മല തുരന്നു തുരങ്കം റെഡി; ഇനി കടലിന് അടിയിലൂടെ റെയില്‍ ടണല്‍, ബുള്ളറ്റ് ട്രെയിന്‍ പാത ഒരുങ്ങുന്നു
മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസിന് വേണ്ടിയുള്ള പ്രത്യേക പാതയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കുമിടയിലാണ് പാത വരുന്നത്. മണിക്കൂറില്‍ 350 കിലോമീറ്ററില്‍ ട്രെയിന്‍ ചീറിപ്പായുന്ന പാത അത്യാധുനിക സൗകര്യങ്ങളോടെയാണ് തയ്യാറാക്കുന്നത്. ചെറിയ പാളിച്ച പോലും വെല്ലുവിളിയാകുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് നിര്‍മാണം.
മുംബൈ-അഹമ്മദാബാദ് നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പാത വരുന്നത്. 508 കിലോമീറ്ററിലാണ് പാത. പിന്നീട് ഡല്‍ഹിയുമായി ബന്ധിപ്പിക്കും. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍എച്ച്എസ്ആര്‍സിഎല്‍) ആണ് പാതയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. പാതയുടെ ഭാഗമായി മല തുരന്നുള്ള ആദ്യ തുരങ്ക നിര്‍മാണം പൂര്‍ത്തിയാകുകയാണ്.

ഗുജറാത്തിലെ വല്‍സദ് ജില്ലയിലുള്ള സരോളി ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മല തുരന്നുള്ള തുരങ്കം. ഗുജറാത്തില്‍ പാതയ്ക്ക് വേണ്ടി നിര്‍മിക്കുന്ന ഏക മൗണ്ടയ്ന്‍ തുരങ്കമാണിത്. 350 മീറ്റര്‍ നീളത്തിലാണ് തുരങ്കം. 12.6 മീറ്റര്‍ വ്യാസവും 10.25 ഉയരവുമുള്ള കുതിരലാടത്തിന്റെ ആകൃതിയിലുള്ള ട്യൂബ് ആണ് തുരങ്കത്തിന്റെ സവിശേഷത.
ന്യൂ ഓസ്ട്രിയന്‍ ടണലിങ് മെത്തേഡ് (എന്‍എടിഎം) ഉപയോഗിച്ചാണ് തുരങ്കം നിര്‍മിക്കുന്നത്. നിയന്ത്രിത സ്‌ഫോടനങ്ങള്‍, ഡ്രില്ലിങ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ മാതൃക. ഭൂമിശാസ്ത്രപരമായ സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ ചില ആശങ്കകള്‍ ബാക്കിയായിരുന്നു. എങ്കിലും 10 മാസം നീണ്ട എഞ്ചിനിയര്‍മാരുടെ പ്രയത്‌നം 2023 ഒക്ടോബറിലാണ് ഫലം കണ്ടത്. പിന്നീട് പാതയുടെ നിര്‍മാണത്തിന് വേഗതയേറി.
ബുള്ളറ്റ് ട്രെയിന്‍ കടന്നുപോകുക ഇങ്ങനെ
അതിവേഗ ട്രെയിന്‍ പോകുന്ന പാതയായതിനാല്‍ നേരിയ അപാകത പോലും വലിയ പ്രതിസന്ധി തീര്‍ക്കും. അതുകൊണ്ടുതന്നെ അലൈന്‍മെന്റ് പ്രവൃത്തികള്‍ സൂക്ഷമമായിട്ടാണ് നിര്‍വഹിക്കുന്നത്. മുംബൈ അഹമ്മദാബാദ് പാതയില്‍ എട്ട് തുരങ്കങ്ങളാണ് നിര്‍മിക്കുക. ഇതില്‍ ആദ്യത്തിന്റെ നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ഏഴ് തുരങ്കങ്ങള്‍ മഹാരാഷ്ട്രയിലാണ്.
ഗുജറാത്തിലെ വല്‍സദില്‍ ഒരു തുരങ്കവും മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ ഏഴും തുരങ്കങ്ങളുമാണ് പാതയ്ക്ക് വേണ്ടി ഒരുക്കുന്നത്. മഹാരാഷ്ട്രയില്‍ നിര്‍മിക്കുന്ന ഒരു തുരങ്കം കടലിന് അടിയിലൂടെയാണ്. ഇന്ത്യയിലെ ആദ്യത്തെ കടല്‍ തുരങ്ക റെയില്‍പാതയാകുമിത്. മുംബൈക്ക് അടുത്തുള്ള താനെ ക്രീക്കിലാണ് കടലിന് അടിയിലൂടെ തുരങ്കം വരിക. മഹാരാഷ്ട്രയില്‍ മൊത്തം 21 കിലോമീറ്ററില്‍ തുരങ്കപാതയാകും.
പാതയുടെ ഭാഗമായുള്ള 15 നദീ പാലങ്ങള്‍, എട്ട് സ്റ്റീല്‍ പാലങ്ങള്‍, അഞ്ച് പിഎസ്‌സി പാലങ്ങള്‍ എന്നിവയുടെ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാത ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര-നാഗര്‍ ഹാവേലി കേന്ദ്ര ഭരണ പ്രദേശം എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. മുംബൈ, താനെ, വിരാര്‍, ബോയ്‌സര്‍, വാപി, ബില്ലിമോറ, സൂറത്ത്, ഭൗറച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബര്‍മതി എന്നിങ്ങനെ 12 സ്‌റ്റേഷനുകളാണ് പാതയിലുള്ളത്.












Click it and Unblock the Notifications