നീല പുതച്ചൊരു പൂക്കാലം; മേട്ടുക്കുറിഞ്ഞി കാണാൻ അടിച്ച് കേറി വാ; പാക്കേജുമായി കെഎസ്ആർടിസി
പത്തനംതിട്ട: കുറിഞ്ഞി എന്നുമൊരു കൗതുകക്കാഴ്ചയാണ്. വന്നെത്തുമ്പോൾ ഒരു പ്രദേശം മുഴുവനായി നീലപുതയ്ക്കുന്ന പൂക്കാലം. എന്നാൽ അതുകാണാനുള്ള അവസരം എപ്പോഴും കിട്ടിയെന്നും വരില്ല. ഇപ്പോൾ ഇതാ കുറിഞ്ഞിയും ഗവിയും ഒപ്പം അടവിയിലെ കുട്ടവഞ്ചി സവാരിയും ഒരുമിച്ച് കണ്ടുവരാൻ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഓരോ സഞ്ചാരിയും ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന മനോഹര കാഴ്ചകളിലേക്ക് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത് കെ എസ് ആർ ടി സിയാണ്.
ഏഴു വർഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന മേട്ടുക്കുറിഞ്ഞി പൂത്തുലഞ്ഞു നിൽക്കുകയാണ് പരുന്തുംപാറയിൽ. അപൂര്‍വ്വ കാഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജിന്റെ വിവരങ്ങളിതാ

പത്തനംതിട്ട കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് പാക്കേജ് നൽകുന്നത്. രാവിലെ 6.30 ന് പത്തനംതിട്ടയിൽ നിന്നുമാണ് യത്ര തുടങ്ങുന്നത്. ആദ്യ യാത്ര അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കാണ്. അച്ചൻകോവിൽ ആറിന്‍റെ കൈവഴിയായ കല്ലാറിന്‍റെ തീരത്തുള്ള അടവി ഇക്കോ ടൂറിസം സെന്‍ററിൽ കുട്ടവഞ്ചി സവാരി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കോന്നി ഇക്കോ ടൂറിസത്തിന് കീഴിൽ വനം വകുപ്പ് നേരിട്ടാണ് അടവി വിനോദസഞ്ചാര കേന്ദ്രം നിയന്ത്രിക്കുന്നത് . സാഹസികത ഇഷ്ടപ്പെടുന്നവരെങ്കിൽ തീർച്ചയായും ഈ കുട്ട വഞ്ചി സവാരി യാത്ര ഇഷ്ടപ്പെടും.
അടവിയിൽ നിന്ന് നേരെ ഗവിയിലേക്ക് പോകും. കാടിനുള്ളിലൂടെ മഞ്ഞും മഴയും ആസ്വദിച്ചുള്ളതാണ് ഗവിയിലേക്കുള്ള യാത്ര. സാധാരണ കെ എസ് ആർ ടി സി പാക്കേജിൽ ഗവിയിലെ ബോട്ടിങും ഇടംപിടിക്കാറുണ്ട്. എന്നാൽ അടവിയിൽ കുട്ടവഞ്ചി യാത്ര ഉള്ളതിനാൽ ഈ പാക്കേജിൽ നിന്നും ഗവിയിലെ ബോട്ടിങ് ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത ലക്ഷ്യസ്ഥാനം പരുന്തുംപാറയാണ്. ഇടുക്കിയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രമാണ് പരുന്തുംപാറ. മേട്ടുക്കുറിഞ്ഞ് പൂത്തുനിൽക്കുന്ന പരുന്തുംപാറയ്ക്ക് അഴകേറെയാണ്. പരുന്തുംപാറ കൂടാതെ, ഒന്‍പതേക്കര്‍, കട്ടപ്പന എന്നിവിടങ്ങളിലും കുറിഞ്ഞ് ഇക്കുറി ധാരാളമായി വിരിഞ്ഞ് നിൽക്കുന്നുണ്ട്. പരുന്തുംപാറയിൽ വ്യൂപോയിന്റിന് നേരെ എതിർവശത്താണ് കുറിഞ്ഞ് വിരിഞ്ഞ് നിൽക്കുന്നത്. ഈ കാഴ്ചയും കണ്ട് കഴിഞ്ഞാൽ രാത്രി 9 ഓടെ പത്തനംതിട്ടയിൽ തിരിച്ചെത്താൻ സാധിക്കും. ഈ മാസം 18, 20, 25 തീയതികളിൽ ഇവിടേക്ക് യാത്രയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9495752710, 9995332599












Click it and Unblock the Notifications