35 ബുള്ളറ്റ് ട്രെയിന്‍ വരും; യാത്രയ്ക്ക് ഒരുങ്ങിക്കോ... കണ്ണു ചിമ്മി തുറക്കുമ്പോള്‍ സ്‌റ്റോപ്പ് എത്തും
ഇന്ത്യന്‍ റെയില്‍വെ വലിയ മാറ്റങ്ങളുടെ പടിവാതിലില്‍ നില്‍ക്കുകയാണ്. ബൃഹദ് പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിലൊന്നാണ് ബുള്ളറ്റ് ട്രെയിന്‍. ജപ്പാന്റെ സഹായത്തോടെയാകും ഇതിനുള്ള പ്രത്യേക പാത ഒരുക്കുക. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കും തിരിച്ചുമാകും ബുള്ളറ്റ് ട്രെയിന്‍ ആദ്യം സര്‍വീസ് നടത്തുക. 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിന്‍ യാത്ര വ്യത്യസ്തമായ അനുഭവമാകും.
2026ല്‍ പുതിയ പാതയിലൂടെ ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയില്‍ ഓടിത്തുടങ്ങുമെന്നാണ് കരുതുന്നത്. ജപ്പാന്റെ ഷിന്‍കന്‍സെന്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള പാതയാണ് ഒരുങ്ങുന്നത്. രാജ്യത്തെ രണ്ട് പ്രമുഖ നഗരങ്ങളിലേക്ക് അതിവേഗം എത്താന്‍ സാധിക്കുന്നതോടെ ജനങ്ങളുടെ ജീവിത രീതി മൊത്തമായി മാറുമെന്നാണ് പ്രതീക്ഷ. ഇതേ റൂട്ടില്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടുന്നതിനുള്ള സൗകര്യവും ഒരുക്കാനാണ് നീക്കം.

2014ലാണ് ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്. മഹാരാഷ്ട്ര-ഗുജറാത്ത് സര്‍ക്കാരുകളുടെ സഹകരണം കൂടി റെയില്‍വെ മന്ത്രാലയത്തിന് ആവശ്യമായിരുന്നു. നിതി ആയോഗിന്റെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് ജപ്പാന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാത നിര്‍മിക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. 350 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ബുള്ളറ്റ് ട്രെയിന്റെ പതിവ് യാത്ര 320 കി.മീ വേഗതയിലാകും.
സെമി ഹൈസ്പീഡ് ട്രെയിനുകളുടെ വേഗത
നിലവില്‍ രാജ്യത്ത് ഏറ്റവും വേഗതയില്‍ പോകുന്ന ട്രെയിന്‍ വന്ദേ ഭാരത് എക്‌സ്പ്രസുകളാണ്. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ വന്ദേ ഭാരതിനേക്കാള്‍ വേഗതയിലാകും സഞ്ചരിക്കുക. സെമി ഹൈ സ്പീഡ് ട്രെയിനിനേക്കാള്‍ വേഗത്തിലാകും ബുള്ളറ്റ് ട്രെയിന്റെ യാത്ര. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് വേണ്ടിയുള്ള കോച്ചുകള്‍ നിര്‍മിക്കുന്നത് ബിഇഎംഎല്‍ ആണ്.
കഴിഞ്ഞ ദിവസമാണ് ഈ പൊതുമേഖലാ കമ്പനി കരാര്‍ നേടിയത്. കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിക്കവെയാണ് കമ്പനിയുടെ സുശക്തമായ ചുവട് എന്നതും ശ്രദ്ധേയമാണ്. 2026 ലാകും ഈ ട്രെയിനുകളും സര്‍വീസ് ആരംഭിക്കുക. വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് 160 സ്പീഡില്‍ യാത്ര ചെയ്യാന്‍ സാധിക്കും. എന്നാല്‍ സെമി ഹൈസ്പീഡ് ട്രെയിനുകള്‍ 250 മുതല്‍ 280 കി.മീ വരെ വേഗതയിലാകും സര്‍വീസ്.
സെമി ഹൈസ്പീഡ് ട്രെയിനുകള്‍ക്ക് ആവശ്യമായ കോച്ചുകള്‍ 33 മാസങ്ങള്‍ക്കകം തയ്യാറാകുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറല്‍ മാനേജര്‍ യു സുബ്ബറാവു പറഞ്ഞു. രണ്ട് ചെയര്‍ കാര്‍ ബോഗികളാണ് നിര്‍മിക്കുന്നത്. എട്ട് കോച്ചുകളാണ് ഒരു ട്രെയിനിലുണ്ടാകുക. 174 യാത്രക്കാര്‍ക്കുള്ള സീറ്റുകളുണ്ടാകും. സെമി ഹൈസ്പീഡ് ട്രെയിനുകള്‍ വരുന്നതോടെ രാജധാനി, ശതാബ്ദി ട്രെയിനുകള്‍ വഴിമാറിയേക്കും.
എല്ലാ സ്റ്റോപ്പിലും നിര്‍ത്തിയാല്‍...
മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ 508 കിലോമീറ്ററാണുള്ളത്. 351 കിലോമീറ്റര്‍ ഗുജറാത്തിലും 157 കിലോമീറ്റര്‍ മഹാരാഷ്ട്രയിലുമാണ്. ഹൈസ്പീഡ് ട്രെയിനിന് രണ്ടര മണിക്കൂറും ബുള്ളറ്റ് ട്രെയിനിന്ന് രണ്ട് മണിക്കൂറും മതിയാകും. രണ്ട് തരം ട്രെയിനുകളും ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് പ്രത്യേക ടൈം ഷെഡ്യൂള്‍ തയ്യാറാക്കും. ഈ റൂട്ടിലെ 12 സ്റ്റേഷനുകളിലും നിര്‍ത്തിയാണ് പോകുന്നതെങ്കില്‍ ബുള്ളറ്റ് ട്രെയിനിന് മൂന്ന് മണിക്കൂര്‍ യാത്രയുണ്ടാകും.
ഭാവിയില്‍ 35 ബുള്ളറ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തണം എന്നാണ് സര്‍ക്കാരിന്റെ ആലോചന. 10 കോച്ചുകളുള്ള ട്രെയിനുകള്‍ പ്രതിദിനം ഡസനിലേറെ ട്രിപ്പുകള്‍ നടത്തുന്ന നിലയിലേക്ക് എത്തിക്കും. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തിന്റെ ഗതാഗത രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംഭവിക്കുക. ബിസിനസുകള്‍ വിപുലീകരിക്കുകയും ജോലി സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.












Click it and Unblock the Notifications