ബെംഗളൂരിന് വന്ദേഭാരത് സ്ലീപ്പർ ഇല്ല?; രണ്ടാം സ്ലീപ്പർ വരുന്നത് ഈ റൂട്ടിൽ? യാത്രാ സമയം കുറയും
രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പർ ഡൽഹി-വാരണാസി റൂട്ടിലായേക്കുമെന്ന് സൂചന. ദീപാവലിയോടെ പുതിയ സർവ്വീസ് ആരംഭിക്കാനാണ് റെയിൽവെയുടെ പദ്ധതിയെന്നും ഈ മാസം അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്തിയേക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വാരണാസി കൻ്റോണ്‍മെൻ്റിൽ നിന്നും രാത്രി 9.20 ഓടെ ആയിരിക്കും സർവ്വീസ് ആരംഭിക്കുക. തുടർന്ന് പ്രയാഗ് രാജിൽ 10.45 ന് എത്തും. കാണ്‍പൂർ സെൻട്രൽ സ്റ്റേഷനിൽ രാത്രി 12.35 ഓടെ എത്തി പുലർച്ചെ 5 മണിയോടെ ഡൽഹയിൽ എത്തുന്ന തരത്തിലായിരിക്കും സർവ്വീസ്.

വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 130-160 കിമിയാണ്. മിഷൻ റഫ്താർ പ്രൊജക്ടിൻ്റെ ഭാഗമായുള്ള ട്രാക്ക് നവീകരണ പ്രവർത്തികളുടെ പുരോഗതിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും റൂട്ടിലെ വേഗപരിധി നിശ്ചയിക്കുക. എന്നിരുന്നാലും ഏറ്റവും വേഗത്തിൽ തന്നെ യാത്ര പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റെയിൽവെയുടെ പ്രതീക്ഷ.
16 കോച്ചാണ് വന്ദേഭാരത് സ്ലീപ്പറിന് ഉണ്ടാകുക. 823 പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകും. 11 എസി ത്രീടയർ കോച്ചുകളും 4 ടു ടയർ കോച്ചുകളും ഒരു ഫസ്റ്റ് എസി കോച്ചും ട്രെയിനിന് ഉണ്ടാകും. അത്യാധുനിക സൌകര്യങ്ങളായിരിക്കും ട്രെയിനിൽ ഉണ്ടാകുക. വന്ദേഭാരത് സ്ലീപ്പർ എത്തുന്നതോടെ ഡൽഹിക്കും വാരണാസിക്കും ഇടയിലുള്ള യാത്ര സമയം ഗണ്യമായി കുറക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ രണ്ടാം വന്ദേഭാരത് ബെംഗളൂരു- മുംബൈ റൂട്ടിലാകുമെന്നും ഓഗസ്റ്റിൽ സർവ്വീസ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ബെംഗളൂരിലെ ഭാരത് എർത്ത് മൂവേഴ്സ് (ബിഇഎംഎൽ)ലിമിറ്റഡ് ആണ് നിർമ്മിക്കുന്നത്. സ്ലീപ്പറിൻ്റെ രണ്ട് റേക്കുകൾ ബിഇഎംഎൽ ബെംഗളൂരു സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് അനുവദിച്ചിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ റേക്കുകൾ നോർത്തേൺ റെയിൽവേയിലെ ശക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റാൻ റെയിവെ ബോർഡ് തീരുമാനിക്കുകയായിരുന്നു.
ഇനി വന്ദേഭാരത് സ്ലീപ്പറിൻ്റെ രണ്ട് റേക്കുകൾ കൂടി ശേഷിക്കുന്നുണ്ട്. ഇത് ബെംഗളൂരിന് അനുവദിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ ഈ വർഷം ബെംഗളൂരു-മുംബൈ സ്ലീപ്പർ ട്രെയിൻ എത്തിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ബംഗാളിനും അസമിനും ഇടയിലാണ് പ്രഖ്യാപിച്ചത്. ഹൌറ-കാമാഖ്യ റൂട്ടിലാണ് സ്ലീപ്പർ സർവ്വീസ് നടത്തുന്നത്. വലിയ സ്വീകാര്യതയാണ് സർവ്വീസിന് ലഭിക്കുന്നത്.
കേരളവും കാത്തിരിപ്പിൽ
സംസ്ഥാനത്തിന് ലഭിച്ച മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടതോടെ ഈ വർഷം തന്നെ വന്ദേഭാരത് സ്ലീപ്പറും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. തിരുവനന്തപുരം-മംഗലാപുരം റൂട്ടിലോ അല്ലെങ്കിൽ ബെംഗളൂരിനും തിരുവനന്തപുരത്തിനും ഇടയിലോ സ്ലീപ്പർ പ്രഖ്യാപിച്ചാൽ യാത്രക്ലേശം പരിഹരിക്കപ്പെടും.


Click it and Unblock the Notifications
