ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ
ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ സമയത്തിലും പ്രവർത്തനങ്ങളിലും മാറ്റം വന്നേക്കും. ബെംഗളൂരു-കലബുറഗി സർവീസിന്റെ ടെർമിനൽ മാറ്റണമെന്ന ദീർഘകാലമായുള്ള ആവശ്യവും റെയിൽവെ പരിഗണിച്ചേക്കും. യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ ട്രെയിനുകൾ ലഭ്യമാക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ
സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് നിർദേശങ്ങൾ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതുപ്രകാരം ബെംഗളൂരു - കലബുറഗി വന്ദേ ഭാരത് ട്രെയിനിന്റെ ടെർമിനൽ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (SMVT ബെംഗളൂരു) നിന്ന് ക്രാന്തിവീര സങ്കൊല്ലി രായണ്ണ ബെംഗളൂരു സ്റ്റേഷനിലേക്ക് (KSR ബെംഗളൂരു) മാറ്റിയേക്കും.

കലബുറഗി റൂട്ടിലെ വന്ദേ ഭാരത് ട്രെയിനിന്റെ സമയക്രമത്തിലും നേരിയ മാറ്റങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ട്രെയിൻ കലബുറഗിയിൽ നിന്ന് 10 മിനിറ്റ് നേരത്തെ പുറപ്പെടും. അതായത്, രാവിലെ 6 മണിക്ക് പുറപ്പെട്ട് ബെംഗളൂരുവിൽ ഉച്ചയ്ക്ക് 1:50-ന് എത്തും .നിലവിൽ ഉച്ചയ്ക്ക് 2:10 ആണ് സമയം. മടക്കയാത്രയിൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2:40-ന് ആരംഭിച്ച് രാത്രി 10:40-ന് കലബുറഗിയിൽ തിരിച്ചെത്തും.
അതേസമയം ബെലഗാവി വന്ദേ ഭാരത് സർവീസിന്റെ നിലവിലുള്ള സമയക്രമത്തിൽ മാറ്റങ്ങളൊന്നും ഉണ്ടാകില്ല; രാവിലെ 5:35-ന് ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് നിലവിലെ സർവ്വീസ് , ഇത് തുടരും. മടക്കയാത്രയിലും മാറ്റമില്ല, ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2:20-ന് പുറപ്പെട്ട് രാത്രി 10:30-ന് ബെലഗാവിയിൽ ട്രെയിൻ തിരിച്ചെത്തും. അതേസമയം ട്രെയിനിന്റെ പ്രതിവാര അറ്റകുറ്റപ്പണി ദിവസം ബുധനാഴ്ചയിൽ നിന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റിയേക്കും. അതായത് ബുധനാഴ്ചയ്ക്ക് പകരം വ്യാഴാഴ്ച ഈ ട്രെയിൻ സർവ്വീസ് നടത്തില്ല.ഈ മാസം ആദ്യം തന്നെ നിർദേശങ്ങൾ റെയിൽവെ ബോർഡിന് സമർപ്പിച്ചിരുന്നു. അനുമതി ലഭിക്കുന്നതോടെ ഇവ പ്രാബല്യത്തിൽ വരും.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് കലബുറഗി-ബെംഗളൂരു സർവീസിന്റെ (ട്രെയിൻ നമ്പർ 22231) അറ്റകുറ്റപ്പണി ദിനം വെള്ളിയാഴ്ചയിൽ നിന്ന് വ്യാഴാഴ്ചയിലേക്കും, ബെംഗളൂരു-കലബുറഗി സർവീസിന്റെ (ട്രെയിൻ നമ്പർ 22232) അറ്റകുറ്റപ്പണി ദിനം വ്യാഴാഴ്ചയിൽ നിന്ന് ബുധനാഴ്ചയിലേക്കും മാറ്റാൻ നിർദ്ദേശമുണ്ട്. അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ ബെലഗാവിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.












Click it and Unblock the Notifications