വിദേശത്തെ ബീച്ചിൽ വെക്കേഷൻ ആഘോഷിക്കാൻ പോയാലോ? ലക്ഷങ്ങളൊന്നും മുടക്കേണ്ട, 7 രാജ്യങ്ങളിതാ
ഒരു ദ്വീപിലായിരിക്കുമ്പോൾ വേനൽക്കാലം തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നും വാഹനങ്ങളുടെ ശബ്ദത്തിൽ നിന്നും മാറി കടലിന്റെ സംഗീതം ആസ്വദിക്കുന്നതും സൂര്യാസ്തമയം കാണുന്നതും കടൽത്തീരങ്ങളിലും കഫേകളിലും സമയം ചിലവഴിക്കുന്നതും എത്ര മനോഹരമായിരിക്കും.
വിദേശ യാത്രകൾക്കൊക്കെ ലക്ഷങ്ങൾ വേണ്ടി വരും എന്ന് കരുതേണ്ടതില്ല. കുറഞ്ഞ ചിലവിൽ ഒരു ബീച്ച് യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ പോക്കറ്റ് ചോരാതെ ഇന്ത്യൻ സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന മനോഹരമായ 7 രാജ്യങ്ങൾ ഇതാ.
1. മാലദ്വീപ്
മാലദ്വീപ് എന്നാൽ വളരെ ചിലവേറിയ ഒരു ലക്ഷ്വറി യാത്ര മാത്രമാണെന്നാണ് പലരുടെയും വിചാരം. എന്നാൽ കുറഞ്ഞ ചിലവിൽ സന്ദർശിക്കാൻ പറ്റുന്ന ഒരു വശം കൂടി മാലദ്വീപിനുണ്ട്. പ്രൈവറ്റ് ദ്വീപുകളും വാട്ടർ വില്ലകളും വിലകൂടിയതാണെങ്കിലും, മാഫുഷി, ഫുലിധൂ തുടങ്ങിയ പ്രാദേശിക ദ്വീപുകളിൽ കുറഞ്ഞ നിരക്കിൽ താമസസൗകര്യങ്ങളും കഫേകളും ലഭ്യമാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർക്ക് 30 ദിവസത്തെ സൗജന്യ വിസ ലഭിക്കും. ഡൽഹി, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് 3-4 മണിക്കൂർ കൊണ്ട് നേരിട്ടുള്ള ഫ്ലൈറ്റിൽ ഇവിടെയെത്താം.

വേനൽക്കാലത്ത് ഹോട്ടൽ നിരക്കുകൾ കുറയുകയും തിരക്ക് കുറവായിരിക്കുകയും ചെയ്യും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ മാന്താ റേ, തിമിംഗല സ്രാവുകൾ എന്നിവയെ കാണാൻ സാധിക്കും. ഏകദേശ ചിലവ്: 4-5 ദിവസത്തേക്ക് ഒരാൾക്ക് 55,000 മുതൽ 70,000 രൂപ വരെ (മടക്കയാത്രാ ഫ്ലൈറ്റ് ടിക്കറ്റ്, ബഡ്ജറ്റ് ഗസ്റ്റ് ഹൗസുകൾ, ഫെറി ചാർജ്, ഭക്ഷണം എന്നിവ ഉൾപ്പെടെ).
2. മലേഷ്യ
ബീച്ചിലിരുന്ന് മാത്രം സമയം കളയാൻ താല്പര്യമില്ലാത്തവർക്ക് പറ്റിയ മികച്ച ചോയ്സ് ആണ് മലേഷ്യ. ദ്വീപ് ജീവിതത്തോടൊപ്പം മഴക്കാടുകളും, മികച്ച ഷോപ്പിംഗും, നല്ല ഭക്ഷണവും ഇവിടെ ആസ്വദിക്കാം. ഇന്ത്യൻ സഞ്ചാരികൾക്ക് ഓൺലൈനായി ഡിജിറ്റൽ അറൈവൽ കാർഡ് പൂരിപ്പിച്ചു നൽകിയാൽ കുറഞ്ഞ ദിവസത്തെ സന്ദർശനത്തിന് വിസ ആവശ്യമില്ല. മനോഹരമായ ബീച്ചുകൾക്കും ഡ്യൂട്ടി ഫ്രീ ഷോപ്പിംഗിനും ലങ്കാവി പ്രശസ്തമാണ്. പെനാങ് ആകട്ടെ രുചികരമായ സ്ട്രീറ്റ് ഫുഡിനും ജോർജ്ജ് ടൗണിലെ പൈതൃക തെരുവുകൾക്കും പേര് കേട്ടതാണ്. ഏകദേശ ചിലവ്: 5-6 ദിവസത്തേക്ക് 45,000 മുതൽ 70,000 രൂപ വരെ.
