക്, സൂപ്പർ ഫാസ്റ്റ് നിരക്ക്, ജിഎസ്ടി, കേറ്ററിങ് ചാർജ് എന്നിവയെല്ലാം ചേർത്ത് നൽകിയാൽ 2750 രൂപയോളം വന്നേക്കും. സെക്കൻ്റ് എസി, ഫസ്റ്റ് എസി കോച്ചുകളിലാണെങ്കിൽ പിന്നേയും കൊടുക്കേണ്ടി വരും ആയിരങ്ങൾ. എന്നാൽ വന്ദേങാരത് സ്ലീപ്പറിലാണെങ്കിൽ തങ്ങൾ എത്ര തുക വേണമെങ്കിലും കൊടുക്കാൻ തയ്യാറാണെന്നാണ് മലയാളികളുടെ പക്ഷം. ഉയർന്ന തുക നൽകി സ്വകാര്യ ബസുകളെ ആശ്രയിച്ച് ദുരിതയാത്ര നടത്തുന്നതിനേക്കാൾ എത്രയോ സൌകര്യപ്രദവും സുരക്ഷിതവുമാണ് വന്ദേഭാരത് യാത്ര എന്നാണ് ഇവർക്ക് പറയാനുള്ളത്. എന്തായാലും റെയിൽവെയുടെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യാത്രക്കാർ.












Click it and Unblock the Notifications