3. സെയ്ഷെൽസ്
വലിയ ഗ്രാനൈറ്റ് പാറക്കെട്ടുകളും ശാന്തമായ കടൽത്തീരങ്ങളും കൊണ്ട് ഒരു മാന്ത്രിക ലോകം പോലെ തോന്നിക്കുന്ന സ്ഥലമാണ് സെയ്ഷെൽസ്. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ പറ്റിയ ഒരിടം. ഇന്ത്യൻ പൗരന്മാർക്ക് യാത്രാ രേഖകൾ ഉണ്ടെങ്കിൽ 30 ദിവസത്തേക്ക് വിസ ആവശ്യമില്ല. ലാ ദിഗ് എന്ന ദ്വീപിൽ കാറുകൾ വളരെ കുറവാണ്, ആളുകൾ സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. പ്രസ്ലിൻ ദ്വീപ് ട്രെക്കിംഗിനും അപൂർവ്വമായ 'കോക്കോ ഡി മെർ' ഈന്തപ്പനകൾക്കും പ്രശസ്തമാണ്. 80,000 രൂപയ്ക്കുള്ളിൽ യാത്ര ഒതുക്കാൻ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടതുണ്ട്. ഏകദേശ ചിലവ്: 4-5 ദിവസത്തേക്ക് 75,000 മുതൽ 80,000 രൂപ വരെ.
4. മൗറീഷ്യസ്
ഒരു വിദേശ രാജ്യത്തിന്റെ ഭംഗി ആസ്വദിക്കുന്നതോടൊപ്പം സ്വന്തം നാട്ടിലെന്നപോലെ തോന്നിക്കുന്ന ഇടമാണ് മൗറീഷ്യസ്. ഇവിടെ വലിയൊരു വിഭാഗം ഇന്ത്യൻ വംശജർ ഉള്ളതുകൊണ്ട് തന്നെ പരിചിതമായ ഭക്ഷണവും ആചാരങ്ങളും കാണാം. ഇന്ത്യക്കാർക്ക് 90 ദിവസം വരെ വിസയില്ലാതെ ഇവിടെ സന്ദർശിക്കാം. ശാന്തമായ തടാകങ്ങളും വെളുത്ത മണൽത്തീരങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. ഗ്രാൻഡ് ബേ അല്ലെങ്കിൽ ഫ്ലിക് എൻ ഫ്ലാക്ക് എന്നിവ താമസിക്കാൻ തിരഞ്ഞെടുക്കാം.
എന്തുകൊണ്ട് വേനൽക്കാലം?: മെയ് മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഇവിടുത്തെ കാലാവസ്ഥ വളരെ സുഖകരമാണ്. ഡോൾഫിൻ കാഴ്ചകൾക്കും പ്രാദേശിക മാർക്കറ്റിലെ ഷോപ്പിംഗിനും ഈ സമയം മികച്ചതാണ്. ഏകദേശ ചിലവ്: 5 ദിവസത്തേക്ക് 70,000 മുതൽ 80,000 രൂപ വരെ.
5. തായ്ലൻഡ്
ഇന്ത്യൻ സഞ്ചാരികൾ വീണ്ടും വീണ്ടും തായ്ലൻഡിലേക്ക് പോകുന്നതിന് കൃത്യമായ കാരണങ്ങളുണ്ട് - വളരെ കുറഞ്ഞ ചിലവ്, എളുപ്പത്തിലുള്ള യാത്ര, ബീച്ചുകൾ, ക്ഷേത്രങ്ങൾ എന്നിവയാണവ. ഇന്ത്യക്കാർക്ക് 30 ദിവസത്തെ വിസ രഹിത പ്രവേശനം ഇവിടെ ലഭ്യമാണ്.
എന്തുകൊണ്ട് വേനൽക്കാലം?: വേനൽക്കാലത്ത് ഹോട്ടൽ നിരക്കുകൾ വളരെ കുറവായിരിക്കും. ഫൂക്കറ്റ്, ക്രാബി, കോ സമുയി , ഫി ഫി ദ്വീപുകൾ എന്നിവ പ്രശസ്തമാണ്. ഡൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് കോ സമുയിയും കോ താവോയും മികച്ചതാണ്. ഏകദേശ ചിലവ്: 5 ദിവസത്തേക്ക് 45,000 മുതൽ 70,000 രൂപ വരെ.
6. ഇന്തോനേഷ്യ
ഇന്തോനേഷ്യ എന്നാൽ ബാലി മാത്രമല്ല. ഗിലി ദ്വീപുകൾ, നുസ പെനിഡ, ലോംബോക്ക്, കൊമോഡോ നാഷണൽ പാർക്ക് എന്നിവയും അത്രതന്നെ മനോഹരമാണ്. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭിക്കും. മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.
എന്തുകൊണ്ട് വേനൽക്കാലം?: ഉബുദിലെ വെള്ളച്ചാട്ടങ്ങൾ കാണാനും സെമിന്യാക് അല്ലെങ്കിൽ ഉലുവാട്ടു ബീച്ചുകളിൽ സൂര്യാസ്തമയം കാണാനും ഈ സമയം നല്ലതാണ്. കൊമോഡോ നാഷണൽ പാർക്കിൽ അപൂർവ്വമായ കൊമോഡോ ഡ്രാഗണുകളെയും പിങ്ക് മണൽ ബീച്ചുകളും കാണാം. ഏകദേശ ചിലവ്: 5-6 ദിവസത്തേക്ക് 65,000 മുതൽ 80,000 രൂപ വരെ (ഫ്ലൈറ്റ്, ഗസ്റ്റ് ഹൗസ്, ഫെറി ചാർജ്, ഭക്ഷണം ഉൾപ്പെടെ).
7. ശ്രീലങ്ക
ഇന്ത്യക്കാർക്ക് ഏറ്റവും എളുപ്പത്തിൽ പോകാൻ കഴിയുന്ന ഒരു വിദേശ രാജ്യമാണ് ശ്രീലങ്ക. മനോഹരമായ ബീച്ചുകൾ, ചായത്തോട്ടങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, വന്യജീവികൾ എന്നിവയെല്ലാം ഒരൊറ്റ യാത്രയിൽ കാണാം. ഫ്ലൈറ്റ് ചാർജ് കുറവാണ്, കൂടാതെ വിസ ഓൺ അറൈവൽ അല്ലെങ്കിൽ എളുപ്പത്തിൽ ലഭിക്കും.
എന്തുകൊണ്ട് വേനൽക്കാലം?: വേനൽക്കാലത്ത് തിമിംഗലങ്ങളെ കാണാനും വന്യജീവികളെ കാണാനും മികച്ച സമയമാണ്. മിരിസ്സ , ഉനവതുന, ബെന്റോട്ട ബീച്ചുകൾ വേനൽക്കാലത്ത് സന്ദർശിക്കാൻ അനുയോജ്യമാണ്. കൂടാതെ കാൻഡി, എല്ല എന്നിവിടങ്ങളിലെ ചായത്തോട്ടങ്ങളും യാല നാഷണൽ പാർക്കിലെ സഫാരിയും ഇവിടെ ആസ്വദിക്കാം. ഏകദേശ ചിലവ്: 4-5 ദിവസത്തേക്ക് 40,000 മുതൽ 65,000 രൂപ വരെ (ഫ്ലൈറ്റ്, താമസം, ഭക്ഷണം ഉൾപ്പെടെ).
(ശ്രദ്ധിക്കുക: ഫ്ലൈറ്റ് നിരക്കുകൾ, ഹോട്ടൽ നിരക്കുകൾ, വിസ വിവരങ്ങൾ, മൊത്തത്തിലുള്ള യാത്രാ ചിലവുകൾ എന്നിവ സീസൺ, ലഭ്യത, ബുക്കിംഗ് തീയതികൾ എന്നിവയ്ക്ക് അനുസരിച്ച് മാറാൻ സാധ്യതയുണ്ട്.)














Click it and Unblock the Notifications